ബുഡാപെസ്റ്റ്: യൂറോ കപ്പില്‍ മരണ ഗ്രൂപ്പായ എഫില്‍ നടന്ന പോരാട്ടത്തില്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെ സമനിലയില്‍ കുടുക്കി (1-1) ഹംഗറി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഫ്രഞ്ച് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട ഹംഗറി കിട്ടിയ അവസരം മുതലെടുത്ത് ഗോളുമടിച്ചു.

കളിയുടെ ഒഴുക്കിന് എതിരായി ആദ്യ പകുതിയുടെ അധിക സമയത്ത് അറ്റില ഫിയോളയാണ് ഹംഗറിയെ മുന്നിലെത്തിച്ചത്. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ പവാര്‍ഡ് വരുത്തിയ പിഴവ് മുതലെടുത്ത് റോളണ്ട് സല്ലായ് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. ഒറ്റയ്ക്ക് മുന്നേറിയ ഫിയോള ലോറിസിന് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിച്ചു.

മത്സരത്തിലുടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ് മോശമായതാണ് ഫ്രാന്‍സിന് വിനയായത്. ഹംഗറിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളില്‍ അവര്‍ നിരന്തരം ഫ്രാന്‍സ് ഗോള്‍മുഖം ആക്രമിച്ചു. 

എന്നാല്‍ പതിയെ താളം വീണ്ടെടുത്ത ഫ്രാന്‍സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 14-ാം മിനിറ്റില്‍ എംബാപ്പെയുടെ ഷോട്ട് ഹംഗേറിയന്‍ ഗോളി പീറ്റര്‍ ഗുലാച്ചി രക്ഷപ്പെടുത്തി. ഫ്രാന്‍സിനായി ഇടതു വിങ്ങിലൂടെ ലുക്കാസ് ഡിന്‍ ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി.

17-ാം മിനിറ്റില്‍ ഡിനിന്റെ ക്രോസില്‍ നിന്ന് ഗോള്‍ നേടാനുള്ള അവസരം എംബാപ്പെ നഷ്ടപ്പെടുത്തി. താരത്തിന്റെ ഹെഡര്‍ പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.

26-ാം മിനിറ്റില്‍ പരിക്ക് കാരണം ഹംഗറിക്ക് ആദം സലായുടെ സേവനം നഷ്ടമായി. പകരം നെമാന്‍ജ നിക്കോളിച്ച് കളത്തിലിറങ്ങി. 31-ാം മിനിറ്റില്‍ ബെന്‍സേമയും 33-ാം മിനിറ്റില്‍ എംബാപ്പെയും ഉറച്ച ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തി. തുടര്‍ന്നായിരുന്നു ഫിയോളയുടെ ഗോളില്‍ ഹംഗറി ഫ്രഞ്ച് ടീമിനെ ഞെട്ടിച്ചത്. 

എന്നാല്‍ രണ്ടാം പകുതിയില്‍ ഉസ്മാന്‍ ഡെംബെലെ ഇറങ്ങിയതോടെ ഫ്രാന്‍സ് സമനില ഗോളും കണ്ടെത്തി. ഡെംബെലെ ഇറങ്ങിയ ശേഷം 4-2-4 ഫോര്‍മേഷനിലേക്ക് മാറി ആക്രമണം കടുപ്പിച്ച ഫ്രാന്‍സ് 66-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. 

ഫ്രഞ്ച് ബോക്‌സില്‍ നിന്ന് ഹ്യൂഗോ ലോറിസ് നീട്ടിനല്‍കിയ പന്ത് സ്വീകരിച്ച് എംബാപ്പെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. എംബാപ്പെ നല്‍കിയ പാസ് ഗ്രീസ്മാന്‍ അനായാസം വലയിലെത്തിച്ചു. യൂറോ കപ്പില്‍ ഗ്രീസ്മാന്റെ ഏഴാം ഗോളായിരുന്നു ഇത്. 

തുടര്‍ന്നും ഫ്രാന്‍സ് ആക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും ഹംഗറി പ്രതിരോധം ഉറച്ചുനിന്നു. 82-ാം മിനിറ്റില്‍ എംബാപ്പെയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി പീറ്റര്‍ ഗുലാച്ചി വീണ്ടും ഹംഗറിയുടെ രക്ഷകനായി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: UEFA Euro 2020 Hungary vs France Live Updates