റോം: യൂറോ കപ്പിലെ ഗ്രൂപ്പ് എയില്‍ വെയ്ല്‍സിനെ പരാജയപ്പെടുത്തി ഇറ്റലി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അസൂറികളുടെ ജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇറ്റലി പ്രീ-ക്വാര്‍ട്ടറില്‍ കടന്നു. 

തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി വെയ്ല്‍സും നോക്കൗട്ടിലെത്തി. ഗോള്‍ ശരാശരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ മറികടന്നാണ് വെയ്ല്‍സിന്റെ പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനം.

മത്സരത്തിന്റെ 39-ാം മിനിറ്റില്‍ മറ്റിയോ പെസ്സിനയാണ് ഇറ്റലിയുടെ വിജയ ഗോള്‍ നേടിയത്. മാര്‍ക്കോ വെരാറ്റിയെടുത്ത ലോ ഫ്രീകിക്ക് പെസ്സിന വലയിലെത്തിക്കുകയായിരുന്നു. തുടര്‍ച്ചയായ 30-ാം മത്സരമാണ് ഇറ്റലി പരാജയമറിയാതെ പിന്നിട്ടത്. കഴിഞ്ഞ 11 മത്സരങ്ങളില്‍ അവര്‍ ഗോള്‍ വഴങ്ങിയിട്ടുമില്ല.

എട്ടു മാറ്റങ്ങളോടെയാണ് ഇറ്റലി ഇന്ന് കളത്തിലിറങ്ങിയത്. പരിക്ക് മൂലം പുറത്തായിരുന്ന മാര്‍ക്കോ വെരാറ്റി ടീമിലെത്തി.

എട്ടു മാറ്റങ്ങള്‍ നടത്തിയെങ്കിലും മത്സരത്തിലുടനീളം ഇറ്റലി മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. 

15-ാം മിനിറ്റില്‍ എമേഴ്‌സന്റെ ഷോട്ട് വെയ്ല്‍സ് ഗോള്‍കീപ്പര്‍ ഡാനി വാര്‍ഡ് തടുത്തു. ബെലോട്ടിയും കിയെസയും ബെര്‍ണാര്‍ഡെഷിയും ചേര്‍ന്ന് വെയ്ല്‍സ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. 55-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡെഷിയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.

55-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡെഷിക്കെതിരായ ഫൗളിനാണ് ഏഥന്‍ ആംപഡുവിന് ചുവപ്പു കാര്‍ഡ് ലഭിച്ചതോടെ 10 പേരുമായാണ് വെയ്ല്‍സ് മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും വെയ്ല്‍സിനായില്ല.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: UEFA Euro 2020 Italy vs Wales Live Updates