ലോക റാങ്ക്- 7

നേട്ടങ്ങള്‍: ലോകകപ്പ് (1934, 1938, 1982, 2006), യൂറോകപ്പ് : (1968)

ക്യാപ്റ്റന്‍: ജോര്‍ജിയോ കില്ലിനി

പരിശീലകന്‍: റോബര്‍ട്ടോ മാഞ്ചീനി

ലോക ഫുട്ബോളില്‍ അടുത്ത കാലത്ത് ഇത്രയും സ്ഥിരതയോടെ കളിക്കുന്ന മറ്റൊരു ടീമില്ല. 2018 സെപ്റ്റംബര്‍ പത്തിന് നേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിനോട് തോറ്റശേഷം ഇറ്റലി തോല്‍വി അറിഞ്ഞിട്ടില്ല. ഇതുവരെ 27 മത്സരങ്ങളില്‍ അപരാജിതര്‍. അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ജയം. യൂറോകപ്പില്‍ എല്ലാവരും പേടിക്കേണ്ട ടീമായി ഇറ്റലി മാറിയിട്ടുണ്ട്.

പരമ്പരാഗത പ്രതിരോധ ഫുട്ബോളിന് പകരം ആക്രമിച്ചുകളിക്കുന്ന ഇറ്റലിയെയാണ് റോബര്‍ട്ടോ മാഞ്ചീനി അവതരിപ്പിക്കുന്നത്. ഓരോ പൊസിഷനിലും മികച്ച ഒന്നിലേറെ താരങ്ങളുടെ സാന്നിധ്യം. എല്ലാ മേഖലയിലും മികച്ച ഫോമിലുള്ള കളിക്കാര്‍.

ഗോള്‍കീപ്പറായി ജിയാന്‍ലുജി ഡൊന്നറുമ്മ. പ്രതിരോധത്തില്‍ പരിചയസമ്പന്നരായ ജോര്‍ജിയോ കില്ലിനി, ലിയനാര്‍ഡോ ബന്നുച്ചി എന്നിവര്‍ക്കൊപ്പം ജിയോവാനി ഡി ലോറന്‍സോ, അലെസാന്‍ഡ്രോ ബാസ്‌തോനി, അലെസാന്‍ഡ്രോ ഫ്‌ളോറന്‍സി എന്നിവര്‍ കളിക്കും. മധ്യനിരയില്‍ ജോര്‍ജീന്യോ, മാര്‍ക്കോ വെറാറ്റി, ലോറന്‍സോ പെല്ലഗ്രീനി, നിക്കോളോ ബാരെല്ല എന്നിവരുണ്ട്.

ആന്ദ്രെ ബലോട്ടി, ലോറന്‍സോ ഇന്‍സൈന്‍, ഫെഡറിക്കോ ചിയേസ, സിറോ ഇമ്മൊബിലെ, ഫെഡറിക്കോ ബെര്‍ണാഡ്ഷി എന്നിവര്‍ അണിനിരക്കുമ്പോള്‍ ഏത് പ്രതിരോധത്തിനും തലവേദനയാകും.

Content Highlights: Italy national football team Euro 2020 squad preview