ലണ്ടന്‍: എക്‌സ്ട്രാ ടൈം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഓസ്ട്രിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇറ്റലി 2020 യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.

എക്‌സ്ട്രാ ടൈമില്‍ ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും മാത്തിയോ പെസ്സീനിയുമാണ് ഗോള്‍ നേടിയത്. സാസ കാലാസിച്ച് ഓസ്ട്രിയയുടെ ആശ്വാസഗോള്‍ നേടി. ഈ മൂന്ന് താരങ്ങളും പകരക്കാരായി കളത്തിലെത്തിയവരാണ് എന്ന പ്രത്യേകതയുണ്ട്. ക്വാര്‍ട്ടറില്‍ ബെല്‍ജിയം-പോര്‍ച്ചുഗല്‍ മത്സരത്തിലെ വിജയികളെയാണ് ഇറ്റലി നേരിടുക. തോറ്റെങ്കിലും അസൂറികളെ വെള്ളം കുടിപ്പിച്ചാണ് അലാബയും സംഘവും യൂറോ കപ്പില്‍ നിന്നും പടിയിറങ്ങുന്നത്. ഇതോടെ തുടര്‍ച്ചയായി 31-ാം മത്സരത്തിലും തോല്‍വി വഴങ്ങാതെ ഇറ്റലി കുതിപ്പ് തുടര്‍ന്നു. 

ഓസ്ട്രിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ രണ്ട് മാറ്റങ്ങളുമായാണ് ഇറ്റലി കളിക്കാനിറങ്ങിയത്. ആദ്യ മിനിട്ടില്‍ തന്നെ ഇറ്റാലിയന്‍ ഗോള്‍മുഖത്ത് ബീതിപരത്താന്‍ ഓസ്ട്രിയയ്ക്ക് സാധിച്ചു അതിനുപിന്നാലെ മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ തന്നെ ഓസ്ട്രിയയുടെ അര്‍ണോടോവിച്ച് മഞ്ഞക്കാര്‍ഡ് കണ്ടു. 

ആദ്യ മിനിട്ടുകളില്‍ ഓസ്ട്രിയ തന്നെയാണ് കളി നിയന്ത്രിച്ചത്. ഇറ്റാലിയന്‍ പ്രതിരോധത്തെ ഓസ്ട്രിയന്‍ മുന്നേറ്റനിര നിരന്തരം പരീക്ഷിച്ചു.  10-ാം മിനിട്ടില്‍ ഇറ്റലിയുടെ സ്പിനാന്‍സോള ഓസ്ട്രിയന്‍ ബോക്‌സിനകത്തേക്ക് കയറി വെടിയുണ്ട പോലൊരു ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പോയി. 13-ാം മിനിട്ടില്‍ ഇറ്റലിയുടെ ഇന്‍സീനിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ബാഷ്മാന്‍ അനായാസം കൈയ്യിലൊതുക്കി.

17-ാം മിനിട്ടില്‍ ഇറ്റലിയുടെ ബാരെല്ലയെടുത്ത ഗോളെന്നുറച്ച ഷോട്ട് ബാഷ്മാന്‍ തട്ടിയകറ്റി അപകടം ഒഴിവാക്കി. തുടക്കത്തില്‍ ഓസ്ട്രിയയാണ് കളം നിറഞ്ഞതെങ്കിലും പതിയെ ഇറ്റലി നിയന്ത്രണം ഏറ്റെടുത്തു. 

32-ാം മിനിട്ടില്‍ സീറോ ഇമ്മൊബിലെയുടെ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഓസ്ട്രിയന്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. അവിശ്വസനീയമായ ലോങ്‌റേഞ്ചറാണ് ഇമ്മൊബീലെയുടെ ബൂട്ടില്‍ നിന്നും പിറന്നത്. 42-ാം മിനിട്ടില്‍ സ്പിനാന്‍സോളയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ബാഷ്മാന്‍ രക്ഷപ്പെടുത്തി.

ആദ്യപകുതിയുടെ അവസാന മിനിട്ടില്‍ ഓസ്ട്രിയന്‍ ബോക്‌സിന് പുറത്തുനിന്നും ഇറ്റലിയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ അത് ഗോളാക്കി മാറ്റാന്‍ അസൂറികള്‍ക്ക് സാധിച്ചില്ല.

രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ഇറ്റാലിയന്‍ ബോക്‌സിന് തൊട്ടുമുന്നില്‍ വെച്ച് ഓസ്ട്രിയയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. ഓസ്ട്രിയയുടെ ബൗംഗാര്‍ട്‌നറെ ഡി ലോറെന്‍സോ വീഴ്ത്തിയതിനാണ് ഫ്രീകിക്ക് ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത നായകന്‍ അലാബയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

64-ാം മിനിട്ടില്‍ അര്‍ണോടോവിച്ചിന്റെ മികച്ച ഷോട്ട് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡോണറുമ്മ കൈയ്യിലൊതുക്കി. 65-ാം മിനിട്ടില്‍ അര്‍ണോടോവിച്ച് ഇറ്റാലിയന്‍ ഗോള്‍വല ഹെഡ്ഡറിലൂടെ ചലിപ്പിച്ചെങ്കിലും പിന്നീട് വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ അസാധുവാക്കി. ഗോള്‍ നേടുമ്പോള്‍ താരം ഓഫ്‌സൈഡ് ആയിരുന്നു. 

പേരുകേട്ട ഇറ്റാലിയന്‍ മുന്നേറ്റനിരയെ കൃത്യമായി പൂട്ടാന്‍ ഓസ്ട്രിയയ്ക്ക് സാധിച്ചു. മികച്ച ഒത്തിണക്കമാണ് അലാബയും സംഘവും കാണിച്ചത്. തുടര്‍ച്ചയായി 30 മത്സരങ്ങള്‍ തോല്‍ക്കാതെ കളിക്കാനെത്തിയ ഇറ്റലിയെ സമര്‍ഥമായി നേരിടാന്‍ ഓസ്ട്രിയയ്ക്ക് സാധിച്ചു. നിശ്ചിത സമയത്തിന്റെ അവസാന മിനിട്ടില്‍ ഓസ്ട്രിയന്‍ ബോക്‌സിനെ തൊട്ടുവെളിയില്‍ നിന്നും ഇറ്റലിയ്ക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ അസൂറികള്‍ക്ക് സാധിച്ചില്ല. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. 2020 യൂറോയില്‍ അധിക സമയത്തേക്ക് നീണ്ട ആദ്യ മത്സരമാണിത്. 

എക്‌സ്ട്രാ ടൈമില്‍ 93-ാം മിനിട്ടില്‍ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ മികച്ച ഗ്രൗണ്ടര്‍ ബാഷ്മാന്‍ കൈയ്യിലൊതുക്കി. എന്നാല്‍ തൊട്ടുപിന്നാലെ നടത്തിയ മുന്നേറ്റത്തില്‍ കിയേസ ലക്ഷ്യം കണ്ടു. 95-ാം മിനിട്ടിലാണ് താരം ഗോള്‍ നേടിയത്.

സ്പിനാസോളയുടെ പാസ് സ്വീകരിച്ച കിയേസ പന്ത് കാലിലൊതുക്കി പ്രതിരോധാതാരങ്ങളെ മറികടന്ന് ഗോള്‍കീപ്പര്‍ ബാഷ്മാന് ഒരു സാധ്യത പോലും നല്‍കാതെ മികച്ച ഒരു ഷോട്ടിലൂടെ ഗോള്‍ നേടി. രാജ്യത്തിനായി താരം നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. ബെറാഡിയ്ക്ക് പകരക്കാരനായാണ് കിയേസ ഗ്രൗണ്ടിലെത്തിയത്. 

104-ാം മിനിട്ടില്‍ ഇന്‍സീനിയുടെ അത്യുഗ്രന്‍ ഫ്രീകിക്ക് അവിശ്വസനീയമായി ഗോള്‍കീപ്പര്‍ ബാഷ്മാന്‍ തട്ടിയകറ്റി. എന്നാല്‍ തൊട്ടടുത്ത മിനിട്ടില്‍ ഇറ്റലി രണ്ടാം ഗോള്‍ സ്വന്തമാക്കി. ഇത്തവണ മാത്തിയോ പെസ്സീനയാണ് അസൂറികള്‍ക്കായി ഗോള്‍ നേടിയത്. 

105-ാം മിനിട്ടില്‍ അസെര്‍ബിയുടെ പാസ് സ്വീകരിച്ച പെസ്സീന ശക്തിയേറിയ ഷോട്ടിലൂടെ പന്ത് ഓസ്ട്രിയന്‍ വലയിലാക്കി. ഈ ഗോള്‍ കൂടി വീണതോടെ ഇറ്റലി വിജയമുറപ്പിച്ചു. 

106-ാം മിനിട്ടില്‍ ഓസ്ട്രിയയുടെ ഗ്രിഗോറിറ്റ്ഷിന്റെ ഉഗ്രന്‍ ഷോട്ട് ഡൊണറുമ്മ കൈയ്യിലൊതുക്കി. 110-ാം മിനിട്ടില്‍ ലഭിച്ച തുറന്ന അവസരം ഗോളാക്കി മാറ്റാന്‍ ഓസ്ട്രിയയുടെ സബിറ്റ്‌സര്‍ക്ക് സാധിച്ചില്ല. 

എന്നാല്‍ 114-ാം മിനിട്ടില്‍ മികച്ച ഒരു പറക്കും ഹെഡ്ഡറിലൂടെ സാസ സാസ കാലാസിച്ച് ഓസ്ട്രിയയ്ക്ക് വേണ്ടി ഒരു ഗോള്‍ തിരിച്ചടിച്ചു. ഷൗബ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ വന്ന ഇറ്റലിയുടെ വലയില്‍ ഒടുവില്‍ ഒരു ഗോള്‍ വീണു. പിന്നീട് അസൂറികളുടെ ഗോള്‍വല ചലിപ്പിക്കാന്‍ ഓസ്ട്രിയയ്ക്ക് സാധിച്ചില്ല.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Italy vs Austria Euro 2020 Pre quarter match live