ബാക്കു: യൂറോ കപ്പിലെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിയെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡ്. ഷെര്‍ദാന്‍ ഷാഖിരി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു സ്വിസ് ടീമിന്റെ ജയം. മൂന്നു ഗോളിനും വഴിയൊരുക്കി സ്റ്റീവന്‍ സുബറും സ്വിറ്റ്‌സര്‍ലന്‍ഡിനായി തിളങ്ങി.

ജയിച്ചെങ്കിലും പ്രീ-ക്വാര്‍ട്ടറിലെത്തുമോ എന്നറിയാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാത്തിരിക്കണം. ഗ്രൂപ്പ് എയില്‍ നിന്ന് ഇറ്റലിയും വെയ്ല്‍സുമാണ് നോക്കൗട്ട് ഉറപ്പിച്ചത്. വെയ്ല്‍സിനും സ്വിറ്റ്‌സര്‍ലന്‍ഡിനും നാലു പോയന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ സ്വിസ് ടീമിനെ മറികടന്ന് വെയ്ല്‍സ് നോക്കൗട്ടിലെത്തി. ഗ്രൂപ്പുകളിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീ-ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉള്ളതിനാല്‍ സ്വിസ് ടീമിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.

ആറാം മിനിറ്റില്‍ തന്നെ ഹാരിസ് സെഫെറോവിച്ചിലൂടെ സ്വിസ് ടീം മുന്നിലെത്തി. സ്റ്റീവന്‍ സുബറിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 

26-ാം മിനിറ്റില്‍ ഷാഖിരിയിലൂടെ സ്വിസ് ടീം ലീഡുയര്‍ത്തി. ഇത്തവണയും ഗോളിനു പിന്നില്‍ സുബറായിരുന്നു. 

62-ാം മിനിറ്റില്‍ ഇര്‍ഫാന്‍ കാവെസിയിലൂടെ തുര്‍ക്കി ഗോള്‍ മടക്കി. 68-ാം മിനിറ്റില്‍ ഷാഖിരി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോള്‍ പട്ടിക തികച്ചു. സുബര്‍ തന്നെയാണ് ഈ ഗോളിനും വഴിയൊരുക്കിയത്.

Content Highlights: UEFA Euro 2020 Switzerland vs Turkey