സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡന്‍. ജയത്തോടെ പ്രീ-ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്കായി. 

77-ാം മിനിറ്റിലായിരുന്നു മത്സരത്തില്‍ പിറന്ന ഏക ഗോള്‍. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എമില്‍ ഫോര്‍സ്ബര്‍ഗാണ് സ്വീഡനായി സ്‌കോര്‍ ചെയ്തത്. 75-ാം മിനിറ്റില്‍ സ്വീഡിഷ് താരം റോബിന്‍ ക്വയ്‌സണെ സ്ലൊവാക്യന്‍ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്ക ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.

മത്സരത്തിലുടനീളം മികച്ച ഒത്തിണക്കത്തോടെ കളിച്ച സ്വീഡന്‍ നിര മികച്ച മുന്നേറ്റങ്ങളും സൃഷ്ടിച്ചു. പക്ഷേ പലപ്പോഴും ഫിനിഷിങ്ങില്‍ അവര്‍ക്ക് പിഴച്ചു. അലക്‌സാണ്ടര്‍ ഇസാക്കാണ് സ്വീഡന്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. പലപ്പോഴും ഇസാക്കിന്റെ മുന്നേറ്റങ്ങള്‍ സ്ലൊവാക്യന്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. 

മറുവശത്ത് ഡുഡയും ഹാംഷിക്കും ചേര്‍ന്ന സ്ലൊവാക്യന്‍ മുന്നേറ്റങ്ങള്‍ പലതും സ്വീഡന്‍ നിര കൃത്യമായി പ്രതിരോധിച്ചു. 

13-ാം മിനിറ്റില്‍ സ്വീഡന്റെ ലസ്റ്റിഗും 27-ാം മിനിറ്റില്‍ ബെര്‍ജിനും ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തി.

75-ാം മിനിറ്റിലെ പ്രവൃത്തി ഒഴിച്ച് നിര്‍ത്തിയാല്‍ മികച്ച പ്രകടനവുമായി സ്ലൊവാക്യന്‍ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്കയും കളംനിറഞ്ഞു. 59-ാം മിനിറ്റില്‍ അഗസറ്റിസണിന്റെ ഹെഡര്‍ ഡുബ്രാവ്ക രക്ഷപ്പെടുത്തി. 71-ാം മിനിറ്റില്‍ ഇസാക്കിന്റെ ഷോട്ടും രക്ഷപ്പെടുത്തി ഡുബ്രാവ്ക കൈയടി നേടി.

രണ്ടാം പകുതിയിലാണ് മത്സരം മികച്ച നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. മുന്നേറ്റങ്ങളില്‍ മികച്ചുനിന്നത് സ്വീഡനായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ സ്ലൊവാക്യ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: UEFA Euro 2020 Sweden vs Slovakia Live Updates