യൂറോ കപ്പില്‍ ഇറ്റലി-സ്‌പെയിന്‍ പോരാട്ടം എക്‌സ്ട്രാ ടൈം കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് കടന്നു. ഫുട്ബോള്‍ ലോകം ഘനീഭവിച്ച മുഖത്തോടെ വിധിനിര്‍ണായകമായ പത്ത് കിക്കുകളെ കാത്തിരിക്കുന്നു. എന്നാല്‍ കളിക്കളത്തില്‍ കാണുന്നത് എതിര്‍ നായകനെ കെട്ടിപ്പിടിച്ചു പുഞ്ചിരിയോടെ ഇറ്റാലിയന്‍ നായകന്‍ ജോര്‍ജീനിയോ കില്ലിനി. എതിര്‍ഗോളിയോട് കുശലം പറഞ്ഞ് ആത്മവിശ്വാസം പകരുന്ന ജിയാന്‍ലൂജി ഡൊണ്ണറുമ.

ഈ ടൂര്‍ണമെന്റിലുടനീളമുള്ള ഇറ്റാലിയന്‍ ടീമിന്റെ മുഖമാണ് ഈ രണ്ട് താരങ്ങളിലും കണ്ടത്. ശരിക്കും അടിമുടി മാറിപ്പോയ ഇറ്റാലിയന്‍ ടീം. ആ മാറ്റത്തിന് പിന്നിലൊരാളുണ്ട്. പരിശീലകന്‍ റോബര്‍ട്ടോ മാന്‍സീനി.

പ്രതിരോധത്തിന്റെ കടുപ്പം കളിയിലും ഭാവത്തിലും പ്രകടിപ്പിച്ച ഇറ്റാലിയന്‍ ടീമിനെ ഏത് കൊടിയ സമ്മര്‍ദത്തിലും പുഞ്ചിരിക്കാന്‍ പഠിപ്പിച്ച, കളിക്കാര്‍ക്കും ടീമിനും വ്യക്തിത്വമുണ്ടാക്കിയ പരിശീലകന്‍. തകര്‍ച്ചയുടെ ഇരുളറയില്‍നിന്ന് കിരീടവിജയത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഒരു രാത്രികൊണ്ട് ഇറ്റലിയെ കൈപിടിച്ചു കൊണ്ടുവന്ന മാന്ത്രികനൊന്നുമല്ല മാന്‍സീനി. ഫുട്ബോള്‍, കളിക്കപ്പുറത്ത് തന്ത്രങ്ങളും അതിനുമപ്പുറത്ത് മാനസികയുദ്ധമാണെന്നും ടീമിനെ പഠിപ്പിച്ചെടുത്ത മാസ്റ്റര്‍ ക്ലാസ് പരിശീലകനാണ്. രണ്ട് മാനസിക യുദ്ധങ്ങള്‍ ജയിച്ചാണ് മാന്‍സീനിയുടെ സംഘവും യൂറോ കിരീടം നേടുന്നത്.

2018 റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെ തകര്‍ന്നുവീണൊരു കാലമുണ്ടായിരുന്നു ഇറ്റാലിയന്‍ ഫുട്ബോളിന്. അവിടേക്കാണ് രക്ഷകനായി മാന്‍സീനിയെത്തുന്നത്. വയസ്സന്‍പടയെന്ന് മുദ്രകുത്തപ്പെട്ട ടീമിനെ പുനര്‍നിര്‍മിച്ചെടുക്കാന്‍ പൂര്‍ണസ്വാതന്ത്ര്യം മാത്രമാണ് അന്ന് പരിശീലകന്‍ ആവശ്യപ്പെട്ടത്.

തന്റെ പരിശീലക കരിയറിയില്‍ ഏറ്റവും കുറച്ച് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ കളിക്കാരെ മാന്‍സീനി പരീക്ഷിച്ചത് ഇറ്റാലിയന്‍ ടീമിലാണ്. 39 കളികളിലായി 63 കളിക്കാരെ കളത്തിലിറക്കി. മുമ്പ് ഇന്റര്‍മിലാനിലായിരുന്നപ്പോള്‍ 226 കളിയില്‍നിന്ന് 76 കളിക്കാരെയും മാഞ്ചെസ്റ്റര്‍ സിറ്റിയെ പരിശീലിപ്പിക്കുന്ന കാലഘട്ടത്തില്‍ 191 കളിയില്‍ നിന്ന് 64 കളിക്കാരെയുമാണ് പരീക്ഷിച്ചതെന്നോര്‍ക്കണം.

വമ്പന്‍ ക്ലബ്ബുകളില്‍നിന്ന് മാത്രം കളിക്കാരെയെടുക്കുന്ന ഏര്‍പ്പാട് മാന്‍സീനി നിര്‍ത്തി. പകരം തന്റെ ഗെയിംപ്ലാനിന് അനുയോജ്യരായ കളിക്കാരെ തപ്പിയെടുത്തു. സസുവോളയില്‍നിന്ന് മാനുവല്‍ ലോക്കെട്ടല്ലിയും ജിയാകാമോ റാസ്പഡോറിയും ജെനോവയില്‍നിന്ന് ലൂക്ക പെല്ലഗ്രീനിയും ഹെല്ലാസ് വെറോണയില്‍നിന്ന് കെവിന്‍ ലാസഗ്‌നയും യുഡീനെസില്‍ നിന്ന് സെറ്റാഫാനോ ഓക്കാക്കയുമൊക്കെ ടീമിലെത്തി.

ടീമിന് വ്യക്തിത്വമുണ്ടാക്കുന്നതിലായി മാന്‍സീനിയുടെ ശ്രദ്ധ. ടീമിനെ ഇറക്കിയ 39 കളികളില്‍ 38 എണ്ണത്തിലും 4-3-3 ഫോര്‍മേഷനില്‍ ആക്രമണ ഫുട്ബോളാണ് ടീം കളിച്ചത്. നേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിനെതിരായ തോറ്റ മത്സരത്തില്‍ മാത്രമാണ് ടീം 4-4-2 ശൈലിയില്‍ കളിച്ചത്.

യൂറോ കപ്പിനെത്തുമ്പോള്‍ ഓരോ പൊസിഷനിലും മികച്ച രണ്ട് കളിക്കാര്‍ ടീമിലുണ്ടായിരുന്നു. സ്പിനാസോള പരിക്കേറ്റ് വീണിട്ടും എമേഴ്സനിലൂടെ പകരക്കാരനെ കണ്ടെത്തി. മാര്‍ക്കോ വെറാറ്റി കളിക്കാതിരുന്നപ്പോള്‍ ലോക്കോട്ടെല്ലി നിറഞ്ഞു കളിച്ചു. പുറമേക്ക് താരസമ്പന്നമല്ലെങ്കിലും മാന്‍സീനിയുടെ കൈയില്‍ ആരുമറിയാത്ത രഹസ്യായുധങ്ങള്‍ ഏറെയുണ്ടായിരുന്നു. പ്രതിരോധ ഫുട്ബോളില്‍ നിന്ന് ഏറ്റവും മികച്ച ആക്രമണഫുട്ബോള്‍ കളിക്കുന്ന ടീമിലേക്കുള്ള ഇറ്റലിയുടെ മാറ്റത്തിന് ലഭിച്ച സമ്മാനം കൂടിയാണ് യൂറോകിരീടം. കില്ലിനിയെ പ്രതിരോധത്തില്‍ കാവല്‍ നിര്‍ത്തി ബൊന്നൂച്ചിയെ വരെ ആക്രമണത്തിന് നിയോഗിക്കുന്ന തന്ത്രജ്ഞത. മധ്യനിരയും മുന്നേറ്റവും എതിരാളിയുടെ ഹാഫില്‍ പ്രസ്സിങ് നടത്തുന്ന ശൈലി. സ്വന്തം ഹാഫില്‍നിന്ന് എതിരാളിയുടെ ഹാഫിലേക്ക് പറിച്ചുനട്ട കളിയാണ് ഇറ്റലിയെ ചാമ്പ്യന്മാരാക്കിയത്.

ഇംഗ്ലണ്ടിന്റെ അഞ്ചാം കിക്ക് തടുത്തിട്ട ശേഷം ടീമിനെ കിരീടത്തിലേക്ക് നയിക്കുമ്പോഴും ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡൊണ്ണറുമ ശാന്തനായിരുന്നു. ആക്രോശങ്ങളില്ലാതെ അയാള്‍ വിജയത്തെ അംഗീകരിക്കുന്നു. ഇറ്റാലിയന്‍ ടീമും അതുപോലെതന്നെ. അട്ടഹാസങ്ങള്‍ക്കപ്പുറത്ത് പുഞ്ചിരിയോടെ കിരീടവിജയങ്ങളെയും തോല്‍വികളെയും സ്വീകരിക്കാന്‍ മാന്‍സീനി അവരെ പഠിപ്പിച്ചിരിക്കുന്നു.

Content Highlights: Euro Cup 2020 Roberto Mancini the architect of Italys resurrection