ടര്‍ക്കു (ഫിന്‍ലന്‍ഡ്): ബെല്‍ജിയത്തിനെതിരായ യൂറോ കപ്പ് ക്വാര്‍ട്ടര്‍ മത്സരത്തിനിടെ പരിക്കേറ്റ ഇറ്റാലിയന്‍ താരം ലിയനാര്‍ഡോ സ്പിനാസോളയുടെ ശസ്ത്രക്രിയ വിജയകരം.

തിങ്കളാഴ്ച ഫിന്‍ലന്‍ഡിലെ ടര്‍ക്കുവില്‍ വെച്ചാണ് താരം ശസ്ത്രക്രിയക്ക് വിധേയനായത്. കാലിലെ പേശികളെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് താരത്തിന് പരിക്കേറ്റത്. 

ശസ്ത്രക്രിയ വിജയകരമായെന്നും തനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദിയറിയിക്കുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

യൂറോകപ്പിന്റെ മൈതാനങ്ങളില്‍ പന്തുമായി കുതിച്ചുപാഞ്ഞ താരമായിരുന്നു സ്പിനാസോള. ഇക്കുറി ടൂര്‍ണമെന്റിലെ വേഗംകൂടിയ താരം. മണിക്കൂറില്‍ 33.8 കിലോമീറ്റര്‍ വേഗത്തിലോടിയാണ് സ്പിനാസോള യൂറോകപ്പിലെ വേഗത്തില്‍ ഒന്നാമനായത്. ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടറിന്റെ രണ്ടാം പകുതിയില്‍ പന്തിനുപിറകെ കുതിക്കുന്നതിനിടെയാണ് പരിക്കേറ്റത്. തുടര്‍ന്ന് പൊട്ടിക്കരഞ്ഞാണ് താരം കളംവിട്ടത്.

ഇറ്റലിയുടെ ആക്രമണങ്ങളില്‍ ഈ ഇടതുവിങ്ബാക്കിന് നിര്‍ണായക പങ്കുണ്ടായിരുന്നു. അതിവേഗത്തില്‍ കയറിയിറങ്ങിക്കളിക്കുന്ന സ്പിനാസോള ടൂര്‍ണമെന്‍രില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Content Highlights: EURO 2020 Italy star Leonardo Spinazzola undergoes successful surgery