ഗ്ലാസ്ഗൗ: 120 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ സ്വീഡനെ തകര്‍ത്ത് യുക്രൈന്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ആര്‍ട്ടെം ഡോവ്ബിക്കിലൂടെയാണ് യുക്രൈന്‍ വിജയ ഗോള്‍ നേടിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുക്രൈന്റെ ജയം.

99-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ മാര്‍ക്കസ് ഡാനിയെല്‍സന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയത് സ്വീഡന് തിരിച്ചടിയായി. യുക്രൈന്‍ താരം ബെസെഡിനെതിരായ കടുത്ത ഫൗളിനായിരുന്നു ചുവപ്പുകാര്‍ഡ്. ആദ്യം മഞ്ഞക്കാര്‍ഡുയര്‍ത്തിയ റഫറി വാര്‍ പരിശോധിച്ച ശേഷം ഡാനിയെല്‍സന് മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീക്കാന്‍ സ്വീഡന്‍ താരങ്ങള്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ യുക്രൈന്‍ വിജയ ഗോള്‍ കണ്ടെത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടാണ് യുക്രൈന്റെ എതിരാളികള്‍.

നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. 

ഇരു ടീമും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച മത്സരത്തില്‍ യുക്രൈനാണ് ആദ്യം മുന്നിലെത്തിയത്. 27-ാം മിനിറ്റില്‍ സിന്‍ചെങ്കോയാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്. സ്റ്റെപനെങ്കോ തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. സ്റ്റെപനെങ്കോയില്‍ നിന്ന് പന്ത് ലഭിച്ച യാര്‍മൊലെങ്കോ നല്‍കിയ ക്രോസ് സിന്‍ചെങ്കോ കരുത്തുറ്റ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. സ്വീഡന്‍ ഗോല്‍കീപ്പര്‍ റോബിന്‍ ഓള്‍സന്റെ കൈയില്‍ തട്ടിയാണ് പന്ത് വലയിലെത്തിയത്.

43-ാം മിനിറ്റില്‍ എമില്‍ ഫോര്‍സ്ബര്‍ഗിലൂടെ സ്വീഡന്‍ സമനില ഗോള്‍ കണ്ടെത്തി. ഇസാക്ക് നല്‍കിയ പന്ത് പിടിച്ചെടുത്ത ഫോര്‍സ്ബര്‍ഗിന്റെ 25 മീറ്റര്‍ അകലെ നിന്നുള്ള ഷോട്ട് സബാര്‍നിയുടെ കാലില്‍ തട്ടി ദിശമാറി യുക്രൈന്‍ ഗോല്‍കീപ്പര്‍ ബുഷ്ചന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ താരത്തിന്റെ നാലാം ഗോളായിരുന്നു ഇത്. ഒരു യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന സ്വീഡിഷ് താരമെന്ന നേട്ടവും ഇതോടെ ഫോര്‍സ്ബര്‍ഗ് സ്വന്തമാക്കി. 

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ യുക്രൈന്‍ മികച്ച ഒരു അവസരം സൃഷ്ടിച്ചിരുന്നു. യാര്‍മൊലെങ്കോയും യാരെംചുക്കും ചേര്‍ന്നുള്ള മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ യാരെംചുക്കിന്റെ ഷോട്ട് സ്വീഡന്‍ ഗോള്‍കീപ്പര്‍ ഓള്‍സന്‍ രക്ഷപ്പെടുത്തുകയായിരുന്നു. 

19-ാം മിനിറ്റില്‍ സ്വീഡിഷ് താരം ഇസാക്കിനും ലക്ഷ്യം കാണാനായില്ല. 30-ാം മിനിറ്റില്‍ ലാര്‍സന്‍ എടുത്ത ഫ്രീകിക്ക് ബുഷ്ചാന്‍ രക്ഷപ്പെടുത്തുകയും ചെയ്തു.

രണ്ടാം പകുതിയിലും ഇരു ടീമും മികച്ച ആക്രമണ ഫുട്‌ബോള്‍ തന്നെ കാഴ്ചവെച്ചു. 55-ാം മിനിറ്റില്‍ യാര്‍മൊലെങ്കോയുടെ പാസില്‍ നിന്നുള്ള സിഡോര്‍ചുക്കിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടടുത്ത മിനിറ്റില്‍ സ്വീഡന്റെ ഫോര്‍സ്ബര്‍ഗിന്റെ ഷോട്ടും പോസ്റ്റിലിടിച്ച് മടങ്ങി.

66-ാം മിനിറ്റില്‍ കുലുസെവ്‌സ്‌കിയുടെ ഗോളെന്നുറച്ച ഒരു ലോങ്‌റേഞ്ചര്‍ ബുഷ്ചാന്‍ രക്ഷപ്പെടുത്തി. 69-ാം മിനിറ്റില്‍ വീണ്ടും ഫോര്‍സ്ബര്‍ഗിനെ നിര്‍ഭാഗ്യം പിടികൂടി. ഫോര്‍സ്ബര്‍ഗിന്റെ ഷോട്ട് ഇത്തവണ ക്രോസ്ബാറിലിടിച്ച് മടങ്ങുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: euro 2020 Sweden vs Ukraine Round of 16 clash Live Updates