ബുക്കാറസ്റ്റ്: യൂറോകപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്ത് സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍. ഫ്രാന്‍സിനായി അഞ്ചാമത്തെ കിക്കെടുത്ത കിലിയന്‍ എംബാപ്പെയുടെ ഷോട്ട് തടഞ്ഞ സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ ടീമിനെ അവസാന എട്ടിലെത്തിച്ചു. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയ്‌നാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും മൂന്നു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സ്വിസ് ടീമിനായി ഗവ്രാനോവിച്ച്, ഫാബിയാന്‍ ഷാര്‍, അകാന്‍ജി, വാര്‍ഗാസ്, അഡ്മിര്‍ മെഹ്‌മെദി എന്നിവര്‍ ലക്ഷ്യം കണ്ടു. 

ഫ്രാന്‍സിനായി പോഗ്ബ, ജിറൂദ്, മാര്‍ക്കസ് തുറാം, കിംപെംബെ എന്നിവര്‍ക്ക് ലക്ഷ്യം കാണാനായപ്പോള്‍ അഞ്ചാം കിക്കെടുത്ത എംബാപ്പെയ്ക്ക് പിഴയ്ക്കുകയായിരുന്നു. 

നിശ്ചിത സമയത്ത് വിജയം ഉറപ്പിച്ചിരുന്ന ഫ്രാന്‍സിനെതിരേ അവസാന 10 മിനിറ്റിനുള്ളില്‍ നേടിയ രണ്ടു ഗോളിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയത്. സ്വിറ്റ്സര്‍ലന്‍ഡിനായി ഹാരിസ് സെഫെറോവിച്ചും ഫ്രാന്‍സിനായി കരീം ബെന്‍സേമയും ഇരട്ട ഗോളുകള്‍ നേടി.

കളിയാരംഭിച്ച് 15-ാം മിനിറ്റില്‍ തന്നെ ഹാരിസ് സെഫെറോവിച്ചിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് മുന്നിലെത്തി. ബോക്‌സിന്റെ ഇടതുഭാഗത്തു നിന്ന് സ്റ്റീവന്‍ സുബര്‍ നീട്ടിനല്‍കിയ ഒരു ക്രോസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന് യാതൊരു അവസരവും നല്‍കാതെ ഹാരിസ് സെഫെറോവിച്ച് പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചു.

ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങളൊന്നും ഫ്രാന്‍സിന് നടത്താന്‍ സാധിച്ചില്ല. എംബാപ്പെയുടെ ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഫ്രാന്‍സിന് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. എംബാപ്പെയ്ക്കാകട്ടെ ഫിനിഷിങ്ങും പിഴച്ചു. 

രണ്ടാം പകുതിയില്‍ മുന്നിലെത്താനുള്ള അവസരം 55-ാം മിനിറ്റില്‍ റിക്കാര്‍ഡോ റോഡ്രിഗസ് നഷ്ടപ്പെടുത്തി. സ്വിറ്റ്സര്‍ലന്‍ഡിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി റോഡ്രിഗസ് നഷ്ടപ്പെടുത്തുകയായിരുന്നു. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി. സ്റ്റീഫന്‍ സുബറിനെ ബെഞ്ചമിന്‍ പവാര്‍ഡ് ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.

രണ്ടാം പകുതിയില്‍ ദെഷാംപ്‌സ് ലെങ്‌ലെറ്റിന് പകരം കിങ്സ്ലി കോമാനെ ഇറക്കിയതോടെ ഫ്രഞ്ച് മുന്നേറ്റങ്ങള്‍ക്ക് ജീവന്‍വെച്ചു. 57-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെ ഫ്രാന്‍സ് ഗോള്‍ മടക്കി. എംബാപ്പെ ബോക്‌സിലേക്ക് നീട്ടിയ പന്ത് മികച്ച ടെക്‌നിക്കിലൂടെ പിടിച്ചെടുത്തായിരുന്നു ബെന്‍സേമയുടെ ഗോള്‍. സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമറിന് തടയാന്‍ അവസരം ലഭിക്കും മുമ്പ് ബെന്‍സേമ പന്ത് വലയിലേക്ക് ചിപ് ചെയ്തു. 

പിന്നാലെ 59-ാം മിനിറ്റില്‍ ബെന്‍സേമ രണ്ടാമതും സ്വിസ് വല കുലുക്കി. എംബാപ്പെയും ഗ്രീസ്മാനും ബെന്‍സേമയും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി മുന്നേറിയ ഗ്രീസ്മാന്റെ പാസ് സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമറിന്റെ ഗ്ലൗസില്‍ തട്ടി നേരേ ബെന്‍സേമയിലേക്ക്. പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് ബെന്‍സേമ പന്ത് വലയിലെത്തിച്ചു.

പിന്നീട് ആക്രമണങ്ങള്‍ ശക്തമാക്കിയ ഫ്രാന്‍സ് 75-ാം മിനിറ്റില്‍ പോള്‍ പോഗ്ബയുടെ തകര്‍പ്പന്‍ ഗോളില്‍ ലീഡുയര്‍ത്തി. ബോക്‌സിന് പുറത്തുനിന്നുള്ള താരത്തിന്റെ ലോങ് റേഞ്ചര്‍ സോമറിനെ നിഷ്പ്രഭനാക്കി വലയിലെത്തുകയായിരുന്നു.

എന്നാല്‍ 81-ാം മിനിറ്റില്‍ കെവിന്‍ എംബാബുവിന്റെ ക്രോസ് വലയിലെത്തിച്ച സെഫെറോവിച്ച് സ്വിസ് ടീമിന് പ്രതീക്ഷ നല്‍കി. 90-ാം മിനിറ്റില്‍ മാരിയോ ഗവ്രാനോവിച്ചും സ്‌കോര്‍ ചെയ്തതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. ഒടുവില്‍ ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അട്ടിമറി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Euro 2020 France vs Switzerland Round of 16 clash Live Updates