വെംബ്ലി: യൂറോകപ്പ് ഫുട്ബോളിൽ ഫൈനൽ ഉറപ്പിക്കാൻ മുൻചാമ്പ്യൻമാരായ ഇറ്റലിയും സ്പെയിനും നേർക്കുനേർ. ആദ്യ സെമിഫൈനലിൽ ചൊവ്വാഴ്ച്ച രാത്രി 12.30ന് ഇരുടീമുകളും ഏറ്റുമുട്ടും. കിരീടമോഹികളും ടൂർണമെന്റിലെ അപരാജിത ശക്തികളുമായ ടീമുകളുടെ പോരാട്ടം ഫൈനലിന് മുമ്പുള്ള ഫൈനലായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ചരിത്രം

സ്പെയിൻ മൂന്നുവട്ടവും ഇറ്റലി ഒരു തവണയും യൂറോ കപ്പ് നേടിയിട്ടുണ്ട്. സ്പാനിഷ് ടീം ഒരു തവണയും അസൂറികൾ രണ്ടു തവണയും ഫൈനലിൽ തോറ്റു. ആകെ 34 തവണ ഇരുടീമുകളും ഏറ്റുമുട്ടി. ഇക്കുറി ടൂർണമെന്റിൽ ഇറ്റലി കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചു. അവസാനം കളിച്ച 32 കളിയിലും തോൽവിയറിയാതെ മുന്നേറുകയാണവർ. ടൂർണമെന്റിൽ സ്പെയ്നിന് മൂന്നു ജയവും രണ്ട് സമനിലയുമുണ്ട്.

ബലാബലം

രണ്ടു ടീമുകളും 4-3-3 ശൈലിയിലാണ് കളിക്കുന്നത്. സ്പെയിൻ പൊസഷൻ ഫുട്ബോൾ കളിക്കുമ്പോൾ ഇറ്റലി ആക്രമണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.

പന്ത് കൈവശംവെച്ച്, പാസുകളിലൂടെ എതിരാളിയെ തളർത്തി, ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതാണ് സ്പാനിഷ് പരിശീലകൻ ലൂയി എന്റീക്കയുടെ നയം. ആദ്യ രണ്ടു മത്സരങ്ങളിൽ ഗോൾ കണ്ടെത്താതിരുന്ന ടീം മൂന്നാം മത്സരം മുതൽ ടോപ് ഗിയറിലായി. പ്രീക്വാർട്ടറിൽ എക്സ്ട്രാടൈമിലും ക്വാർട്ടറിൽ ഷൂട്ടൗട്ടിലും ജയിച്ച ടീം മാനസികമായി കരുത്തരാണെന്ന് വെളിപ്പെടുത്തി. മികച്ച മധ്യ-മുന്നേറ്റ നിരകൾ ടീമിനുണ്ട്. പ്രതിരോധത്തിൽ ചില ആശങ്കകളുണ്ട്. മധ്യനിരയിൽ പെഡ്രിയും മുന്നേറ്റത്തിൽ ഫെറാൻ ടോറസും മികച്ച പ്രകടനം നടത്തുന്നു.
പ്രതിരോധ ഫുട്ബോളിന്റെ വക്താക്കളായ ഇറ്റലിയെ ആക്രണ ഫുട്ബോൾ കളിക്കാനാണ് പരിശീലകൻ റോബർട്ടോ മാൻസീനി പഠിപ്പിച്ചത്. ടൂർണമെന്റിലെതന്നെ മികച്ച ആക്രമണ ഫുട്ബോളാണ് ടീം കാഴ്ച്ചവെയ്ക്കുന്നത്. മധ്യനിരയും മുന്നേറ്റനിരയും ഒത്തിണക്കത്തോടെ കളിക്കുന്നത് ഗുണകരമാകും. പരിചയസമ്പന്നരുള്ള ഇറ്റാലിയൻ പ്രതിരോധം ഈ ടൂർണമെന്റിൽ വേണ്ടത്ര പരീക്ഷിക്കപ്പെട്ടിട്ടില്ല. പരിക്കേറ്റ വിങ്ബാക്ക് സ്പിനാസോളയുടെ അഭാവം തിരിച്ചടിയാകും. മുന്നേറ്റത്തിൽ ലോറൻസോ ഇൻസീന്യെ, മധ്യനിരയിൽ ജോർജീന്യോ എന്നിവർ തകർപ്പൻ ഫോമിലാണ്.

ലൈനപ്പ്

പരിക്കേറ്റ ലിയനാർഡോ സ്പിനാസോളയും ലോറൻസോ പെല്ലെഗ്രീനിയും ഇറ്റലി ടീമിൽ ഉണ്ടാകില്ല. പരിക്കിലുള്ള പാബ്ലോ സറാബിയ സ്പാനിഷ് നിരയിലും കളിക്കില്ല.

Content Highlights: Italy vs Spain Euro Cup Football 2020 Semi Final