യൂറോകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ മികവുകൊണ്ട് അടയാളപ്പെടുത്തിയ പേരാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേത്. കഴിഞ്ഞതവണ പോര്‍ച്ചുഗലിനെ കിരീടത്തിലേക്ക് നയിക്കാനുമായി. ഇത്തവണ ക്രിസ്റ്റ്യാനോയെ കാത്ത് ചില റെക്കോഡുകളും നേട്ടങ്ങളും കാത്തിരിപ്പുണ്ട്.

*ഒരുതവണകൂടി പോര്‍ച്ചുഗലിനെ കിരീടത്തിലേക്ക് നയിച്ചാല്‍ സമാനതകളില്ലാത്ത താരമായി മാറും. നിലവില്‍ യൂറോകപ്പിനൊപ്പം യുവേഫ നേഷന്‍സ് ലീഗിലും ചാമ്പ്യന്‍ ടീമിന്റെ നായകനും ക്രിസ്റ്റ്യാനോയാണ്.

*യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഫ്രാന്‍സ് താരം മിഷേല്‍ പ്ലാറ്റീനിക്കൊപ്പം പങ്കുവെക്കുകയാണ്. ഒമ്പത് ഗോളാണ് ഇരുതാരങ്ങളും നേടിയത്. ഒരുതവണ കൂടി ലക്ഷ്യം കണ്ടാല്‍ റെക്കോഡ് പോര്‍ച്ചുഗല്‍താരത്തിന് സ്വന്തമാകും. 21 കളിയില്‍ നിന്നാണ് ക്രിസ്റ്റ്യാനോ ഇത്രയും ഗോളുകള്‍ നേടിയത്.

* നാല് യൂറോകപ്പില്‍ കളിച്ച ക്രിസ്റ്റ്യാനോ രണ്ട് ടൂര്‍ണമെന്റുകളില്‍ മൂന്ന് ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. ഇത് മറ്റൊരുതാരത്തിനും അവകാശപ്പെടാനില്ലാത്തതാണ്. യൂറോകപ്പിലെ വിജയങ്ങളുടെ എണ്ണത്തില്‍ സ്പാനിഷ് താരങ്ങളായ ആന്ദ്രെ ഇനിയേസ്റ്റ, സെസ്‌ക് ഫാബ്രിഗാസ് എന്നിവര്‍ക്കൊപ്പമാണ്. 11 വിജയങ്ങളാണ് മൂവര്‍ക്കുമുള്ളത്. ഫൈനല്‍ റൗണ്ടില്‍ 21 മത്സരം കളിച്ച ക്രിസ്റ്റ്യാനോ ബഹുദൂരം മുന്നിലാണ്. 18 മത്സരം കളിച്ച ജര്‍മനിയുടെ ബാസ്റ്റിന്‍ ഷ്വാന്‍സ്റ്റീഗറാണ് രണ്ടാമത്.

* ടൂര്‍ണമെന്റില്‍ അഞ്ച് ഗോള്‍കൂടി നേടിയാല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറാന്റെ അലി ദേയിയുടെ (109) റെക്കോഡിനൊപ്പമെത്താനും താരത്തിനാകും. ക്രിസ്റ്റ്യാനോയ്ക്ക് 104 ഗോളുകളാണുള്ളത്.

Content Highlights: UEFA EURO 2020 cristiano ronaldo