വെംബ്ലി: ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് വീഴ്ത്തി ഇറ്റലി കിരീടം നേടിയപ്പോള്‍ പ്രതിരോധ താരം ലിയനാര്‍ഡൊ ബൊനൂച്ചിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്ത ഇംഗ്ലണ്ടിനെ ഇറ്റലി സമനിലയില്‍ പിടിച്ചത് രണ്ടാം പകുതിയില്‍ ബൊനൂച്ചി നേടിയ ഗോളിലാണ്. മത്സരം എക്‌സ്ട്രാ ടൈമിലേക്കും പെനാല്‍റ്റിയിലേക്കും എത്തിച്ചത് ബൊനൂച്ചി നേടിയ ഈ ഗോളാണ്.

മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും ബൊനൂച്ചി താരമായി. മേശയ്ക്ക് മുകളില്‍വെച്ച കൊക്കോകോള കുപ്പിയില്‍ നിന്ന് കോളയും ബിയര്‍ കുപ്പിയില്‍ നിന്ന് ബിയറും കുടിച്ചാണ് ബൊനൂച്ചി ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ രാത്രിയില്‍ എന്തും കുടിക്കും എന്നു വ്യക്തമാക്കിയാണ് ഇറ്റാലിയന്‍ താരം കോളയും ബിയറും കുടിച്ചത്. ഇതിന് പിന്നാലെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

യൂറോ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൊക്ക കോളയും ചര്‍ച്ചയായിരുന്നു. കോളയുടെ കുപ്പി എടുത്തുമാറ്റി വെള്ളം കുടിക്കാന്‍ ക്രിസ്റ്റ്യാനോ പരസ്യമായി ആഹ്വാനം ചെയ്യുകയായിരുന്നു.

Content Highlights: Leonardo Bonucci enjoys Coke in presser post Italys Euro triumph