സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: യൂറോ കപ്പില്‍ റഷ്യയ്ക്കെതിരായ മത്സരത്തിനു മുമ്പ് ഫുട്ബോള്‍ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി ഫിന്‍ലന്‍ഡ് താരങ്ങള്‍. പരിശീലന സമയത്ത് അണിഞ്ഞ ഒരു ടീ ഷര്‍ട്ടാണ് ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ചത്.

ഇത്തവണത്തെ യൂറോ കപ്പില്‍ ജൂണ്‍ 12-ന് നടന്ന ഡെന്‍മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് ജിവിതത്തിലേക്ക് തിരിച്ചെത്തിയ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് വേണ്ടിയാണ് താരങ്ങള്‍ ഈ പ്രത്യേക ടീ ഷര്‍ട്ട് അണിഞ്ഞത്. ആ ടീ ഷര്‍ട്ടില്‍ ഇങ്ങനെ എഴുതിയിരുന്നു 'Get Well Christian' (ക്രിസ്റ്റ്യന്‍ സുഖം പ്രാപിക്കൂ). 

ഈ ടീ ഷര്‍ട്ട് ധരിച്ച് കളത്തിലിറങ്ങിയ ഫിന്‍ലന്‍ഡ് ടീമിനെ നിറഞ്ഞ കൈയടികളോടെയാണ് ആ സമയം സ്‌റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ വരവേറ്റത്. താരങ്ങള്‍ പരിശീലന സമയത്ത് അണിഞ്ഞ ടീ ഷര്‍ട്ട് ചുരുങ്ങിയ സമയം കൊണ്ട് ലോകമെമ്പാടും വൈറലായി.

Euro 2020 Finland players wear Get Well Christian t-shirts

അന്നത്തെ മത്സരത്തിനിടെ ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞുവീണതും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ ശ്രമങ്ങളുമെല്ലാം നിറകണ്ണുകളോടെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. 

ആരാധകരുടെ പ്രാര്‍ഥനകളുടെ ഫലമായി എറിക്സണ്‍ ജീവിതത്തിന്റെ കളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അന്ന് മൈതാനത്ത് ഫിന്‍ലന്‍ഡ് താരങ്ങളുടെയും ഫിന്‍ലന്‍ഡ് ആരാധകരുടെയും പെരുമാറ്റവും ഫുട്‌ബോള്‍ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മത്സരത്തില്‍ ജയിച്ച ഫിന്‍ലന്‍ഡ് ടീം ഗോളടിച്ച ശേഷവും മത്സരം അവസാനിച്ച ശേഷവും യാതൊരുവിധ ആഘോഷത്തിനും മുതിര്‍ന്നിരുന്നില്ല.

ജൂണ്‍ 12-ന് ശനിയാഴ്ച ഫിന്‍ലാന്‍ഡിനെതിരായ മത്സരം 42 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. എതിര്‍ ഹാഫിലെ ത്രോയില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നോട്ടാഞ്ഞ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ആടിയുലഞ്ഞ് നിലത്തേക്ക് വീണു. പന്ത് എറിക്‌സന്റെ കാലുകളില്‍ തട്ടി പുറത്തേക്ക് പോകുന്നതും വീഡിയോകളില്‍ കാണാം.

അടുത്തുണ്ടായിരുന്ന സഹതാരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും ഫിന്‍ലന്‍ഡ് താരങ്ങള്‍ അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞ് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കളി നിയന്ത്രിച്ചിരുന്ന ആന്റണി ടെയ്‌ലര്‍ ഉടന്‍ തന്നെ വൈദ്യസംഘത്തെ വിളിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. ഡാനിഷ് താരങ്ങള്‍ എറിക്‌സന് ചുറ്റും നിന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. സംഭവത്തോടെ കാണികളും നടുക്കത്തിലായി. 15 മിനിറ്റോളം ശുശ്രൂഷ നല്‍കിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

തുടര്‍ന്ന് താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുവേഫ അറിയിച്ചു. മത്സരം റദ്ദാക്കിയതായി അറിയിപ്പ് വന്നെങ്കിലും ഇരു ടീമിലെയും താരങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മത്സരം പുനരാരംഭിക്കുകയും ചെയ്തു.

Content Highlights: Finland jersey for Eriksen, Finland football team euro 2020