ലോക റാങ്ക് - 5

നേട്ടങ്ങള്‍യൂറോകപ്പ് (2016), നേഷന്‍സ് കപ്പ് (201819), ലോകകപ്പ് മൂന്നാം സ്ഥാനം (1966)

ക്യാപ്റ്റന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പരിശീലകന്‍: ഫെര്‍ണാണ്ടോ സാന്റോസ്

യൂറോകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. യൂറോപ്യന്‍ ഫുട്ബോളിലെ വമ്പന്‍മാര്‍ കിരീടത്തിനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടൂര്‍ണമെന്റിന് കിക്കോഫാകുമ്പോള്‍ തന്ത്രങ്ങളിലും കളിക്കാരിലും ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു.

യൂറോകപ്പിലെ ഗ്ലാമര്‍ ടീമുകളിലൊന്ന്. നിലവിലെ യൂറോ കപ്പ് ചാമ്പ്യന്‍മാര്‍. കിരീടം നിലനിര്‍ത്താന്‍ ഏറെസാധ്യത കല്‍പ്പിക്കപ്പെടുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യംതന്നെയാണ് ടീമിന്റെ കരുത്ത്.

ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും ഏത് എതിരാളിയെയും നേരിടാനുള്ള പ്രതിഭാശക്തി ടീമിനുണ്ട്. ഫെര്‍ണാണ്ടോ സാന്റോസ് എന്ന തന്ത്രശാലിയായ പരിശീലകനാണ് പോര്‍ച്ചുഗലിനെ സംഘടിതമായ ടീമാക്കി മാറ്റിയത്. യൂറോകപ്പിലും നേഷന്‍സ് കപ്പിലും സാന്റോസ് വിജയത്തിലെത്തിച്ചു.

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ഡീഗോ ജോട്ട, ജാവോ ഫെലിക്‌സ്, ആന്ദ്രെ സില്‍വ എന്നിവരടങ്ങിയ മുന്നേറ്റം അതിശക്തം. ബ്രൂണോ ഫെര്‍ണാണ്ടസ്, വില്യം കാര്‍വാലോ, ഡാനിലോ പെരെര, ജാവോ മുട്ടീന്യോ, ബെര്‍ണാഡോ സില്‍വ, റെനാറ്റോ സാഞ്ചസ്, റുബന്‍ നവാസ് എന്നിവരടങ്ങിയ മധ്യനിര ഭാവനസമ്പന്നം. പെപ്പെ, റുബന്‍ ഡയസ്, ഹോസെ ഫോണ്ടെ, ജാവോ കാന്‍സലോ, നുനോ മെന്‍ഡസ് എന്നിവരാണ് പ്രതിരോധത്തിലെ പ്രധാനികള്‍. റൂയി പാട്രീഷ്യോയാകും ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍.

Content Highlights: Euro 2020 Portugal squad preview