യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിനെതിരേ വിറച്ചുകളിച്ച ആദ്യപകുതി. പിന്നില്‍നിന്ന് പൊരുതി വിജയത്തിലേക്കുവന്ന രണ്ടാം പകുതി. ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തിന്റെ മാറ്റത്തിനു പിന്നിലുള്ള താരത്തെ കെവിന്‍ ഡിബ്രുയ്ന്‍ എന്നു വിളിക്കാം. പരിക്കുമൂലം ടൂര്‍ണമെന്റുവരെ നഷ്ടപ്പെടുമോയെന്ന് ആരാധകര്‍ ആശങ്കപ്പെട്ടിരുന്ന കാലത്തെ അതിജീവിച്ച് തിരിച്ചുവന്ന ആദ്യകളിയില്‍ ഗോളും അസിസ്റ്റുമായി ഫുട്ബോള്‍ ലോകം കൈകൂപ്പിയ പ്രകടനം.

ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ ചെല്‍സി താരം ആന്റണി റുഡിഗറുമായി കൂട്ടിയിടിച്ചുവീണ ഡിബ്രുയ്ന്റെ മൂക്കിനും കണ്‍തടങ്ങള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. മധ്യനിരതാരം ചോരയൊലിപ്പിച്ച് കളംവിട്ടപ്പോള്‍ മാഞ്ചെസ്റ്റര്‍ സിറ്റി ആരാധകര്‍ക്കൊപ്പം ബെല്‍ജിയം ആരാധകരും തലയില്‍ കൈവെച്ചുപോയി. കാരണം യൂറോ കപ്പില്‍ കിരീടം മോഹിക്കുന്ന അവരുടെ ടീമിന്റെ എല്ലാമെല്ലാം ഡിബ്രുയ്നാണ്. പരിക്കിനെപ്പറ്റി പല അഭ്യൂഹങ്ങളും പ്രചരിച്ചു. ആദ്യകളിയില്‍ കാണാതായപ്പോള്‍ അതിന് ശക്തികൂടി. എന്നാല്‍, രണ്ടാം കളിയില്‍ ഡാനിഷ് പടയുടെ കടന്നാക്രമണത്തിനുമുന്നില്‍ തോല്‍വിയെ മുഖാമുഖം കണ്ടപ്പോള്‍ പരിശീലകന്‍ റോബര്‍ട്ട് മാര്‍ട്ടിനെസ് തുറുപ്പുചീട്ട് കളത്തിലേക്കിട്ടു.

രണ്ടാംപകുതിയില്‍ ഡ്രിബ്രൂയ്ന്‍ കളത്തില്‍ വന്നപ്പോഴും ഒരു ഗോളിന്റെ ആവേശത്തില്‍ ഡെന്‍മാര്‍ക്ക് ആക്രമണ മൂഡില്‍ തന്നെയായിരുന്നു. കളിയില്‍ ആധിപത്യം തിരിച്ചുപിടിക്കുന്നതിനെക്കാള്‍ പ്രധാനം തിരിച്ചുവരവാണെന്ന് മനസ്സിലാക്കിയ ഡിബ്രുയ്നും സംഘവും എതിരാളിയെ കളിക്കാന്‍വിട്ട് പ്രത്യാക്രമണത്തിലേക്ക് തിരിഞ്ഞു. പത്തു മിനിറ്റിനകം റോമേലു ലുക്കാക്കു നല്‍കിയ പന്തിനെ രണ്ട് പ്രതിരോധനിരക്കാരുടെ വിടവിലൂടെ നല്‍കുമ്പോള്‍ ഒടിക്കയറിയ തോര്‍ഗന്‍ ഹസാര്‍ഡിന് ഫിനിഷ് ചെയ്യേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. 70-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് അളന്നുമുറിച്ച ഷോട്ടിലൂടെ ഡെന്‍മാര്‍ക്ക് വലയില്‍ പന്തെത്തിച്ച് ഡിബ്രുയ്ന്‍ വരവ് ആഘോഷിച്ചു.

ക്ലബ്ബ് ഫുട്ബോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കും അന്താരാഷ്ട്ര ഫുട്ബോളില്‍ ബെല്‍ജിയത്തിനും അനിവാര്യസാന്നിധ്യമാണ് ഡിബ്രുയ്ന്‍. കളി വിരിയിച്ചെടുക്കാന്‍ കഴിയുന്ന, ബോക്സിലേക്ക് ഗോള്‍മണമുള്ള പന്തെത്തിക്കാന്‍ കഴിയുന്ന ഓള്‍റൗണ്ടര്‍.

മൈതാനത്ത് എല്ലായിടത്തും ഡിബ്രുയ്നെ കാണാം. വിങ്ങറായി, രണ്ടാം സ്ട്രൈക്കറായി, അറ്റാക്കിങ് മിഡ്ഫീല്‍ഡറായി, ബോക്സു ടു ബോക്സ് പ്ലെയറായി, ഫാള്‍സ് നയനായി. അങ്ങനെ പല പേരുകളില്‍ പല റോളുകളില്‍. പക്ഷേ, എതിരാളികള്‍ക്കുമുന്നില്‍ ഒറ്റ പേരേയുള്ളൂ, കെവിന്‍ ഡിബ്രുയ്ന്‍.

Content Highlights: UEFA Euro 2020 De Bruyne inspires Belgium to comeback