മാഡ്രിഡ്: യൂറോ കപ്പിനൊരുങ്ങുന്ന സ്പാനിഷ് ടീമിന് തിരിച്ചടിയായി ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് കോവിഡ്. ഞായറാഴ്ചയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് സ്പാനിഷ് ടീം. ടീമിലെ മറ്റ് താരങ്ങളെല്ലാം നെഗറ്റീവാണെന്ന് ടീം അറിയിച്ചു.

ബുസ്‌ക്വെറ്റ്‌സിന് 10 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതായിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ടൂര്‍ണമെന്റിലെ താരത്തിന്റെ പങ്കാളിത്തം സംശയത്തിലാണ്. 

ജൂണ്‍ 14-ന് സ്വീഡനെതിരെയാണ് യൂറോ കപ്പില്‍ സ്‌പെയ്‌നിന്റെ ആദ്യ മത്സരം. പോളണ്ടിനെതിരേ ജൂണ്‍ 19-നും മത്സരമുണ്ട്. രണ്ട് മത്സരങ്ങള്‍ക്കും വേദിയാകുന്നത് സെവിയ്യയാണ്. 

രോഗം  സ്ഥിരീകരിച്ചതിനു പിന്നാലെ ബുസ്‌ക്വെറ്റ്‌സിനെ മാഡ്രിഡിലെ ടീമിന്റെ പരിശീലന ക്യാമ്പില്‍ നിന്ന് മാറ്റിയതായി സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ അറിയിച്ചു. താരത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവേഫയുടെയും  പ്രാദേശിക ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളും അനുസരിച്ച് ബുസ്‌ക്വെറ്റ്‌സുമായയി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും ഐസൊലേഷനിലാക്കിയിട്ടുണ്ട്. 

മാത്രമല്ല വെള്ളിയാഴ്ച പോര്‍ച്ചുഗലിനെതിരേ നടന്ന സന്നാഹ മത്സരത്തില്‍ ബുസ്‌ക്വെറ്റ്‌സ് കളിച്ചിരുന്നു. മത്സരത്തിനു മുമ്പ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അദ്ദേഹം കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു.

Content Highlights: Spain captain Sergio Busquets tested positive for the coronavirus