സെവിയ്യ: എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് സ്ലൊവാക്യയെ തകര്‍ത്ത് തരിപ്പണമാക്കി സ്‌പെയ്ന്‍ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോള്‍മഴ പിറന്ന മത്സരത്തില്‍ ഗ്രൂപ്പ് ഇ യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് സ്‌പെയ്ന്‍ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഇതാദ്യമായാണ് സ്‌പെയ്ന്‍ യൂറോ കപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്നത്.

അയ്‌മെറിക് ലാപോര്‍ട്ടെ, പാബ്ലോ സരാബിയ, ഫെറാന്‍ ടോറസ് എന്നിവര്‍ സ്‌പെയ്‌നിനായി സ്‌കോര്‍ ചെയ്തപ്പോള്‍ മാര്‍ട്ടിന്‍ ദുബ്രാവ്ക, ജുറാജ് കുക്ക എന്നിവരുടെ സെല്‍ഫ് ഗോളുകളും ടീമിന് തുണയായി. 

ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാനാകൂ എന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ മത്സരത്തിലുടനീളം ആക്രമണ ഫുട്‌ബോളാണ് സ്‌പെയ്ന്‍ കാഴ്ച വെച്ചത്. മൂന്നു മത്സരങ്ങളില്‍ നിന്നും അഞ്ചുപോയന്റുകളാണ് സ്‌പെയ്ന്‍ സ്വന്തമാക്കിയത്. മത്സരം ആരംഭിക്കുമ്പോള്‍ വെറും രണ്ട് പോയന്റുകള്‍ മാത്രമുള്ള സ്‌പെയ്ന്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു. തോല്‍വി വഴങ്ങിയെങ്കിലും സ്ലൊവാക്യയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും നാല് മാറ്റങ്ങളുമായാണ് സ്‌പെയ്ന്‍ ഇന്ന് സ്ലൊവാക്യയ്‌ക്കെതിരേ കളിക്കാനിറങ്ങിയത്. കോവിഡ് മുക്തനായി നായകന്‍ സെര്‍ജിയോ ബുസ്‌കെറ്റ്‌സ് ടീമില്‍ തിരിച്ചെത്തി. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് സ്‌പെയ്ന്‍ ആക്രമിച്ചാണ് കളിച്ചത്. 

നാലാം മിനിട്ടില്‍ തന്നെ സ്‌പെയ്‌നിന്റെ ആല്‍വാരോ മൊറാട്ടയ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് സ്ലൊവാക്യ ഗോള്‍കീപ്പര്‍ ദുബ്രാവ്ക കൈയ്യിലൊതുക്കി. 10-ാം മിനിട്ടില്‍ സ്‌പെയ്‌നിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. വാറിന്റെ സഹായത്തോടെയാണ് സ്‌പെയ്‌നിന് പെനാല്‍ട്ടി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത പരിചയ സമ്പന്നനായ ആല്‍വാരോ മൊറാട്ടയുടെ കിക്ക് മികച്ച ഒരു ഡൈവിലൂടെ ഗോള്‍കീപ്പര്‍ ദുബ്രാവ്ക തട്ടിയകറ്റി സ്ലൊവാക്യയുടെ രക്ഷകനായി. 

18-ാം മിനിട്ടില്‍ ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ സ്‌പെയ്‌നിന്റെ സരാബിയ നഷ്ടപ്പെടുത്തി. പാസിങ് ഗെയിമിലെ പാളിച്ചകളും ക്ലിനിക്കല്‍ സ്‌ട്രൈക്കറുടെ അഭാവവും സ്‌പെയ്‌നിനെ വല്ലാതെ ബാധിച്ചു. മറുവശത്ത് സ്ലൊവാക്യ പ്രതിരോധത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 

24-ാം മിനിട്ടില്‍ മൊറാട്ടയുടെ ശക്തിയേറിയ പോസ്റ്റിലേക്കുള്ള കിക്ക് ഗോള്‍കീപ്പര്‍ ദുബ്രാവ്ക തട്ടിയകറ്റി. ഒടുവില്‍ 30-ാം മിനിട്ടില്‍ സ്‌പെയ്ന്‍ മത്സരത്തില്‍ ലീഡെടുത്തു. സ്ലൊവാക്യ ഗോള്‍കീപ്പര്‍ ദുബ്രാവ്കയുടെ അബദ്ധമാണ് ഗോളില്‍ കലാശിച്ചത്. 

സരാബിയ എടുത്ത തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ സ്ലൊവാക്യയുടെ ക്രോസ്ബാറില്‍ തട്ടി പൊന്തി. പന്ത് പോസ്റ്റിന് താഴേയ്ക്ക് വീഴുന്നതുകണ്ട ദുബ്രാവ്ക പന്ത് പുറത്തേക്ക് തട്ടാന്‍ ശ്രമിച്ചു. എന്നാല്‍ താരം തട്ടിയത് സ്വന്തം വലയിലേക്ക് തന്നെയായിരുന്നു. ഇത് സെല്‍ഫ് ഗോളായി കലാശിച്ചു. അതുവരെ ലോകോത്തര നിലവാരമുള്ള പ്രകടനം കാഴ്ചവെച്ച ദുബ്രാവ്ക ഒറ്റ നിമിഷം കൊണ്ട് സ്ലൊവാക്യയുടെ വില്ലനായി.

ഗോള്‍ നേടിയിട്ടും ലീഡ് കൂട്ടാനാണ് സ്‌പെയ്ന്‍ ശ്രമിച്ചത്. ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ മുന്നേറ്റനിരയും മധ്യനിരയും നന്നായി പോരാടി. അതിന്റെ ഭാഗമായി സ്‌പെയ്ന്‍ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ രണ്ടാം ഗോള്‍ നേടി. 

ഇത്തവണ ഹെഡ്ഡറിലൂടെ പ്രതിരോധതാരം ലാപോര്‍ട്ടെയാണ് ഗോള്‍ നേടിയത്. ജെറാര്‍ഡ് മൊറേനോയുടെ പാസ് താരം കൃത്യമായി വലയിലെത്തിച്ചു. സ്ഥാനം തെറ്റി നിന്ന ദുബ്രവാകയ്ക്ക് ഇത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. ആദ്യ പകുതിയില്‍ ഒരു നല്ല അവസരം പോലും സൃഷ്ടിക്കാന്‍ സ്ലൊവാക്യയ്ക്ക് കഴിഞ്ഞില്ല. 

രണ്ടാം പകുതിയില്‍ സ്‌പെയ്ന്‍ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ ആക്രമിച്ച് കളിക്കാനാണ് സ്ലൊവാക്യ ശ്രമിച്ചത്. എന്നാല്‍ സ്ലൊവാക്യയുടെ ആക്രമണങ്ങള്‍ക്കിടലൂടെ സ്‌പെയ്ന്‍ മത്സരത്തിലെ മൂന്നാം ഗോള്‍ കണ്ടെത്തി.

56-ാം മിനിട്ടില്‍ പാബ്ലോ സരാബിയയാണ് സ്‌പെയ്‌നിനായി മൂന്നാം ഗോള്‍ നേടിയത്. ബോക്‌സില്‍ പ്രതിരോധ താരങ്ങള്‍ക്കിടയില്‍ നിന്ന സരാബിയയുടെം കാലിലേക്ക് കൃത്യമായി ജോര്‍ഡി ആല്‍ബ പന്തെത്തിച്ചു. പന്ത് സ്വീകരിച്ച സരാബിയ മികച്ച ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. 

മൂന്നുഗോളുകള്‍ നേടിയിട്ടും സ്‌പെയ്ന്‍ ആക്രമണത്തിന് കുറവുണ്ടായില്ല. 66-ാം മിനിട്ടില്‍ സ്ലൊവാക്യയ്‌ക്കെതിരേ സ്‌പെയ്ന്‍ നാലാം ഗോള്‍ സ്‌കോര്‍ ചെയ്തു. മൊറാട്ടയ്ക്ക് പകരം ഗ്രൗണ്ടിലെത്തിയ മുന്നേറ്റതാരം ഫെറാന്‍ ടോറസ്സാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. പകരക്കാരനായി വന്ന് ആദ്യ ടച്ചില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് ടോറസ് അത്ഭുതം സൃഷ്ടിച്ചു. സരാബിയയുടെ മികച്ച പാസില്‍ നിന്നും തകര്‍പ്പന്‍ കിക്കിലൂടെയാണ് താരം ഗോള്‍ നേടിയത്. യൂറോ ചരിത്രത്തില്‍ പകരക്കാരനായി വന്ന് അതിവേഗത്തില്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരം എന്ന റെക്കോഡും താരം സ്വന്തമാക്കി.

തൊട്ടുപിന്നാലെ സ്ലൊവാക്യയുടെ ജുറാജ് കുക്കയുടെ സെല്‍ഫ് ഗോളിലൂടെ സ്‌പെയ്ന്‍ മത്സരത്തിലെ അഞ്ചാം ഗോള്‍ നേടി. 71-ാം മിനിട്ടില്‍ സ്ലൊവാക്യന്‍ ബോക്‌സിനകത്തുവെച്ചുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ കുക്കയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി. ഇതോടെ സ്‌പെയ്ന്‍ വിജയമുറപ്പിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Spain vs Slovakia Euro 2020 group E