സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: അവസാന സെക്കന്‍ഡ് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പോളണ്ടിനെ കീഴടക്കി സ്വീഡന്‍ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഈ വിജയത്തോടെ ഗ്രൂപ്പ് ഇ യില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സ്വീഡന്‍ അവസാന 16-ല്‍ എത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയങ്ങളും ഒരു സമനിലയുമടക്കം ഏഴുപോയന്റുകളാണ് സ്വീഡന്‍ സ്വന്തമാക്കിയത്.

ആവേശം വാനോളമെത്തിയ മത്സരത്തില്‍ സ്വീഡനായി എമില്‍ ഫോഴ്‌സ്‌ബെര്‍ഗ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വിക്ടര്‍ ക്ലാസ്സണ്‍ ടീമിനായി വിജയഗോള്‍ നേടി. പോളണ്ടിനായി സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോളുകള്‍ നേടി. പോളണ്ട് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് ഫോഴ്‌സ്‌ബെര്‍ഗ് സ്വീഡന് ലീഡ് സമ്മാനിച്ചു. പ്രതിരോധനിരയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്.  ആദ്യ പകുതിയില്‍ ആ ലീഡ് കാത്തുസൂക്ഷിക്കാന്‍ സ്വീഡന് സാധിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ കളിയുടെ ഗതി മാറി. ലെവന്‍ഡോവ്‌സ്‌കിയുടെ നേതൃത്വത്തില്‍ പോളണ്ട് ആക്രമിച്ചുകളിക്കാന്‍ തുടങ്ങി. എന്നാല്‍ പോളണ്ടിനെ ഞെട്ടിച്ച് ഫോഴ്‌സ്‌ബെര്‍ഗ് രണ്ടാം ഗോള്‍ നേടി. 59-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്.

രണ്ട് ഗോള്‍ വഴങ്ങിയിട്ടും പോളണ്ട് ആക്രമിച്ചുതന്നെ കളിച്ചു. അതിന്റെ ഭാഗമായി 61-ാം മിനിട്ടില്‍ നായകന്‍ ലെവന്‍ഡോവ്‌സ്‌കി പോളണ്ടിനായി ആദ്യ ഗോള്‍ നേടി. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ താരം അതിമനോഹരമായ ഗോളാണ് സ്വന്തമാക്കിയത്. പിന്നാലെ 84-ാം മിനിട്ടില്‍ താരം രണ്ടാം ഗോള്‍ നേടിയതോടെ സ്വീഡന്‍ പ്രതിരോധത്തിലായി.

മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച സമയത്ത് ഇന്‍ജുറി ടൈമില്‍ സ്വീഡന് വേണ്ടി ഗോള്‍ നേടിക്കൊണ്ട് വിക്ടര്‍ ക്ലാസന്‍ ടീമിന്റെ രക്ഷകനായി. പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങി. സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശിച്ചു.

Content Highlights: Sweden vs Poland Euro 2020 group E