വെംബ്ലി: 55 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിലേക്ക് മുന്നേറിയത്. എന്നാൽ ഈ ചരിത്ര നേട്ടത്തിനൊപ്പം ഒരു പെനാൽറ്റി വിവാദവും ചർച്ചയാകുകയാണ്. ഡെൻമാർക്കിനെതിരായ സെമി ഫൈനലിൽ പെനാൽറ്റിയിലൂടെ വന്ന ഗോളിലാണ് ഇംഗ്ലണ്ട് വിജയിച്ചത്. എന്നാൽ ആ പെനാൽറ്റിയെ കുറിച്ചുള്ള ചർച്ച ചൂടുപിടിക്കുകയാണ്.

103-ാം മിനിറ്റിൽ പെനാൽറ്റി ഏരിയയിലൂടെ മുന്നേറിയ റഹീം സ്റ്റെർലിങ്ങിന് ഡാനിഷ് പ്രതിരോധ താരം ജോക്കിം മെഹ്ലെയുടെ ചലഞ്ചിൽ നിയന്ത്രണം നഷ്ടപ്പെട്ടു. മറ്റൊരു ഡാനിഷ് താരം ജെൻസെൻ കൂടി ദേഹത്തു തട്ടിയതോടെ സ്റ്റെർലിങ് താഴെ വീണു. ഇതോടെ റഫറി പെനാൽറ്റിയിലേക്ക് വിരൽ ചൂണ്ടി.

എന്നാൽ പെനാൽറ്റി അനുവദിക്കാൻ മാത്രമുള്ള ഫൗൾ വന്നിട്ടില്ലെന്ന് ഡെൻമാർക്ക് വാദിച്ചു. സ്റ്റെർലിങ്ങിന്റെ ഗ്രൗണ്ടിലേക്കുള്ള ഡൈവ് അഭിനയമാണെന്നും വാദം വന്നു. ഒടുവിൽ വാർ പരിശോധന നടന്നു. പക്ഷേ പെനാൽറ്റി തീരുമാനം മാറിയില്ല. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റി എടുത്തു. പക്ഷേ ഗോൾകീപ്പർ കാസ്പർ ഷ്മൈക്കൽ അതു തടുത്തിട്ടു. റീബൗണ്ട് വന്ന പന്ത് പിടിച്ചെടുത്ത് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയനായകനായി.

എന്നാൽ ഈ പെനാൽറ്റിക്കെതിരേ നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്തുവന്നത്. വാറിൽ റഫറിയോട് മോണിറ്റർ പരിശോധിക്കാൻ ആവശ്യപ്പെട്ടില്ലെന്നും സ്റ്റെർലിങ് ഗ്രൗണ്ടിലേക്ക് ഡൈവ് ചെയ്യാൻ മാത്രമുള്ള ഫൗൾ വന്നിട്ടില്ലെന്നും അത് അഭിനയമാണെന്നും ആരാധകർ വാദിക്കുന്നു. മുൻ ആഴ്സണൽ പരിശീലകൻ ആഴ്സെൻ വെങ്ങറും എഎസ് റോമയുടെ പരിശീലകൻ ഹോസെ മൗറിഞ്ഞോയുമെല്ലാം പെനാൽറ്റിയെ എതിർത്തു. സ്റ്റെർലിങ്ങിന്റെ ഡൈവുമായി ബന്ധപ്പെട്ടും നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പെനാൽറ്റിയിലേക്ക് നയിച്ച സ്റ്റെർലിങ്ങിന്റെ വലതു വിങ്ങിൽ നിന്ന് പെനാൽറ്റി ബോക്സിലേക്കുള്ള ഡ്രിബിളിങ്ങിനിടെ രണ്ട് പന്തുകൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. രണ്ടാമത്തെ പന്ത് കളിക്ക് തടസ്സം സൃഷ്ടിക്കുന്നില്ലെങ്കിൽ കളി നിർത്തേണ്ട ആവശ്യമില്ലെന്നാണ് ഫിഫയുടെ നിയമം. എന്നാൽ ഈ എക്സ്ട്രാ പന്ത് ഡാനിഷ് താരങ്ങൾക്കിയടിൽ ആശയക്കുഴപ്പമുണ്ടാക്കി എന്ന് ആരാധകർ വാദിക്കുന്നു.

Content Highlights: Euro 2020 What was the controversy behind Raheem Sterlings penalty win for England against Denmark