വെല്ലിങ്ടണ്‍: യൂറോ കപ്പ് ഫൈനല്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമിന്റെ മുറിവില്‍ ഉപ്പുപുരട്ടി ന്യൂസീലന്റ് ക്രിക്കറ്റ് താരങ്ങള്‍. ന്യൂസീലന്റ് ക്രിക്കറ്റ് താരം ജിമ്മി നീഷാമും മുന്‍താരവും കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസുമാണ് ട്വിറ്ററിലൂടെ പരിഹാസവുമായി രംഗത്തുവന്നത്. 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് ന്യൂസീലന്റ് തോറ്റതുമായി ബന്ധപ്പെടുത്തിയാണ് ഇരുവരുടേയും ട്വീറ്റ്.

മത്സരഫലം നിര്‍ണയിക്കാന്‍ എന്തിനാണ് പെനാല്‍റ്റി ഷൂ്ട്ടൗട്ടെന്നും ഏറ്റവും കൂടുതല്‍ പാസ് നല്‍കിയ ടീമിനെ വിജയിയായി പ്രഖ്യാപിച്ചാല്‍ മതിയായിരുന്നില്ലേ എന്നുമാണ് നീഷാമിന്റെ ട്വീറ്റ്. ഇതൊരു തമാശയായി കാണണമെന്നും ട്വീറ്റില്‍ നീഷാം പറയുന്നുണ്ട്.

'എനിക്ക് മനസ്സിലാകുന്നില്ല...ഇംഗ്ലണ്ടിനല്ലേ കൂടുതല്‍ കോര്‍ണര്‍ ലഭിച്ചത്...അതുകൊണ്ട് അവരല്ലേ ചാമ്പ്യന്‍' ഇതായിരുന്നു സ്‌കോട്ട് സ്‌റ്റൈറിസിന്റെ ട്വീറ്റ്.

ലോര്‍ഡ്‌സില്‍ 2019 ജൂലൈ 14-ന് നടന്ന ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസീലന്റും ഒരേ സ്‌കോര്‍ നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. എന്നാല്‍ സൂപ്പര്‍ ഓവറും സമനിലയിലായി. ഇതോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീം എന്ന നിലയില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായി. 

വെംബ്ലിയില്‍ നടന്ന ഇംഗ്ലണ്ട്-ഇറ്റലി യൂറോ കപ്പ് ഫൈനലില്‍ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1ന് സമനിലയില്‍ നിന്നതോടെ വിജയിയെ പ്രഖ്യാപിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമാകുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇറ്റലി 3-2ന് വിജയിച്ചു. 

Content Highlights: Jimmy Neesham & Scott Styris Draw 2019 WC Super Over Loss Connection After Euro 2020 Final