റോം: യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ യൂറോ 2020-ന് ഇന്ന് തുടക്കം. രാത്രി 12.30-ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇറ്റലിയും തുര്‍ക്കിയും തമ്മിലാണ് ആദ്യ മത്സരം.

ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയതിന്റെ 60-ാം വാര്‍ഷികം പ്രമാണിച്ച് യൂറോപ്പിലെ 11 നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. സെമിഫൈനലുകളും ഫൈനലുകളും ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍. ഫൈനല്‍ ജൂലായ് 11-ന്.

ആറ് ഗ്രൂപ്പുകളിലായ് 24 ടീമുകള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ പ്രീക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പില്‍ മൂന്നാമതെത്തുന്ന നാല് ടീമുകള്‍ക്കും നോക്കൗട്ടില്‍ അവസരം.

ഒരുവശത്ത് കിരീടമോഹികളായ ഇറ്റലി. മറുവശത്ത് അട്ടിമറി വീരന്മാരായ തുര്‍ക്കി. യൂറോകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തില്‍ എ ഗ്രൂപ്പിലെ ഈ ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശകരമായ തുടക്കമാകും എന്നുറപ്പ്.

യൂറോകപ്പില്‍ ഇറ്റലിയുടെ ഒരേയൊരു കിരീടം 1968-ലായിരുന്നു. ഇത്തവണ കിരീടം മോഹിച്ച് വരുമ്പോള്‍ സമീപകാല പ്രകടനങ്ങളും മികച്ച കളിക്കാരുടെ സാന്നിധ്യവും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 2018 സെപ്റ്റംബര്‍ 10-ന് യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനോട് തോറ്റ ശേഷം 27 മത്സരത്തില്‍ ഇറ്റലി അപരാജിതര്‍. അവസാനം കളിച്ച എട്ട് മത്സരത്തിലും ജയം. യൂറോകപ്പ് യോഗ്യതാ റൗണ്ടിലെ പത്തില്‍ പത്തും ജയിച്ചു. 37 ഗോള്‍ അടിച്ചു. വഴങ്ങിയത് നാലെണ്ണം മാത്രം. 2018-ല്‍ പരിശീലകനായെത്തിയ റോബര്‍ട്ടോ മാഞ്ചീനി പരിചയസമ്പത്തും യുവത്വവും ഇടകലര്‍ത്തി ടീമിനെ മാറ്റി.

UEFA EURO 2020 Turkey vs Italy
ഇറ്റലി ടീം പരിശീലനത്തില്‍

4-3-3 അറ്റാക്കിങ് ശൈലിയിലാണ് ടീം കളിക്കുന്നത്. മുന്നേറ്റത്തില്‍ ഇന്‍സൈന്‍- സിറോ ഇമ്മൊബിലെ- ഡൊമെനിക്കോ ബെറാര്‍ഡി എന്നിവര്‍. ജോര്‍ജീന്യോ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളില്‍. നിക്കോള ബരെല്ലയും മാനുവല്‍ ലോക്കട്ടെല്ലിയും ഇരുഭാഗത്തും കളിക്കും. വെറ്ററന്‍മാരായ ലിയനാര്‍ഡോ ബന്നുച്ചിയും ജോര്‍ജിയോ കില്ലിനിയും സെന്‍ട്രല്‍ ഡിഫന്‍സിലുണ്ടാകും.

വമ്പന്‍ ടൂര്‍ണമെന്റുകളില്‍ അട്ടിമറിക്കാരെന്ന പരിവേഷം തുര്‍ക്കിക്കുണ്ട്. വെയ്ല്‍സും സ്വിറ്റ്സര്‍ലന്‍ഡും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലെത്താമെന്ന് തുര്‍ക്കി പ്രതീക്ഷിക്കുന്നു. സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്‌നം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോളണ്ടിനെ കീഴടക്കിയ ടീം ലാത്വിയയോട് സമനില വഴങ്ങി. ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സെനോള്‍ ഗുനെസിന് കഴിഞ്ഞാല്‍ ടീം മുന്നോട്ടുപോകും. 4-5-1 ശൈലിയില്‍ കളിക്കാറുള്ള ടീമിന്റെ ഏക സ്ട്രൈക്കര്‍ നായകന്‍ ബുറാക് യില്‍മസാകും. മധ്യനിരയില്‍ ഹകന്‍ കാല്‍ഹനോഗ്ലു, ഒസന്‍ തുഫാന്‍ എന്നിവരാണ് ശക്തി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-ന് തുടങ്ങേണ്ട ടൂര്‍ണമെന്റ് കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേയ്ക്ക് മാറ്റുകയായിരുന്നു. എങ്കിലും ടൂര്‍ണമെന്റിന്റെ പേര് യൂറോ 2020 എന്ന് തന്നെ നിലനിര്‍ത്തി. വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം പ്രയോഗിക്കുന്ന ആദ്യ യൂറോ ടൂര്‍ണമെന്റാണിത്.

Content Highlights: UEFA EURO 2020 Turkey vs Italy