സെന്റ്പീറ്റേഴ്സ്ബർഗ്: റഷ്യക്കെതിരായ മത്സരത്തിലെ ആദ്യ ഗോൾ ഡെൻമാർക്കിന്റെ ക്രിസ്റ്റ്യൻ എറിക്സണ് സമർപ്പിച്ച് ബെൽജിയം താരം റൊമേലു ലുകാകു. ഗോൾ നേടിയ ശേഷം ക്യാമറയുടെ മുന്നിൽ വന്ന് ലുകാകു. ക്രിസ്..ക്രിസ്...ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു' എന്നു പറഞ്ഞു. കൈയടിയോടെയാണ് ആരാധകർ ഈ വാക്കുകൾ സ്വീകരിച്ചത്.

ഫിൻലൻഡിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞുവീണിരുന്നു. ഞെട്ടലോടെയാണ് ഫുട്ബോൾ ആരാധകർ ആ നിമിഷം വീക്ഷിച്ചത്. ഇതിന് പിന്നാലെ എറിക്സണെ ആശുപത്രിയിലേക്ക് മാറ്റി. മത്സരം കുറച്ചുസമയത്തേക്ക് നിർത്തിവെയ്ക്കുകയും ചെയ്തു.

ക്ലബ്ബ് ഫുട്ബോളിൽ ഇന്റർമിലാനിലെ സഹതാരങ്ങളാണ് ലുകാകുവും എറിക്സണും. റഷ്യക്കെതിരായ മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ലുകാകുവിന്റെ ഗോളിലൂടെ ബെൽജിയം മുന്നിലെത്തി. റഷ്യൻ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു ഈ ഗോൾ. ലുകാകു ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ ബെൽജിയം എതിരില്ലാത്ത മൂന്നു ഗോളിന് റഷ്യയെ തോൽപ്പിച്ചു.

Content Highlights: lukaku pays tribute to stricken eriksen