ബുക്കാറെസ്റ്റ്: റഷ്യയിൽ ഫ്രാൻസ് ലോകചാമ്പ്യൻമാരായപ്പോൾ കെയ്ലിയൻ എംബാപ്പെ ആയിരുന്നു അവരുടെ രാജകുമാരൻ. എന്നാൽ യൂറോ കപ്പിൽ ആ മികവ് ആവർത്തിക്കാൻ ഫ്രഞ്ച് യുവതാരത്തിന് ആയില്ല. സ്വിറ്റ്സർലന്റിനെതിരേ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് ഫ്രാൻസ് ക്വാർട്ടർ കാണാതെ പുറത്തായപ്പോൾ എംബാപ്പെ അവരുടെ വില്ലനായി. ഷൂട്ടൗട്ടിലെ അവസാന കിക്ക് പാഴാക്കിയ എംബാപ്പെ സ്വിറ്റ്സർലന്റിനെ സ്വപ്നലോകത്ത് എത്തിച്ചു. ഇതിന് പിന്നാലെ ഫ്രഞ്ച് ഫുട്ബോളിനോടും ആരാധകരോടും താരം ക്ഷമ ചോദിച്ചു.

എന്നാൽ താരത്തിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നിറയുകയാണ്. ഈ യൂറോ കപ്പിൽ ഒറ്റ ഗോൾ പോലുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്ന എംബാപ്പെയ്ക്ക് വീണുകിട്ടിയ ഫ്രീ കിക്കുകളും ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് വിമർശനങ്ങൾക്ക് പിന്നിലെ കാരണം.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ എംബാപ്പെയുടെ മനോഭാവത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നു. 'പെനാൽറ്റി കിക്കെടുക്കാൻ വരുമ്പോൾ തന്നെ എംബാപ്പെ അതു പാഴാക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. മത്സരത്തിൽ അവസരങ്ങൾ പാഴാക്കിയതിലെ നിരാശ എംബാപ്പെയുടെ മുഖത്തുണ്ടായിരുന്നു. ഈ പെനാൽറ്റി പിഴവ് മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും പിൻഗാമിയായി വാഴ്ത്തപ്പെടുന്ന താരത്തിന്റെ ഉറക്കംകെടുത്തും.' ഗാരി നെവിൽ വ്യക്തമാക്കുന്നു.

എന്നാൽ എംബാപ്പെയെ പിന്തുണച്ച് ഫുട്ബോൾ ഇതിഹാസം പെലെ രംഗത്തെത്തി. എംബാപ്പെയോട് തല ഉയർത്തിപ്പിടിക്കാൻ പറഞ്ഞ പെലെ, നാളെ പുതിയ കുതിപ്പിന്റെ തുടക്കമാണെന്നും ട്വീറ്റ് ചെയ്തു. നിരവധി ആരാധകരാണ് പെലെയുടെ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.

അതേസമയം മുൻ ഫ്രഞ്ച് താരവും പരിശീലകനുമായ പാട്രിക് വിയേര സ്വിറ്റ്സർലന്റിനെ പുകഴ്ത്തി രംഗത്തെത്തി. ടീമെന്ന നിലയിൽ ഫ്രാൻസ് പരാജയമായിരുന്നെന്നും കളിയിൽ ഏറ്റവും മികച്ച ടീം വിജയിച്ചുവെന്നും വിയേര വ്യക്തമാക്കുന്നു. തോൽവിയുടെ ഉത്തരവാദിത്തം എംബാപ്പെയിൽ മാത്രം കെട്ടിവെയ്ക്കേണ്ടെന്നും തോൽവിയിലും ജയത്തിലും ടീമിന് തുല്ല്യ ഉത്തരവാദിത്തമാണെന്നും ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് പ്രതികരിച്ചു. :

Content Highlights: Pele on Kylian Mbappe Euro Cup Football 2020