വെംബ്ലി: യൂറോ കപ്പ് ഫുട്ബോളിൽ ജർമനിക്കെതിരായ പ്രീ ക്വാർട്ടറിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ ഇറങ്ങുക മഴവിൽ നിറത്തിലുള്ള ആംബാന്റ് അണിഞ്ഞ്. എൽ.ജി.ബി.ടി സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹാരി കെയ്ൻ ഈ ആംബാന്റ് അണിയുന്നത്.

ഇംഗ്ലീഷ് ജഴ്സിയിൽ ആദ്യമായാണ് കെയ്ൻ മഴവിൽ നിറത്തിലുള്ള ആംബാന്റ് അണിയുന്നത്. ജർമൻ ക്യാപ്റ്റൻ മാനുവൽ ന്യൂയർ ജൂണിൽ ഇറങ്ങിയ എല്ലാ മത്സരത്തിലും മഴവിൽ നിറത്തിലുള്ള ആംബാന്റ് അണിഞ്ഞിരുന്നു. ജൂൺ ഏഴിന് ലാത്വിയക്കെതിരേ നടന്ന മത്സരത്തിലായിരുന്നു തുടക്കം. പിന്നാലെ യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ്, പോർച്ചുഗൽ, ഹംഗറി ടീമുകൾക്കെതിരായ മത്സരത്തിലും മഴവിൽ ആംബാന്റ് അണിഞ്ഞു.

യൂറോ കപ്പിൽ ഇംഗ്ലീഷ് ക്യാപ്റ്റന് ഇതുവരെ ഫോമിലെത്താനായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ കണ്ടെത്താൻ വിഷമിച്ച ഹാരി കെയ്ൻ ജർമനിക്കെതിരേ ലക്ഷ്യം കാണാമെന്ന പ്രതീക്ഷയിലാണ്. യൂറോയിലെ ഗോൾവരൾച്ച തന്നെ അലോസരപ്പെടുത്തുന്നില്ലെന്നും കളി ജയിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും ഹാരി കെയ്ൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018 ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് ഹാരി കെയ്ൻ

Content Highlights: Harry Kane Rainbow colour arm band LGBT supportEuro 2020