ലണ്ടന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ജയംകാണാനാകാതെ ഇംഗ്ലണ്ട്. ഫിഫ റാങ്കിങ്ങില്‍ 44-ാം സ്ഥാനത്തുള്ള സ്‌കോട്ട്ലന്‍ഡ് ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ കുടുക്കി.

ഫില്‍ ഫോഡനും ഹാരി കെയ്നും റഹീം സ്റ്റെര്‍ലിങ്ങും റാഷ്ഫോര്‍ഡുമെല്ലാം അടങ്ങിയ ഇംഗ്ലണ്ട് മുന്നേറ്റ നിരയെ സ്‌കോട്ട്‌ലന്‍ഡ് പ്രതിരോധം കൃത്യമായി തടഞ്ഞു. ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാകാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 

മറുവശത്ത് ഇംഗ്ലണ്ട് ആക്രമണങ്ങളെ പ്രതിരോധിച്ചതിനൊപ്പം മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും സ്‌കോട്ട്‌ലന്‍ഡിനായി. ചെ ആഡംസ് ഇംഗ്ലണ്ട് പ്രതിരോധത്തെ നിരവധി തവണ പരീക്ഷിച്ചു. 

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ ലഭിച്ച അവസരം മേസണ്‍ മൗണ്ട് നഷ്ടപ്പെടുത്തി. 22-ാം മിനിറ്റില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ടിയര്‍നിക്കും ലഭിച്ച അവസരം മുതലാക്കാന്‍ സാധിച്ചില്ല. 30-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്റ്റീഫന്‍ ഡോണ്ണെലിന്റെ ഗോളെന്നുറച്ച ഷോട്ട് പിക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി.

48-ാം മിനിറ്റില്‍ മേസണ്‍ മൗണ്ടിന്റെ മറ്റൊരു ഗോള്‍ശ്രമം സ്‌കോട്ട്‌ലന്‍ഡ് ഗോള്‍കീപ്പര്‍ മാര്‍ഷല്‍ തടഞ്ഞു.

രണ്ടാം പകുതിയില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാക്ക് ഗ്രീലിഷ് എന്നിവരെ ഇറക്കിയിട്ടും ഇംഗ്ലണ്ടിന് സ്‌കോട്ട്‌ലന്‍ഡ് പ്രതിരോധം ഭേദിക്കാനായില്ല.

Content Highlights: UEFA Euro 2020 England vs Scotland Live Updates