മ്യൂണിക്ക്: യൂറോ കപ്പിൽ ജർമനി-ഫ്രാൻസ് മത്സരത്തിന് മുമ്പ് പാരച്യൂട്ടിൽ പറന്നിറങ്ങിയുള്ള പ്രതിഷേധത്തിൽ കാണികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. 'കിക്ക് ഔട്ട് ഓയിൽ', 'ഗ്രീൻപീസ്' എന്നെഴുതിയ മഞ്ഞ പാരച്യൂട്ടിലാണ് പ്രതിഷേധക്കാരൻ മ്യൂണിക്കിലെ അലിയൻസ് അരീന സ്റ്റേഡിയത്തിലേക്ക് പറന്നിറങ്ങിയത്. സ്റ്റേഡിയത്തിലെ ഓവർഹെഡ് ക്യാമറയുടെ വയറിൽ കുരുങ്ങി പാരച്യൂട്ട് താഴെ വീഴുകയായിരുന്നു. ഫ്രാൻസ് പരിശീലകൻ ദെഷാംപ്സിന്റെ ദേഹത്തേക്ക് അവശിഷ്ടങ്ങൾ വീഴാതിരുന്നത് തലനാരിഴയ്ക്കാണ്. കാണികൾക്കൊപ്പം പാരച്യൂട്ടിലുണ്ടായിരുന്ന പ്രതിഷേധക്കാരനും പരിക്കേറ്റു..

വീണ്ടുവിചാരമില്ലാത്ത, ഇത്രയും അപകടം നിറഞ്ഞ പ്രവൃത്തിക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് യുവേഫ വ്യക്തമാക്കി. ജർമൻ ഫുട്ബോൾ ഫെഡറേഷനും പ്രതിഷേധക്കാരെ തള്ളി രംഗത്തെത്തി. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പോലീസ് നടപടികൾ സ്വീകരിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി. സാഹചര്യം ഇതിലും മോശമായിരുന്നെങ്കിൽ മത്സരംതന്നെ ഉപേക്ഷിക്കേണ്ടി വരുമായിരുന്നെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ക്ഷമ ചോദിച്ച് ഗ്രീൻപീസ് ജർമനി ട്വീറ്റ് ചെയ്തു. യുവേഫയും ടൂർണമെന്റിലെ പ്രധാന സ്പോൺസർമാരായ റഷ്യൻ സ്റ്റേറ്റ് എനർജി കോർപറേഷനായ ഗ്യാസ്പ്രോമും ഗ്രീൻപീസിന്റെ കണ്ണിൽ കരടാണ്. നേരത്തേയും ഇവർക്കെതിരേ ഗ്രീൻപീസ് പ്രതിഷേധിച്ചിട്ടുണ്ട്. 2013-ലെ ചാമ്പ്യൻസ് ലീഗിലായിരുന്നു ഈ പ്രതിഷേധം.

Content Highlights: Kick out oil protester parachutes into Allianz Arena stadium ahead of Euro 2020 Germany vs France match