സെവിയ: പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാന്‍ സാധിക്കാതെ സ്പാനിഷ് നിര. യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്വീഡനെതിരേ സ്പാനിഷ് ടീമിന് ഗോള്‍രഹിത സമനില. 

മത്സരത്തിലുടനീളം പന്തിന്‍മേല്‍ സ്പാനിഷ് നിരയുടെ ആധിപത്യമായിരുന്നു. മികച്ച ഒട്ടേറെ മുന്നേറ്റങ്ങള്‍ സ്പാനിഷ് ടീമില്‍ നിന്നുണ്ടായി. എന്നാല്‍ ഒരു ക്ലിനിക്കല്‍ സ്‌ട്രൈക്കറുടെ അഭാവം നിഴലിക്കുന്നതായിരുന്നു ഫിനിഷിങ്ങിലെ ടീമിന്റെ പോരായ്മകള്‍.

ജോര്‍ഡി ആല്‍ബയും പെഡ്രിയും ഫെറാന്‍ ടോറസും അല്‍വാരോ മൊറാട്ടയും ഡാനി ഒല്‍മോയുമെല്ലാം സ്വീഡന്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും ഗോള്‍ മാത്രം അകന്നു. ഗോള്‍കീപ്പര്‍ ഒസ്ലന്റെ മികച്ച പ്രകടനം സ്വീഡന് തുണയായി.

16-ാം മിനിറ്റില്‍ കോക്കെയുടെ ക്രോസില്‍ നിന്ന് ഡാനി ഒല്‍മോയുടെ ഗോളെന്നുറച്ച ഹെഡര്‍ രക്ഷപ്പെടുത്തിയ ഒസ്ലന്‍ ഇന്‍ജുറി ടൈമിലും സമാന സേവ് ആവര്‍ത്തിച്ചു.

ആദ്യ പകുതിയില്‍ മിനിറ്റുകളോളം സ്വീഡന്‍ നിരയ്ക്ക് പന്ത് തൊടാന്‍ പോലും ലഭിച്ചില്ല. കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ പോലും പന്ത് ലഭിക്കാത്ത അവസ്ഥയിലായിരുന്നു സ്വീഡിഷ് താരങ്ങള്‍. എന്നാല്‍ 41-ാം മിനിറ്റില്‍ ലഭിച്ച അവസരം അലക്‌സാണ്ടര്‍ ഇസാക്കിന് മുതലാക്കാനും സാധിച്ചില്ല.

അതേസമയം സ്‌പെയ്‌നിനായി യൂറോ കപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പെഡ്രി സ്വന്തമാക്കി. 18 വര്‍ഷവും 201 ദിവസവുമാണ് പെഡ്രിയുടെ പ്രായം. 

രണ്ടാം പകുതിയില്‍ താളം കണ്ടെത്തിയ സ്വീഡന്‍ ഇസാക്കിലൂടെ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. സ്‌പെയ്‌നാകട്ടെ രണ്ടാം പകുതിയിലും പന്തടക്കത്തില്‍ മുന്നിട്ടു നിന്നെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. 

രണ്ടാം പകുതിയില്‍ കോച്ച് ലൂയിസ് എന്റിക്വെ തിയാഗോയേയും സരാബിയയേയും മൊറീനോയേയും കളത്തിലിറക്കി. അവസാന മിനിറ്റുകളില്‍ സ്പാനിഷ് നിരയുടെ നിരന്തര ആക്രമണങ്ങളെ തടുത്ത സ്വീഡന്‍ കളി ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Euro 2020 Spain vs Sweden Live Updates