ഗ്ലാസ്ഗൗ: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന ക്രൊയേഷ്യ - ചെക്ക് റിപ്പബ്ലിക്ക് മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

37-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പാട്രിക് ഷിക്കാണ് ചെക്ക് ടീമിനെ മുന്നിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ ഷിക്കിന്റെ മൂന്നാം ഗോളായിരുന്നു ഇത്. 33-ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ ബോക്‌സില്‍ വെച്ച് ഡെയാന്‍ ലോവ്രെന്‍ ചെക്ക് താരം പാട്രിക് ഷിക്കിന്റെ മുഖത്തിടിച്ചതിനായിരുന്നു പെനാല്‍റ്റി. 

വാര്‍ പരിശോധിച്ചാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഇതിനെതിരേ ക്രൊയേഷ്യന്‍ താരങ്ങള്‍ റഫറിയോട് പ്രതിഷേധിക്കുകയും ചെയ്തു. ലോവ്രെന് മഞ്ഞക്കാര്‍ഡും കിട്ടി. 

രണ്ടാം പകുതിയില്‍ റെബിച്ചിന് പകരം ബ്രൂണോ പെറ്റ്‌കോവിച്ചിനെയും ജോസിപ് ബ്രെക്കാളോയ്ക്ക് പകരം ലൂക്ക ഇവാനുസെക്കിനെയും കളത്തിലിറക്കിയ ക്രൊയേഷ്യ 47-ാം മിനിറ്റില്‍ തന്നെ ഗോള്‍ മടക്കി. ആന്ദ്രേ ക്രാമറിച്ച് പെട്ടെന്നെടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ക്രാമറിച്ചിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ഇവാന്‍ പെരിസിച്ച് പന്ത് വലയിലെത്തിച്ചു.

മത്സരത്തിലുടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും രണ്ടാമതൊരു ഗോള്‍ നേടാന്‍ ക്രൊയേഷ്യയ്ക്ക് സാധിച്ചില്ല. 

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ചെക്ക് റിപ്പബ്ലിക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. രണ്ടാം മിനിറ്റിലും 18-ാം മിനിറ്റിലും ക്രൊയേഷ്യന്‍ ഗോള്‍മുഖം വിറപ്പിക്കാന്‍ അവര്‍ക്കായി. 

39-ാം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം ക്രൊയേഷ്യന്‍ താരം റെബിച്ചിന് മുതലാക്കാനായില്ല. രണ്ടാം പകുതിയിലും ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതിരുന്നതോടെ ചെക്ക് ടീമിനെതിരേ ലൂക്ക മോഡ്രിച്ചും സംഘവും സമനില വഴങ്ങി. 

സമനിലയോടെ ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: UEFA Euro 2020 Croatia vs Czech Republic Live Updates