ബുക്കാറസ്റ്റ്: യൂറോ കപ്പില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ വടക്കന്‍ മാസിഡോണിയയെ തകര്‍ത്ത് യുക്രൈന്‍. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുക്രൈന്റെ ജയം. 

പെനാല്‍റ്റിയടക്കം രക്ഷപ്പെടുത്തി വടക്കന്‍ മാസിഡോണിയക്കായി മത്സരത്തിലുടനീളം ഗോള്‍കീപ്പര്‍ ദിമിത്രിയെവ്‌സ്‌കി മികച്ച പ്രകടനം പുറത്തെടുത്തിട്ടും സമനില ഗോള്‍ കണ്ടെത്താന്‍ ടീമിന് സാധിച്ചില്ല. 

ആദ്യപകുതി യുക്രൈന്‍ മുന്നേറ്റങ്ങളാല്‍ സമ്പന്നമായിരുന്നു. യാര്‍മൊലെങ്കോയേയും യരെംചുക്കിനെയും മലിനോവ്‌സ്‌കിയേയും തടയാന്‍ മാസിഡോണിയന്‍ പ്രതിരോധം നന്നേ പാടുപെട്ടു.

29-ാം മിനിറ്റില്‍ ആന്ദ്രേ യാര്‍മൊലെങ്കോയിലൂടെ യുക്രൈന്‍ മുന്നിലെത്തി. യുക്രൈന് അനുകൂലമായ കോര്‍ണര്‍ കരവയെവ് ബാക്ക്ഹീല്‍ ചെയ്തത് പോസ്റ്റിന്റെ വലത് മൂലയിലേക്ക്. ഓടിയെത്തിയ യാര്‍മൊലെങ്കോ പന്ത് വലയിലെത്തിച്ചു.

തൊട്ടുപിന്നാലെ യുക്രൈന്‍ രണ്ടാം ഗോളും കണ്ടെത്തി. 34-ാം മിനിറ്റില്‍ യാര്‍മൊലെങ്കോയുടെ അളന്നുമുറിച്ച പാസില്‍ നിന്ന് റോമന്‍ യരെംചുക്കാണ് സ്‌കോര്‍ ചെയ്തത്.

ഇതിനിടെ 39-ാം മിനിറ്റില്‍ ഗോരന്‍ പാണ്ഡെവ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായി. 

പിന്നീട് 57-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് മാസിഡോണിയ ഒരു ഗോള്‍ മടക്കിയത്. ഗോരെന്‍ പാണ്ഡെവിനെ കരവയെവ് ബോക്ള്‍സില്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത എസ്യാന്‍ അലിയോസ്‌കിയുടെ ഷോട്ട് യുക്രൈന്‍ ഗോളി ബുഷ്ചാന്‍ തടഞ്ഞെങ്കിലും റീബൗണ്ട് വന്ന പന്ത് അലിയോസ്‌കി തന്നെ വലയിലെത്തിച്ചു. 

രണ്ടാം പകുതിയിലും ദിമിത്രിയെവ്‌സ്‌കി മികച്ച സേവുകളുമായി കളംനിറഞ്ഞു. ഗോളെന്നുറച്ച എട്ടിലേറെ ഷോട്ടുകളാണ് മാസിഡോണിയന്‍ ഗോള്‍കീപ്പര്‍ തടുത്തിട്ടത്.

84-ാം മിനിറ്റില്‍ യുക്രൈന് ലഭിച്ച പെനാല്‍റ്റി കിക്കും ദിമിത്രിയെവ്‌സ്‌കി തടുത്തു. യുക്രൈന്‍ താരം മലിനോവ്‌സ്‌കിയായിരുന്നു കിക്കെടുത്തത്. ജയത്തോടെ യുക്രൈന്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Euro 2020 Ukraine vs North Macedonia Live Updates