കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് ആദരവര്‍പ്പിച്ച് ബെല്‍ജിയം ടീം. 

ഫിന്‍ലന്‍ഡിനെതിരായ ഡെന്‍മാര്‍ക്കിന്റെ ആദ്യ മത്സരത്തിനിടെ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് ആശുപത്രിയില്‍ ചികിത്സയിലാണ് എറിക്സണ്‍.

ഇരു ടീമുകള്‍ക്കും കാഴ്ചക്കാര്‍ക്കും ആദരമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഭാഗമായി ബെല്‍ജിയംകാര്‍ മത്സരത്തിന്റെ പത്താം മിനിറ്റില്‍ പന്ത് പുറത്തേടിച്ചു. എറിക്‌സന്റെ ജേഴ്‌സി നമ്പര്‍ പത്തായതാണ് ഇതിന് കാരണം.

തുടര്‍ന്ന് സ്റ്റേഡിയവും താരങ്ങളും ഒന്നാകെ കൈയടിച്ച് എറിക്‌സണ് ആദരവര്‍പ്പിച്ചു. സ്റ്റേഡിയമാകെ എറിക്‌സണ് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ബാനറുകളാലും പ്ലക്കാര്‍ഡുകളാലും നിറഞ്ഞു.

യൂറോ കപ്പില്‍ ജൂണ്‍ 12-ന് നടന്ന ഡെന്‍മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെയാണ് എറിക്‌സണ്‍ മൈതാനത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ ശ്രമങ്ങളുമെല്ലാം നിറകണ്ണുകളോടെയാണ് ഫുട്ബോള്‍ ലോകം കണ്ടത്. 

ജൂണ്‍ 12-ന് ശനിയാഴ്ച ഫിന്‍ലാന്‍ഡിനെതിരായ മത്സരം 42 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. എതിര്‍ ഹാഫിലെ ത്രോയില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നോട്ടാഞ്ഞ ക്രിസ്റ്റ്യന്‍ എറിക്സന്‍ ആടിയുലഞ്ഞ് നിലത്തേക്ക് വീണു. പന്ത് എറിക്സന്റെ കാലുകളില്‍ തട്ടി പുറത്തേക്ക് പോകുന്നതും വീഡിയോകളില്‍ കാണാം.

അടുത്തുണ്ടായിരുന്ന സഹതാരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും ഫിന്‍ലന്‍ഡ് താരങ്ങള്‍ അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞ് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കളി നിയന്ത്രിച്ചിരുന്ന ആന്റണി ടെയ്ലര്‍ ഉടന്‍ തന്നെ വൈദ്യസംഘത്തെ വിളിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. ഡാനിഷ് താരങ്ങള്‍ എറിക്സന് ചുറ്റും നിന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. സംഭവത്തോടെ കാണികളും നടുക്കത്തിലായി. 15 മിനിറ്റോളം ശുശ്രൂഷ നല്‍കിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Content Highlights: UEFA Euro 2020 unique tribute to christian eriksen