റോം: യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലീഷ് യുവതാരം സാകയെ പെനാല്‍റ്റിയെടുക്കുന്നതിന് മുമ്പ് ശപിച്ചതായി ഇറ്റലിയുടെ ക്യാപ്റ്റന്‍ ജോര്‍ജിയോ കിയല്ലീനി. ഫൈനല്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കിയല്ലീനിയുടെ വെളിപ്പെടുത്തല്‍. സാക കിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് 'കിരികോച്ചോ' എന്ന വാക്കാണ് കിയല്ലീനി പറഞ്ഞത്. ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഇറ്റാലിയന്‍ ക്യാപ്റ്റന്റെ വെളിപ്പെടുത്തല്‍.

എതിരാളികളെ ശപിക്കാനും അവര്‍ക്ക് മോശം സംഭവിക്കാനും വേണ്ടി ഫുട്‌ബോള്‍ താരങ്ങള്‍ ഉപയോഗിക്കുന്ന വാക്കാണ് കിരികോച്ചോ. യുവേഫ പങ്കുവെച്ച ഷൂട്ടൗട്ട് വീഡിയോയില്‍ സാകയുടെ കിക്കില്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡോണാരുമ്മയുടെ സേവ് വരുന്നതിന് മുമ്പ്  കിരികോച്ചോ എന്ന് കിയല്ലീനി പറയുന്നത് വ്യക്തമായി കാണാം. ഈ വാക്ക് വര്‍ഷങ്ങളായി ഫുട്‌ബോള്‍ ലോകത്തുണ്ട്. 

1980-കളില്‍ അര്‍ജന്റീനന്‍ ക്ലബ്ബ് എസ്തുഡിയാന്റെ ഡെ ല പ്ലാറ്റയുടെ ആരാധകനായ കാര്‍ലോസ് കിരികോച്ചോയുമായി ബന്ധപ്പെട്ടതാണ് ഈ വാക്കിന്റെ ഉത്ഭവ കഥകള്‍. എസ്തുഡിയാന്റെ ക്ലബ്ബിന്റെ പരിശീലന സെഷനുകള്‍ കാണാന്‍ കാര്‍ലോസ് കിരികോച്ചോ സ്ഥിരമായി വരുമായിരുന്നു. ഇയാള്‍ വരുമ്പോഴെല്ലാം തന്റെ കളിക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതായി എസ്തുഡിയാന്റെ ക്ലബ്ബിന്റെ കോച്ച ബിലാര്‍ഡോയ്ക്ക് തോന്നി. ഇതോടെ കിരികോച്ചോയോട് എതിര്‍ ടീമിന്റെ പരിശീലനം കാണാന്‍ പോകാന്‍ ബിര്‍ലാര്‍ഡോ നിര്‍ദേശിച്ചു. ഇതോടെ എതിര്‍ ടീമംഗങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ തുടങ്ങി. 

ആ സീസണില്‍ ഒരു മത്സരം ഒഴികെ ബാക്കിയെല്ലാ മത്സരങ്ങളും എസ്തുഡിയാന്റെ വിജയിച്ചു. പരാജയപ്പെട്ട ഒറ്റ മത്സരത്തില്‍ എതിരാളികളുടെ പരിശീലനം കാണാന്‍ കിരികോച്ചോ പോയിരുന്നില്ല. ഇതോടെ കിരികോച്ചോ അര്‍ജന്റീനാ ഫുട്‌ബോളിന്റെ 'ശാപം' ആയി മാറി. ഇതു പിന്നീട് ലോക ഫുട്‌ബോളിലേക്ക് വ്യാപിക്കുകയായിരുന്നു. 

 

Content Highlights: Giorgio Chiellinis reason for mouthing Kiricocho when Bukayo Saka took his penalty