ബുഡാപെസ്റ്റ്: നിര്‍ണായകമായ മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കി ഫ്രാന്‍സ് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.  ഗ്രൂപ്പ് എഫില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. തോറ്റെങ്കിലും ഗ്രൂപ്പില്‍ നിന്നും മൂന്നാം സ്ഥാനക്കാരായി പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ആവേശം അലതല്ലിയ മത്സരത്തില്‍ ഫ്രാന്‍സിനായി കരിം ബെന്‍സേമയും പോര്‍ച്ചുഗലിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇരട്ട ഗോളുകള്‍ നേടി.

മത്സരം തുടങ്ങിയപ്പോള്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ചാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ദുര്‍ബലമായ ഹെഡ്ഡര്‍ ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് അനായാസം കൈയ്യിലൊതുക്കി.

15-ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ റൂയി പാട്രീഷ്യോ മാത്രം മുന്നില്‍ നില്‍ക്കേ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഗോളെന്നുറച്ച കിക്ക് പാട്രീഷ്യോ തകര്‍പ്പന്‍ സേവിലൂടെ രക്ഷപ്പെടുത്തി. 

27-ാം മിനിട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ഡാനിലോ പെരേരയെ ഗോള്‍കീപ്പര്‍ ലോറിസ് ഫൗള്‍ ചെയ്തതിന്റെ ഫലമായാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. ലോറിസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

പോര്‍ച്ചുഗലിനായി നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പെനാല്‍ട്ടി കിക്കെടുത്തത്. 31-ാം മിനിട്ടില്‍ ലോറിസിന് ഒരു സാധ്യതയും നല്‍കാതെ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് പന്ത് അടിച്ചുകയറ്റി റൊണാള്‍ഡോ പോര്‍ച്ചുഗലിന് മത്സരത്തില്‍ ലീഡ് സമ്മാനിച്ചു. താരത്തിന്റെ 108-ാം അന്താരാഷ്ട്ര ഗോളാണിത്. പോര്‍ച്ചുഗലിനായി അവസാന 45 മത്സരങ്ങളില്‍ റൊണാള്‍ഡോ നേടുന്ന 47-ാം ഗോളുമാണിത്. 

ഗോള്‍ വഴങ്ങിയതോടെ ഫ്രാന്‍സ് ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചു. എന്നാല്‍ ഫ്രഞ്ച് മുന്നേറ്റനിരയെ പറങ്കിപ്പട സമര്‍ഥമായി തന്നെ നേരിട്ടു. എന്നാല്‍ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ കിലിയന്‍ എംബാപ്പെയെ പോര്‍ച്ചുഗല്‍ ബോക്‌സില്‍ വെച്ച് സെമെയ്‌ദോ ഫൗള്‍ ചെയ്തതിന് ഫ്രാന്‍സിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു.

കരിം ബെന്‍സേമയാണ് ഫ്രാന്‍സിനായി കിക്കെടുത്തത്. ഗോള്‍കീപ്പര്‍ റൂയി പാട്രീഷ്യോയെ കബിളിപ്പിച്ച് ബെന്‍സേമ പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1 എന്ന സ്‌കോറില്‍ സമനില പാലിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് ലീഡെടുത്തു. ഇത്തവണയും കരിം ബെന്‍സേമയാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്. 48-ാം മിനിട്ടില്‍ സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ അതിമനോഹരമായ പാസ് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് കയറിയ ബെന്‍സേമ ഗോള്‍കീപ്പര്‍ പാട്രീഷ്യോയ്ക്ക് അവസരം നല്‍കാതെ പന്ത് പോര്‍ച്ചുഗല്‍ പോസ്റ്റിലേക്കടിച്ചു. വലതുവശത്തുനിന്നും എടുത്ത ഷോട്ട് ഇടത്തേ പോസ്റ്റിലിടിച്ച് വലയില്‍ കയറി. ഇതോടെ ഫ്രാന്‍സ് 2-1 എന്ന സ്‌കോറിന് മുന്നിലെത്തി. 

എന്നാല്‍ ഫ്രാന്‍സിന്റെ ആഹ്ലാദത്തിന് മിനിട്ടുകള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 60-ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെതിരേ സമനില ഗോള്‍ നേടി. ഇത്തവണയും പെനാല്‍ട്ടിയിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ബോക്‌സിനകത്തുവെച്ച് ഫ്രഞ്ച് പ്രതിരോധതാരം കൗണ്ടെയുടെ കൈയില്‍ പന്ത് തട്ടിയതിന്റെ ഫലമായാണ് പോര്‍ച്ചുഗലിന് പെനാല്‍ട്ടി ലഭിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോ പന്ത് പായിച്ചത് വലയിലേക്ക് മാത്രമല്ല മറ്റൊരു അപൂര്‍വമായ റെക്കോഡിലേക്കാണ്. ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരം എന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഇറാന്‍ താരം അലി ദായിയുടെ റെക്കോഡിനൊപ്പമാണ് താരമെത്തിയത്. താരത്തിന്റെ 109-ാം ഗോളായിരുന്നു ഇത്.

മറ്റൊരു റെക്കോഡും റൊണാള്‍ഡോ ഇതുവഴി സ്വന്തമാക്കി. യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോള്‍ നേടുന്ന യൂറോപ്യന്‍ താരം എന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 21 ഗോളുകള്‍ നേടിക്കൊണ്ടാണ് റൊണാള്‍ഡോ റെക്കോഡിട്ടത്.

ഗോള്‍ വീണതോടെ മത്സരം ആവേശക്കൊടുമുടിയിലായി. 68-ാം മിനിട്ടില്‍ അവിശ്വസനീയമായ സേവ് നടത്തിക്കൊണ്ട് റൂയി പാട്രീഷ്യോ പോര്‍ച്ചുഗലിന്റെ വീരനായി മാറി. പോള്‍ പോഗ്ബയുടെയും ആന്റോയിന്‍ ഗ്രീസ്മാന്റെയും ഗോളെന്നുറച്ച രണ്ട് ഷോട്ടുകളാണ് പാട്രീഷ്യോ തുടരെത്തുടരെ തട്ടിയകറ്റിയത്. പിന്നാലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു കളിച്ചെങ്കിലും പിന്നീടൊരു ഗോള്‍ നേടാനായില്ല. മത്സരം സമനിലയില്‍ കലാശിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: France vs Portugal 2020 Euro group F