യൂറോ കപ്പിലെ ഗ്രൂപ്പ് എഫില്‍ ജര്‍മനിക്കെതിരേ പോര്‍ച്ചുഗലിന് ഞെട്ടുന്ന തോല്‍വി സമ്മാനിച്ചത് സെല്‍ഫ് ഗോളുകളല്ല. അത് റോബിന്‍ എവരാഡസ് ഗോസെന്‍സ് എന്ന മിഡ്ഫീല്‍ഡറാണ്. ജര്‍മനിയുടെ നാലാം ഗോള്‍ വലയിലാക്കുക മാത്രമല്ല, റൂബെന്‍ ഡെറും റാഫേല്‍ ഗ്വരെയ്‌രേരോയും അടിച്ച സെല്‍ഫ് ഗോളുകള്‍ക്ക് വിത്തുവിതച്ചതും അറ്റ്‌ലാന്റ താരമായ ഗോസെന്‍സാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ ആദ്യം ലീഡ് നേടിയ പോര്‍ച്ചുഗലിനെ തിരമാല കണക്ക് ആര്‍ത്തിരമ്പിവന്ന് ഉലച്ചുകളഞ്ഞ ഭൂരിഭാഗം ജര്‍മന്‍ ആക്രമണങ്ങളുടെയും കുന്തമുനയും ഗോസെന്‍സ് തന്നെയായിരുന്നു. തുടക്കത്തില്‍ തന്നെ ഗോസെന്‍സ് ഒരു ഡൈവിങ് വോളിയിലൂടെ സുന്ദരമായി വല കുലുക്കിയിരുന്നെങ്കിലും വഴിയില്‍ മുള്ളര്‍ പന്ത് കൈ കൊണ്ട് തൊട്ടതിനാല്‍ അത് അനുവദിക്കപ്പെട്ടില്ല.

അടിക്ക് തിരിച്ചടിപോലുള്ള ഈ ആക്രമണങ്ങള്‍ക്കും അറുപതാം മിനിറ്റില്‍ നേടിയ ഗോളിനും പിറകില്‍ ഒരു മധുരപ്രതികാരത്തിന്റെ കൂടി കഥയുണ്ട് ഗോസെന്‍സിന് പറയാന്‍. അത് മറ്റാരാടുമല്ല, പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് തന്നെ. ഒരു വലിയ അപമാനത്തിന്റെ കഥ.

ഏറെ പഴക്കമില്ല ആ കഥയ്ക്ക്. റൊണാള്‍ഡോയുടെ യുവന്റസും ഗോസെന്‍സിന്റെ അറ്റ്‌ലാന്റയും തമ്മിലുളള ഇറ്റാലിയന്‍ സീരി എ മത്സരമായിരുന്നു രംഗം. മത്സരശേഷം ഗോസെന്‍സിന് ഒരു മോഹം. അഞ്ച് ബാലണ്‍ ദ്യോര്‍ നേടിയ ഇതിഹാസതാരം ക്രിസ്റ്റ്യാനോയുടെ ജെഴ്‌സി ഒന്ന് സ്വന്തമാക്കണം. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്നൊരു മോഹമായിരുന്നു. പോരാത്തതിന് അങ്ങനെയൊരു നാട്ടുനടപ്പുണ്ടല്ലോ ഫുട്‌ബോളില്‍. കളി കഴിഞ്ഞ് ഗോസെന്‍സ് മടിക്കാതെ ചെന്നു ചോദിച്ചു. പക്ഷേ, ഞെട്ടിക്കുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ഇല്ലാ എന്ന് കടുപ്പിച്ചായിരുന്നു മറുപടി. തീര്‍ന്നില്ല. ജെഴ്‌സി ചോദിച്ച് മുന്നില്‍ നിന്ന സഹതാരത്തെ ഒന്ന് നോക്കാനുള്ള സൗമനസ്യം കാട്ടിയതുമില്ല പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍. 'ഞാന്‍ വല്ലാതെ അപമാനിക്കപ്പെട്ടതുപോലെയായി. വല്ലാതെ ചെറുതായിപ്പോയി. ആരെങ്കിലും ഇത് കണ്ടോ എന്നാണ് ആദ്യം നോക്കിയത്. ആകെ നാണംകെട്ടു. അത് മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാന്‍ ശരിക്കും പാടുപെട്ടു'-ഡ്രീംസ് ആര്‍ വേത്ത്‌വൈല്‍'  എന്ന ആത്മകഥയില്‍ ഗോസെന്‍സ് കുറിച്ചു. കഴിഞ്ഞ ദിവസം യൂറോയിലെ തകര്‍പ്പന്‍ ജയത്തിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഗോസെന്‍സ് ഇക്കാര്യം ആവര്‍ത്തിച്ചു.

പതിനഞ്ചാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ ഒരു പാസ് പിടിച്ചെടുത്ത് ഡിയോഗോ ജോട്ട നല്‍കിയ ക്രോസ് പോസ്റ്റിന് മുന്നില്‍ ഒന്ന് വെറുതെ കണക്ട് ചെയ്താണ് ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. ജര്‍മനി ആധിപത്യം പുലര്‍ത്തിയ മത്സരത്തിലെ പോര്‍ച്ചുഗലിന്റെ ആദ്യ നീക്കമായിരുന്നു ഇത്. പിന്നീട് മുപ്പത്തിയഞ്ചാം മിനിറ്റില്‍ റൂബെന്‍ ഡയസിന്റെയും നാലു മിനിറ്റിനുള്ളില്‍ റാഫേല്‍ ഗ്വരെയ്‌രോയുടെയും കാലുകള്‍ പിഴച്ചതോടെ പോര്‍ച്ചുഗല്‍ പ്രതിരോധത്തിലായി. അമ്പത്തിയൊന്നാം മിനിറ്റില്‍ ഹെവെറ്റ്‌സ് മൂന്നാം ഗോള്‍ നേടി വിജയമുറപ്പിച്ചു. അറുപതാം മിനിറ്റില്‍ ഗോസെന്‍സ് അവസാന ആണിയുമടിച്ചു.

 ഗ്രൂപ്പ് എഫില്‍ മൂന്ന് പോയിന്റുള്ള പോര്‍ച്ചുഗല്‍ ഇപ്പോള്‍ ഫ്രാന്‍സിനും ജര്‍മനിക്കുമൊപ്പം മൂന്നാമതാണ്. ഒരു പോയിന്റ് മാത്രമുള്ള ഹംഗറി മാത്രമാണ് പിന്നില്‍.

Content Highlights: Germany Gosens goal against Portugal in Euro2020 a revenge on Ronaldo