മ്യൂണിക്ക്: താരതമ്യേന ദുര്‍ബലരായ ഹംഗറിയോട് സമനില നേടി രക്ഷപ്പെട്ട് കരുത്തരായ ജര്‍മനി യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി പിരിഞ്ഞു. ഗ്രൂപ്പ് എഫില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ജര്‍മനി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടാണ് ജര്‍മനിയുടെ എതിരാളികള്‍.

ഗ്രൂപ്പിലെ കറുത്ത കുതിരകളായ ഹംഗറി തകര്‍പ്പന്‍ പ്രകടനമാണ് ജര്‍മനിയ്‌ക്കെതിരേ പുറത്തെടുത്തത്. ഹംഗറിയ്ക്കായി ആദം സലായിയും ആന്‍ഡ്രാസ് ഷാഫറും ഗോള്‍ നേടിയപ്പോള്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയ്ക്ക് വേണ്ടി കൈ ഹാര്‍വെര്‍ട്‌സും ലിയോണ്‍ ഗോറെട്‌സ്‌കയും സ്‌കോര്‍ ചെയ്തു. മരണ ഗ്രൂപ്പില്‍ രണ്ട് സമനിലകള്‍ നേടി തലയുയര്‍ത്തിത്തന്നെയാണ് ഹംഗറി നാട്ടിലേക്ക് മടങ്ങുന്നത്. 

ആവേശക്കൊടുമുടി കയറിയ മത്സരത്തില്‍ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് 11-ാം മിനിട്ടില്‍ ആദം സലായിയാണ് ആദ്യം വലകുലുക്കിയത്. തകര്‍പ്പന്‍ ഡൈവിലൂടെ തലകൊണ്ട് പന്ത് വലയിലേക്ക് ചെത്തിയിട്ടുകൊണ്ട് താരം ഗോള്‍ നേടി. ആ ഗോളിന്റെ ബലത്തില്‍ ആദ്യ പകുതിയില്‍ 1-0 എന്ന സ്‌കോറിന് ജര്‍മനിയെ വിറപ്പിക്കാന്‍ ഹംഗറിയ്ക്ക് സാധിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ജര്‍മനി കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടു. അതിന്റെ ഭാഗമായി 66-ാം മിനിട്ടില്‍ കൈ ഹാവെര്‍ട്‌സ് ടീമിനായി സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ ജര്‍മനിയുടെ ആശ്വാസത്തിന് വെറും രണ്ട് മിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 68-ാം മിനിട്ടില്‍ ഗോള്‍ നേടിക്കൊണ്ട് ആന്‍ഡ്രാസ് ഷാഫര്‍ വീണ്ടും ഹംഗറിയ്ക്ക് ലീഡ് സമ്മാനിച്ചു. ഈ ലീഡില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം വരെ ടീം ഉറപ്പിച്ചിരുന്നു.

എന്നാല്‍ കളിയുടെ അവസാനത്തില്‍ 84-ാം മിനിട്ടില്‍ പകരക്കാരനായി വന്ന ലിയോണ്‍ ഗോറെട്‌സോയിലൂടെ ജര്‍മനി സമനില ഗോള്‍ നേടി. ഈ ഗോള്‍ പിറന്നില്ലായിരുന്നുവെങ്കില്‍ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായേനേ. ഈ ഗോള്‍ വീണതോടെ നാലാം സ്ഥാനത്തുനിന്നും ജര്‍മനി രണ്ടാം സ്ഥാനത്തെത്തുകയും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കുകയും ചെയ്തു.

Content Highlights: Germany vs Hungary Euro 2020 group F