മ്യൂണിക്ക്:യൂറോ കപ്പില്‍ കരുത്തരായ ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് . ഗ്രൂപ്പ് എഫില്‍ നടന്ന തുല്യശക്തികളുടെ പോരാട്ടത്തില്‍ ജര്‍മന്‍ പ്രതിരോധതാരം മാറ്റ്‌സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. 

കളിയുടെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും ഗോള്‍ നേടാന്‍ ജര്‍മനിയ്ക്ക് സാധിച്ചില്ല. ലോകോത്തര താരങ്ങള്‍ അണിനിരന്ന ഫ്രാന്‍സ് ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്. നന്നായി കളിച്ചെങ്കിലും മുന്നേറ്റ നിര ഫോമിലേക്കുയരാഞ്ഞത് ജര്‍മനിയ്ക്ക് വിലങ്ങുതടിയായി. 

മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ ജര്‍മനി ആക്രമിച്ചുകളിച്ചു. പന്ത് കൈവശം വെയ്ക്കുന്നതിലും ജര്‍മന്‍ പട വിജയിച്ചു. എന്നാല്‍ പതിയെ ഫ്രാന്‍സ് കളിയില്‍ പിടിമുറുക്കി. ജര്‍മനി 3-4-3 എന്ന ശൈലിയിലും ഫ്രാന്‍സ് 4-3-3 ശൈലിയിലുമാണ് കളിച്ചത്.

ഏഴാം മിനിട്ടില്‍ തന്നെ ജര്‍മനിയുടെ ജോഷ്വ കിമ്മിച്ച് മഞ്ഞക്കാര്‍ഡ് വാങ്ങി. ആദ്യ പത്തുമിനിട്ടില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. 15-ാം മിനിട്ടില്‍ ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് അദ്ദേഹത്തിന്റെ മുതുകില്‍ തട്ടി പോസ്റ്റിന് മുകളിലൂടെ പറന്നു. 17-ാം മിനിട്ടില്‍ ജര്‍മന്‍ ബോക്‌സിനകത്തേക്ക് കുതിച്ചെത്തിയ എംബാപ്പെയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ന്യൂയര്‍ തട്ടിയകറ്റി. 

എന്നാല്‍ 20-ാം മിനിട്ടില്‍ ഫ്രാന്‍സ് മത്സരത്തില്‍ ലീഡെടുത്തു. ജര്‍മന്‍ പ്രതിരോധ താരം മാറ്റ്‌സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചത്. ഹെര്‍ണാണ്ടസിന്റെ ക്രോസില്‍ അബദ്ധത്തില്‍ കാലുവെച്ച ഹമ്മല്‍സിന്റെ ക്ലിയറന്‍സ് ഗോളില്‍ കലാശിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമില്‍ ഇടം നേടിയ ഹമ്മല്‍സിന് ഈ സെല്‍ഫ് ഗോള്‍ വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

പിന്നാലെ 24-ാം മിനിട്ടില്‍ ജര്‍മനിയ്ക്ക് പോസ്റ്റിന് തൊട്ടുമുന്നില്‍ വെച്ച് ഫ്രീകിക്ക് അവസരം ലഭിച്ചു. എന്നാല്‍ കിക്കെടുത്ത ടോണി ക്രൂസിന്റെ ഷോട്ട് ഫ്രഞ്ച് പ്രതിരോധമതിലില്‍ തട്ടിത്തെറിച്ചു. മികച്ച കളി പുറത്തെടുത്തിട്ടും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജര്‍മനി പരാജയപ്പെട്ടു. 

38-ാം മിനിട്ടില്‍ ജര്‍മനിയുടെ ഗുണ്ടോഗന് സുവര്‍ണാവസരം ലഭിച്ചിട്ടും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. അധികം വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ജര്‍മനി 4-4-2 എന്ന ശൈലിയിലേക്ക് കളി മാറ്റി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം പുറത്തെടുത്തു. 51-ാം മിനിട്ടില്‍ ഫ്രാന്‍സിന്റെ റാബിയോയുടെ ഉഗ്രന്‍ ഷോട്ട് ജര്‍മന്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. 

54-ാം മിനിട്ടില്‍ ജര്‍മനിയുടെ മുന്നേറ്റതാരം നാബ്രിയുടെ ഉഗ്രന്‍ ഷോട്ട് ഫ്രഞ്ച് ക്രോസ്ബാറിലുരുമ്മി കടന്നുപോയി. ജര്‍മനി സമനില ഗോളിനായി കിണഞ്ഞുശ്രമിച്ചു. ജര്‍മനി തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ടതോടെ ഫ്രാന്‍സ് പ്രതിരോധം വിയര്‍ത്തു. ജര്‍മനി ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ഫ്രാന്‍സ് പ്രതിരോധം ശക്തമാക്കി.

66-ാം മിനിട്ടില്‍ ഫ്രാന്‍സിന്റെ എംബാപ്പെ ജര്‍മന്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. സനെയെയും വെര്‍ണറെയും ജര്‍മനി കൊണ്ടുവന്നെങ്കിലും ഗോളടിക്കാന്‍  ടീം മറന്നു. 

85-ാം മിനിട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെ കരിം ബെന്‍സേമ ജര്‍മന്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. അവസാന മിനിട്ടുകളില്‍ ജര്‍മനി ഗോളടിക്കാന്‍ ആഞ്ഞുശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ഫ്രാന്‍സ് പ്രതിരോധനിരയെ മറികടക്കാന്‍ ജോക്കിം ലോയ്ക്കും സംഘത്തിനും സാധിച്ചില്ല.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

 

Content Highlights: Germany vs France Euro 2020, football Group F