ലോക റാങ്ക്: 12

നേട്ടങ്ങള്‍: ലോകകപ്പ് (1954, 1974, 1990, 2014), യൂറോ കപ്പ് (1972, 1980, 1996), കോണ്‍ഫെഡറേഷന്‍ കപ്പ് (2017).

ക്യാപ്റ്റന്‍: മാനുവല്‍ നൂയര്‍

പരിശീലകന്‍: ജോക്കിം ലോ

അടുത്ത കാലത്ത് സംഭവിച്ച രണ്ട് വന്‍തോല്‍വികള്‍ ജര്‍മന്‍ ടീമിന്റെ പ്രകടനത്തിനു നേരെയുള്ള ചൂണ്ടുപലകയാണ്. യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയിനോട് എതിരില്ലാത്ത ആറ് ഗോളിന് തോറ്റ ടീം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വടക്കന്‍ മാസിഡോണിയയോടും കീഴടങ്ങി.

ടീമില്‍ പ്രതിഭകള്‍ നിറയെയുണ്ടെങ്കിലും സ്ഥിരത നഷ്ടപ്പെട്ടതാണ് പരിശീലകന്‍ ലോവിനേയും കുഴക്കുന്നത്. യൂറോകപ്പിനു ശേഷം പരിശീലകവേഷം അഴിക്കുന്ന ലോവിന് കിരീടത്തോടെ യാത്രയയപ്പ് നല്‍കാന്‍ ടീമിന് കഴിയുമോയെന്നാണ് ആകാംക്ഷ. 2006 മുതല്‍ ലോവാണ് ജര്‍മനിയെ പരിശീലിപ്പിക്കുന്നത്. സുസംഘടിതമായ ടീമിനെയുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ സമീപകാലത്ത് ടീമിന്റെ പ്രകടനം ആധികാരിമല്ല. ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഹംഗറി ടീമുകള്‍ക്കൊപ്പമാണ് മുന്‍ ചാമ്പ്യന്‍മാര്‍.

തോമസ് മുള്ളര്‍, തിമോ വെര്‍ണര്‍, സെര്‍ജി നാബ്രി എന്നിവരടങ്ങിയ മുന്നേറ്റനിര മികച്ചതാണ്. ജോഷ്വ കിമ്മിച്ച്, ടോണി ക്രൂസ്, കെയ് ഹാവെര്‍ട്സ്, ലിയോണ്‍ ഗെരെറ്റ്സ്‌ക, ലിറോയ് സാനെ, എംറ ചാന്‍ എന്നിവരുള്ള മധ്യനിര അതിശക്തം. അന്റോണിയോ റുഡിഗര്‍, മാറ്റ് ഹമ്മല്‍സ്, നിക്കളാസ് സുലെ, മാഴ്സല്‍ ഹാള്‍സ്റ്റെന്‍ബര്‍ഗ് എന്നിവര്‍ കളിക്കുന്ന പ്രതിരോധവും ഭദ്രം. ഗോള്‍കീപ്പറായി നായകന്‍ മാനുവല്‍ നൂയറും. എത്രമോശം ഫോമിലാണെങ്കിലും വമ്പന്‍ ടൂര്‍ണമെന്റുകളില്‍ നിലവാരത്തിലേക്കുയരുന്നതാണ് ജര്‍മനിയുടെ ചരിത്രം.

Content Highlights: Germany national football team Euro 2020 squad preview