ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതര്‍ലന്‍ഡ്. ഗ്രൂപ്പ് സി യിലെ അവസാന മത്സരത്തില്‍ വടക്കന്‍ മാസിഡോണിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് നെതര്‍ലന്‍ഡ്‌സ് സമ്പൂര്‍ണ വിജയം സ്വന്തമാക്കിയത്. ടീം നേരത്തേ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.

നെതര്‍ലന്‍ഡ്‌സിനായി നായകന്‍ ജോര്‍ജീന്യോ വൈനാല്‍ഡം ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മെംഫിസ് ഡീപേയും സ്‌കോര്‍ ചെയ്തു. മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയതോടെ വടക്കന്‍ മാസിഡോണിയ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഈ മത്സരത്തിലൂടെ വടക്കന്‍ മാസിഡോണിയയുടെ നായകന്‍ ഗോരാന്‍ പാന്‍ഡേവ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചു.

മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ നെതര്‍ലന്‍ഡ്‌സ്  മുന്നേറ്റം നടത്തി. പന്തുമായി മുന്നേറിയ മധ്യനിരതാരം ഗ്രാവെന്‍ബെര്‍ച്ച് ഒരു ലോങ്‌റേഞ്ചര്‍ എടുത്തെങ്കിലും പന്ത് മാസിഡോണിയന്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. ഒന്‍പതാം മിനിട്ടില്‍ വടക്കന്‍ മാസിഡോണിയയുടെ ട്രിക്കോവ്‌സ്‌കി ഹോളണ്ട് വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 

12-ാം മിനിട്ടില്‍ ഹോളണ്ടിന്റെ മെംഫിസ് ഡീപേ ഒരു മുന്നേറ്റം നടത്തിയെങ്കിലും അദ്ദേഹത്തിന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 22-ാം മിനിട്ടില്‍ മാസിഡോണിയയുടെ ട്രയ്‌കോവ്‌സ്‌കിയുടെ മികച്ച ഷോട്ട് ഹോളണ്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. കളിയുടനീളം മികച്ച പ്രകടനമാണ് വടക്കന്‍ മാസിഡോണിയ കാഴ്ചവെച്ചത്. 

എന്നാല്‍ മാസിഡോണിയയുടെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ട് നെതര്‍ലന്‍ഡ് മത്സരത്തില്‍ ലീഡെടുത്തു. 24-ാം മിനിട്ടില്‍ സൂപ്പര്‍താരം മെംഫിസ് ഡീപേയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഗോള്‍ പിറന്നത്. മാസിഡോണിയന്‍ മുന്നേറ്റനിരയില്‍ നിന്നും പന്ത് റാഞ്ചിയ ഡീപേ പന്തുമായി മുന്നേറി. എതിര്‍ ഗോള്‍പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്നും പന്ത് മാലെന് കൈമാറി. മാലെന്‍ പന്ത് കൃത്യമായി ഡീപേയ്ക്ക് തിരിച്ചുനല്‍കി. പന്ത് സ്വീകരിച്ച താരം അനായാസം പന്ത് വടക്കന്‍ മാസിഡോണിയയുടെ വലയിലെത്തിച്ചു. ഇതോടെ ഹോളണ്ട് 1-0 ന് മുന്നിലെത്തി.

ഗോള്‍ നേടിതിന് തൊട്ടുപിന്നാലെ 30-ാം മിനിട്ടില്‍ ഡീപേ വീണ്ടും ആക്രമണവുമായി എത്തിയെങ്കിലും ഗോള്‍കീപ്പര്‍ ദിമിത്രിയേവ്‌സ്‌കി പന്ത് തട്ടിയകറ്റി അപകടം ഒഴിവാക്കി. 40-ാം മിനിട്ടില്‍ മാസിഡോണിയയുടെ ബാര്‍ഡിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 

രണ്ടാം പകുതിയിലും ആക്രമിച്ചുതന്നെയാണ് ഹോളണ്ട് കളിച്ചത്. 50-ാം മിനിട്ടില്‍ ഹോളണ്ട് താരം ഡിലിറ്റിന്റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോള്‍ലൈനില്‍ നിന്നും ട്രികോവ്‌സ്‌കി തട്ടിയകറ്റി. എന്നാല്‍ തൊട്ടുപിന്നാലെ നെതര്‍ലന്‍ഡ് രണ്ടാം ഗോള്‍ നേടി. ഇത്തവണ നായകന്‍ വൈനാല്‍ഡമാണ് ഗോള്‍ നേടിയത്. 

51-ാം മിനിട്ടില്‍ മാസിഡോണിയന്‍ താരങ്ങളില്‍ നിന്നും പന്ത് പിടിച്ചെടുത്ത വൈനാല്‍ഡം ഡീപേയ്ക്ക് കൈമാറി. പന്തുമായി കുതിച്ച ഡീപേ ഒരു മികച്ച ക്രോസ് വൈനാല്‍ഡത്തിന് സമ്മാനിച്ചു. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ താരത്തിന് വന്നുള്ളൂ. ഇതോടെ നെതര്‍ലന്‍ഡ് 2-0 എന്ന സ്‌കോറിന് മുന്നിലെത്തി. 

ഗോള്‍ വഴങ്ങിയതിനുപിന്നാലെ മാസിഡോണിയയ്ക്ക് മികച്ച ആംഗിളില്‍ നിന്നും ഒരു ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത ബാര്‍ഡിയുടെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ സ്റ്റെക്കെലെന്‍ബര്‍ഗ് അനായാസം തട്ടിയകറ്റി. 

പിന്നാലെ ഹോളണ്ട് മത്സരത്തിലെ മൂന്നാം ഗോള്‍ കണ്ടെത്തി. ഇത്തവണയും നായകന്‍ വൈനാല്‍ഡമാണ് ഗോള്‍ നേടിയത്. 58-ാം മിനിട്ടില്‍ പന്തുമായി മുന്നേറിയ മെംഫിസ് ഡീപേ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും അത് ഗോള്‍കീപ്പര്‍ ദിമിത്രിയേവിസ്‌കി തട്ടിയകറ്റി. എന്നാല്‍ പന്ത് നെരെയെത്തിയത് വൈനാല്‍ഡത്തിന്റെ കാലുകളിലേക്കാണ്. വീണുകിടക്കുന്ന ഗോള്‍കീപ്പറെ സാക്ഷിയാക്കി വൈനാല്‍ഡം മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി.

ഗോള്‍ നേടിയതിനുതൊട്ടുപിന്നാലെ 61-ാം മിനിട്ടില്‍ വൈനാല്‍ഡത്തിന് മറ്റൊരു അവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാന്‍ ഹോളണ്ട് നായകന് കഴിഞ്ഞില്ല. 66-ാം മിനിട്ടില്‍ പകരക്കാരനായി എത്തിയ വെഗോറ്‌സ്റ്റിന്റെ ഷോട്ട് മാസിഡോണിയന്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. 

ഈ മത്സരത്തിലൂടെ 20 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിന് ശേഷം വടക്കന്‍ മാസിഡോണിയയുടെ ഇതിഹാസതാരം ഗോരാന്‍ പാന്‍ഡേവ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചു. 68-ാം മിനിട്ടില്‍ താരത്തെ കോച്ച് തിരിച്ചുവിളിച്ചതോടെ വികാരനിര്‍ഭരമായി പാന്‍ഡേവ് ഗ്രൗണ്ടില്‍ നിന്നും ഗാലറിയിലേക്ക് മടങ്ങി. നിറഞ്ഞ കൈയ്യടികളോടെയാണ് താരത്തെ ആരാധകര്‍ യാത്രയാക്കിയത്. രാജ്യത്തിനായി 122 മത്സരങ്ങള്‍ കളിച്ച താരമാണ് പാന്‍ഡേവ്.

72-ാം മിനിട്ടില്‍ മാസിഡോണിയയുടെ ചുര്‍ളിനോവ് ഹോളണ്ട് ഗോള്‍വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. പിന്നീട് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ വടക്കന്‍ മാസിഡോണിയയ്ക്ക് കഴിഞ്ഞില്ല. വൈകാതെ നെതര്‍ലന്‍ഡ്‌സ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: Netherlands vs North Macedonia Euro 2021