സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തി സ്ലൊവാക്യ. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു പോളണ്ടിന്റെ തോല്‍വി.

62-ാം മിനിറ്റില്‍ ക്രൈകോവിയാക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ ശേഷിച്ച സമയം 10 പേരുമായാണ് പോളണ്ട് മത്സരം പൂര്‍ത്തിയാക്കിയത്.

മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സമനില ഗോള്‍ നേടാന്‍ പോളണ്ടിന് സാധിച്ചില്ല.

18-ാം മിനിറ്റില്‍ പോളണ്ട് ഗോള്‍കീപ്പര്‍ സെസെസ്‌നിയുടെ സെല്‍ഫ് ഗോളില്‍ സ്ലൊവാക്യയാണ് ആദ്യം മുന്നിലെത്തിയത്. വലതുഭാഗത്ത് കൂടി റോബര്‍ട്ട് മാക്കിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഒറ്റയ്ക്ക് പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറി മാക്ക് തൊടുത്ത ഷോട്ട് സെസെസ്‌നിയുടെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു. 

ആദ്യ പകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത് പോളണ്ട് നിരയായിരുന്നു. എന്നാല്‍ സറ്റ്കയും പെകാരിക്കും സ്‌ക്രിയറും ഒന്നിച്ച സ്ലൊവാക്യ പ്രതിരോധം ഉറച്ചുനിന്നതോടെ ലെവന്‍ഡോസ്‌കിയടക്കമുള്ള പോളണ്ട് താരങ്ങള്‍ക്ക് ഫിനിഷിങ് അസാധ്യമായി.

എന്നാല്‍ രണ്ടാം പകുതി തുടങ്ങി സെക്കന്‍ഡുകള്‍ക്കകം പോളണ്ട് സമനില ഗോള്‍ നേടി. റൈബസ് നല്‍കിയ പാസില്‍ നിന്ന് കാരോള്‍ ലിനെറ്റിയാണ് പോളണ്ടിനായി സ്‌കോര്‍ ചെയ്തത്. 

62-ാം മിനിറ്റില്‍ ക്രൈകോവിയാക്കിന് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചതിനു പിന്നാലെ 69-ാം മിനിറ്റില്‍ മിലാന്‍ സ്‌ക്രിനിയറിലൂടെ സ്ലൊവാക്യ ലീഡെടുത്തു. ഹാംസിക്കിന്റെ പാസില്‍ നിന്നായിരുന്നു സ്‌ക്രിനിയറിന്റെ ഗോള്‍.

80 മിനിറ്റിന് ശേഷം ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങളും പോളണ്ട് മുന്‍നിര നഷ്ടപ്പെടുത്തിയതോടെ സമനില മോഹവും അവര്‍ക്ക് അന്യമായി. ഇന്‍ജുറി ടൈമില്‍ ഡുബ്രാവ്കയുടെ സേവും പോളണ്ടിനെ സമനിലയില്‍ നിന്നകറ്റി. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: EURO 2020 Poland vs Slovakia Live Updates