കുഞ്ഞിമൊയ്തീന്റെ ചെമ്പന്‍ കണ്ണുകളില്‍ ഞാന്‍ കണ്ടത്  പനേങ്കയെ. അതേ കള്ളനോട്ടം, അതേ കുസൃതി, അതേ കൗശലം. തലേന്നത്തെ മാതൃഭൂമിയില്‍ നല്ല ചിമുക്കുള്ള വാക്കുകള്‍ കൊണ്ട് വിംസി മനോഹരമായി വരച്ചിട്ട രേഖാചിത്രം ഓര്‍മ്മയിലുള്ളതുകൊണ്ടാവാം.

1976-ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കരുത്തരായ ജര്‍മ്മനിക്കെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണ്ണായക കിക്ക് ഗോളാക്കി മാറ്റി ചെക്കോസ്ലോവാക്യക്ക് ചരിത്രകിരീടമുറപ്പിച്ച അന്റോണിന്‍ പനേങ്കയെപ്പോലെ, സ്‌പോട്ട് കിക്കെടുക്കാന്‍ ദൂരെ നിന്ന് കുതിരയെപ്പോലെ കുതിച്ചെത്തുന്നു കുഞ്ഞിമൊയ്തീന്‍. പന്തിനോടടുക്കവേ വേഗം കുറച്ച്,  പോസ്റ്റിന്റെ ഇടതുവശത്തേക്ക്  തൊടുക്കാനെന്ന മട്ടില്‍ ആ ഭാഗത്തേക്ക് കണ്ണെറിഞ്ഞുകൊണ്ട്, അതുല്യമായ ഒരു ഭാവാഭിനയം പുറത്തെടുക്കുന്നു അവന്‍. ആ അഭിനയചാതുരിയില്‍ മയങ്ങി ഗോളിയായ ഞാന്‍ മണ്ടനെപ്പോലെ കൈനീട്ടി ഇടത്തേക്ക് ചാഞ്ഞുവീഴവേ വലംകാലിന്റെ പെരുവിരല്‍ കൊണ്ട് പന്ത് പതുക്കെ, ഒരു പൂവിനെയെന്നോണം, നേരെ മുന്നിലേക്ക് ചിപ്പ് ചെയ്യുന്നു മൊയ്തീന്‍ ഭായി.

മന്ദതാളത്തില്‍ ഉയര്‍ന്നുതാണ് പന്ത് വലയില്‍. അവിശ്വസനീയമായ ആ കാഴ്ച്ച കണ്ട്  അന്തംവിട്ട് ഞാന്‍ പൊത്തോന്ന് നിലത്ത്. പനേങ്ക വീണ്ടും ജയിച്ചു. ഗോളി സെപ്പ് മേയര്‍ വീണ്ടും തോറ്റു.

യൂറോ കപ്പ്  2020-ന് റോമില്‍ പന്തുരുളാനിരിക്കേ വീണ്ടും പനേങ്കയെ ഓര്‍ത്തു. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പെനാല്‍റ്റി ഗോള്‍ നേടിയ മനുഷ്യന്‍ ഇപ്പോള്‍, നാലരപ്പതിറ്റാണ്ടിനിപ്പുറം എവിടെയുണ്ടെന്നറിയാന്‍ ഒരു കൗതുകം. 71-കാരനായ പനേങ്കക്ക് കോവിഡ് പിടിപെട്ടതും ആഴ്ചകളോളം പ്രേഗിലെ ഒരാശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞതും പറഞ്ഞുതന്നത് ഗൂഗിളാണ്. ആരോഗ്യപ്രശ്‌നങ്ങളുമായി വീട്ടില്‍ കഴിയുന്നു പനേങ്ക ഇപ്പോള്‍.

യൂറോ ഫൈനലിന്റെ ചരിത്രത്തിലെ ആദ്യ ഷൂട്ടൗട്ടിലായിരുന്നു പനേങ്കയുടെ ഗോളടിമഹാമഹം. എക്‌സ്ട്രാ ടൈം പിന്നിട്ടപ്പോഴും മത്സരം 2-2 ന് സമനിലയില്‍. ഷൂട്ടൗട്ടില്‍ നിര്‍ണ്ണായക കിക്കെടുക്കാന്‍ നിയുക്തനായ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ പനേങ്കയുടെ റണ്ണപ്പ്  ചരിത്രത്തിന്റെ ഭാഗമാണിന്ന്. സകല  ഊര്‍ജവും സംഭരിച്ചു  കുതിച്ചെത്തിയ പനേങ്ക പന്തിനു തൊട്ടു മുന്നിലെത്തിയതും സ്വിച്ചിട്ട പോലെ സ്പീഡ് കുറയ്ക്കുന്നു. കനത്ത ഷോട്ട് പ്രതീക്ഷിച്ചു നിന്ന ഗോള്‍കീപ്പര്‍ സെപ് മേയര്‍ ഇടതു വശത്തേക്ക് ഡൈവ് ചെയ്യുന്നതിനിടെ, പനേങ്ക പന്ത് മൃദുവായി പോസ്റ്റിന്റെ ഒത്ത നടുവിലേക്ക് ചിപ്പ് ചെയ്യുന്നു. ദുര്‍ബലമായ ആ ഷോട്ട് നേരെ വലയില്‍ ചെന്ന് വീണപ്പോള്‍  ബല്‍ഗ്രേഡിലെ ക്രവേന സ്വസ്ദ സ്റ്റേഡിയം ഗാലറികളില്‍ പടര്‍ന്ന കാതടപ്പിക്കുന്ന നിശബ്ദത ഈ  ജന്മം മറക്കാനിടയില്ല  മേയര്‍.  പൊട്ടിത്തെറിയ്ക്ക് മുന്‍പുള്ള മൗനമായിരുന്നു അത്. 7-5 ന് ജയിച്ച് ചെക്കൊസ്ലോവാക്യ ചരിത്രത്തില്‍ ആദ്യമായി, അവസാനമായും യൂറോപ്യന്‍  ജേതാക്കളായ നിമിഷം.

വയനാട്ടിലെ ഞങ്ങളുടെ കളിക്കൂട്ടുകാരനായ കുഞ്ഞിമൊയ്തീനെപ്പോലെ പില്‍ക്കാലത്ത് കളിക്കളത്തില്‍ 'പനേങ്ക' (പിന്നീടാ കിക്കിന്റെ പേര് അതായി) പരീക്ഷിച്ചവര്‍  നിരവധിയുണ്ടാകും. പക്ഷേ മൊയ്തീനെപ്പോലെ 'ഷോഡതി'യടിച്ച ഭാഗ്യശാലികള്‍ കുറവ്. ഇത്രയേറെ റിസ്‌കുള്ള മറ്റൊരു കിക്കുമില്ല ഫുട്‌ബോളില്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു ചരിത്രം. കിക്കിന്റെ മന്ദതാളം തന്നെ പ്രധാന പ്രശ്‌നം. അബദ്ധത്തില്‍ ഏതെങ്കിലും വശത്തേക്ക് ഡൈവ് ചെയ്താല്‍ പോലും ഗോളിക്ക് തിരിച്ചു സ്വന്തം പൊസിഷനിലെത്താന്‍ സമയവും സാവകാശവും നല്‍കുന്നു അത്. കിക്കെടുക്കുന്നതിന് തൊട്ടു മുന്‍പ് റണ്ണപ്പില്‍ വരുത്തുന്ന വേഗതക്കുറവും ഗോളിക്ക് അനുകൂല ഘടകം തന്നെ. അങ്ങേയറ്റം ആത്മവിശ്വാസമുള്ളവര്‍ക്കേ 'പനേങ്ക' പരീക്ഷിക്കാന്‍ ധൈര്യമുണ്ടാകൂ എന്നതാണ് സത്യം; അതിസാഹസികര്‍ക്കും. നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബിന്‍ വാന്‍ പേഴ്‌സി, സെര്‍ജിയോ അഗ്വേറോ തുടങ്ങി കൊലകൊമ്പന്മാര്‍ പലരുണ്ട് 'പനേങ്ക' അടിച്ചു തുലച്ചവരില്‍. ലക്ഷ്യം കണ്ടവരിലാകട്ടെ സിനദിന്‍ സിദാനും മെസ്സിയും മുതല്‍ നമ്മുടെ 'മുത്താ'യ സുനില്‍ ഛേത്രി വരെയുള്ളവരും.

''കൗമാരകാലത്തെ ഒരു വാശിയില്‍ നിന്നാണ് അത്തരമൊരു കിക്ക് പരീക്ഷിക്കാന്‍ ധൈര്യം കിട്ടുന്നത്,'' പില്‍ക്കാലത്ത് പരിശീലകനും ടെലിവിഷന്‍  കമന്റേറ്ററും ഒക്കെയായി പേരെടുത്ത പനേങ്ക പറയുന്നു. പ്രേഗിലെ ബൊഹീമിയന്‍ ക്ലബ്ബില്‍ കളിക്കുന്ന കാലത്ത് ഗോള്‍കീപ്പര്‍ ടെനെക് റൂസ്‌കയുമായി പന്തയം വെക്കുന്ന പതിവുണ്ടായിരുന്നു പനേങ്കയ്ക്ക്. വിസ്മയാവഹമായ മെയ്‌വഴക്കമുള്ള റൂസ്‌കയെ സ്‌പോട്ട് കിക്കിലൂടെ കീഴ്‌പ്പെടുത്തണം. അതാണ് പന്തയം. ബെറ്റ് ജയിച്ചാല്‍ പനേങ്കയ്ക്ക്  ഒരു കുപ്പി ബിയര്‍. തോറ്റാല്‍ തിരിച്ചും.''

''സ്ഥിരമായി കിക്ക് രക്ഷപ്പെടുത്തി റൂസ്‌ക ബെറ്റ് ജയിക്കും. എനിക്ക് ബിയര്‍ നഷ്ടം. മാനഹാനി വേറെ.  തോല്‍വി പതിവായപ്പോള്‍ റൂസ്‌കയെ കീഴ്‌പ്പെടുത്താന്‍ പുതിയൊരു മാര്‍ഗം കണ്ടെത്തേണ്ടത് അഭിമാനപ്രശനമായി എനിക്ക്. 99 ശതമാനം ഗോള്‍കീപ്പര്‍മാരും പെനാല്‍റ്റി കിക്ക് സ്‌പോട്ടില്‍ നിന്ന് പുറപ്പെടുന്നതിനു നിമിഷാര്‍ദ്ധം മുന്‍പെങ്കിലും ഡൈവ് ചെയ്യുന്ന ശീലക്കാരാണെന്ന കണ്ടെത്തലില്‍ നിന്നാണ് ഇത്തരമൊരു 'കപട' കിക്ക് പരീക്ഷിക്കാനുള്ള ധൈര്യം എനിക്ക് വീണുകിട്ടുന്നത്. റൂസ്‌കയുടെ കാര്യത്തില്‍ അത് നൂറു ശതമാനം ശരിയായിരുന്നു. പിന്നീട് ക്ലബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും പല തവണ ഞാന്‍ ഈ പരീക്ഷണം വിജയിപ്പിച്ചിട്ടുണ്ട്.'' - പനേങ്ക.

ജര്‍മ്മനിക്കെതിരായ  ചരിത്രപ്രസിദ്ധമായ  ഫൈനലില്‍ പനേങ്ക നിര്‍ണായക കിക്ക് എടുക്കാന്‍ സ്‌പോട്ടിലേക്ക് നടക്കവേ, ആ കാഴ്ച്ച  കാണാനുള്ള കെല്‍പ്പില്ലാതെ കണ്ണ് പൊത്തി തിരിഞ്ഞു നില്‍ക്കുകയായിരുന്നു ചെക്ക് കോച്ച് വാക്ലാവ് ജെസെക്കും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ജോസെഫ് വെന്‍ഗ്ലോസ്സും. ''ആ ഘട്ടത്തില്‍ അത്തരമൊരു ഷോട്ട് പരീക്ഷിക്കാന്‍ ധൈര്യമുള്ളവന്‍ ഒന്നുകില്‍ ഒരു ഭ്രാന്തന്‍ ആയിരിക്കും; അല്ലെങ്കില്‍ ഒരു അസാമാന്യ ജീനിയസ്.'' പനേങ്കയുടെ സാഹസത്തെ കുറിച്ച് പെലെ ഒരിക്കല്‍ പറഞ്ഞു. ഭ്രാന്തനായിരുന്നു ഞാന്‍ എന്ന് പനേങ്കയുടെ മറുപടി.

ജര്‍മ്മനിക്കെതിരായ ആ ചരിത്ര ഗോളാണ് തന്നെ മദ്യത്തിന്റെ അടിമയാക്കി മാറ്റിയതെന്ന് പറയും പനേങ്ക. ''ഫൈനല്‍ കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ശേഷം കാണുന്നവര്‍ക്കെല്ലാം എനിക്ക് മദ്യം വാങ്ങിത്തരണം. അവരുടെ ഒരു സന്തോഷത്തിന് വേണ്ടിയല്ലേ, നടക്കട്ടെ എന്ന് ഞാനും കരുതി. പക്ഷേ ഞാന്‍ പോലുമറിയാതെ മദ്യം എന്നെ കീഴടക്കുകയായിരുന്നു.''

എന്തായാലും പനേങ്കയുടെ ഗോള്‍ കൊണ്ട് ഒരു ഗുണമുണ്ടായി. ജര്‍മ്മനി ഉള്‍പ്പെടെയുള്ള ലോക ഫുട്‌ബോള്‍ ശക്തികള്‍ ഷൂട്ട് ഔട്ട് അതീവഗൗരവത്തോടെ കണ്ടു തുടങ്ങി. പെനാല്‍റ്റി അടിക്കാനും തടുക്കാനുമുള്ള പരിശീലനത്തിന് പ്രത്യേക കോച്ചുകള്‍ വന്നു. പിന്നീടങ്ങോട്ട് അപൂര്‍വമായേ പ്രധാന ടൂര്‍ണമെന്റുകളില്‍  ജര്‍മ്മനി ടൈബ്രേക്കര്‍ അടിയറ വച്ചിട്ടുള്ളൂ എന്ന് ചരിത്രം പറയുന്നു. പനേങ്കയ്ക്ക്  നന്ദി.

2006-ലെ ലോകകപ്പ് ഫൈനലിന്റെ ഏഴാം മിനുട്ടില്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ സിനദിന്‍ സിദാന്‍ നേടിയ ഗോള്‍ ഓര്‍ക്കുക. പരിചയസമ്പന്നനും പേരുകേട്ട പെനാല്‍റ്റി സ്‌പെഷ്യലിസ്റ്റുമായ ഇറ്റാലിയന്‍ കീപ്പര്‍ ജിയാന്‍ ല്യൂഗി ബുഫോണിനെ അക്ഷരാര്‍ത്ഥത്തില്‍ ''ബഫൂണ്‍'' ആക്കുകയായിരുന്നു  സിദാന്‍.

ബുഫോണിനെ പോലെ അങ്ങേയറ്റം തന്ത്രശാലിയായ ഒരു ഗോള്‍കീപ്പര്‍ക്ക് ഒരിക്കലും സംഭവിച്ചുകൂടാത്ത പിഴവ്. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ലുയി ഫിഗോയുടെയും യുറോ 2008-ല്‍ റുമേനിയയുടെ അഡ്രിയാന്‍ മ്യുട്ടുവിന്റെയും കിക്കുകള്‍ ബുഫോണ്‍ രക്ഷപ്പെടുത്തിയ ശൈലി കളിക്കമ്പക്കാര്‍ മറക്കാനിടയില്ല.

''എത്ര ജീനിയസ് ആയാലും പെനാല്‍റ്റിയില്‍ ഗോള്‍കീപ്പറെക്കാള്‍ മനശാസ്ത്രപരമായ മുന്‍തൂക്കം കിക്കെടുക്കുന്ന ആള്‍ക്ക് തന്നെയാണ്.'' - ബുഫോണ്‍ പറയുന്നു. ''കിക്കര്‍ക്കു മുന്നില്‍ നൂറുകണക്കിനാണ് സാധ്യതകള്‍. കീപ്പര്‍ക്ക് ആകെയുള്ളത് ഒരൊറ്റ സാധ്യത മാത്രം. ചില സാഹചര്യങ്ങളില്‍ അതു അരയായി കുറയാനും മതി.'' ഈ  അര്‍ധാവസരം മുതലാക്കുന്നിടത്താണ് ഏതു ഗോള്‍കീപ്പറുടെയും  വിജയം.

കുഞ്ഞിമൊയ്തീനും ചെയ്തത് അതുതന്നെ. അടിക്കാന്‍ ആഞ്ഞത് കാലു കൊണ്ടാണെങ്കിലും, അവന്‍ പന്ത് തൊടുത്തത് മനസ്സുകൊണ്ടാണ്. 'വയനാടന്‍ സെപ്പ് മേയര്‍' അമ്പേ തോറ്റുപോയതും മനസ്സുകൊണ്ടുള്ള ആ കളിയില്‍ തന്നെ.

Content Highlights: Panenka penalty iconic moments of European Championship