യൂറോകപ്പിലെ മരണഗ്രൂപ്പില്‍ ആദ്യറൗണ്ട് കഴിഞ്ഞപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനും ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനും വിജയിച്ചതിലുള്ള ആത്മവിശ്വാസം. ജര്‍മനിക്ക് തോല്‍വിയിലെ നിരാശ. പോരാട്ടവീര്യത്തില്‍ തലയുയര്‍ത്തി ഹംഗറി. ഫുട്ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന കളിയായിരുന്നു ഗ്രൂപ്പ് എഫിലെ ഫ്രാന്‍സ്-ജര്‍മനി പോരാട്ടം. മാറ്റ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളില്‍ അങ്കം ഫ്രാന്‍സ് ജയിച്ചു. പരിശീലകന്‍ ജോക്കീം ലോവ് ജര്‍മനിയെ 3-4-1-2 ശൈലിയിലാണ് കളത്തിലിറക്കിയത്. ഫ്രാന്‍സിനെതിരേ മധ്യനിരയിലെ ആധിപത്യം ലക്ഷ്യമിട്ടാണ് ലോവ് ഇത്തരമൊരു ഫോര്‍മേഷനിലേക്ക് നീങ്ങിയത്. ആക്രമണത്തിന് മൂന്ന് പേരെയും കളി മെനഞ്ഞെടുക്കാന്‍ ആറു പേരെയും ഒരേസമയം ലഭിക്കുന്ന തന്ത്രം. മധ്യനിരയിലെ ആധിപത്യത്തിനൊപ്പം അതിവേഗക്കാരായ കൈലിയന്‍ എംബാപ്പെയിലേക്കും കരീം ബെന്‍സമയിലേക്കും പന്ത് വിതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി ഇതിനുണ്ടായിരുന്നു.

മറുവശത്ത് 4-3-3 ശൈലിയില്‍ ഫ്രാന്‍സിനെ ദിദിയര്‍ ദംഷാംപ്സ് രംഗത്തിറക്കി. ജര്‍മനിയുടെ അതിശക്തമായ മധ്യ-മുന്നേറ്റ നിരകളെ തളയ്ക്കാന്‍ ദെഷാംപ്സ് അന്റോണിയെ ഗ്രീസ്മാനെ താഴോട്ടിറക്കിയാണ് കളിപ്പിച്ചത്. പോഗ്ബെയ്‌ക്കൊപ്പം ചേര്‍ന്നാണ് ഗ്രീസ്മാന്‍ ഭൂരിഭാഗം സമയവും കളിച്ചത്. ജര്‍മനിയെ പന്തു കൈവശം വെക്കാന്‍ അനുവദിക്കുകയും അതസമയം, കളി നിര്‍മിച്ചെടുക്കാന്‍ അനുവദിക്കാതിരിക്കുകയുമെന്ന തന്ത്രമാണ് ഫ്രാന്‍സ് നടപ്പാക്കിയത്.

എന്‍ഗോളെ കാന്റെ-പോള്‍ പോഗ്ബ എന്നിവരായിരുന്നു ദെഷാംപ്സിന്റെ തുറുപ്പുചീട്ടുകള്‍. മൈതാനം അളന്നു കളിക്കാന്‍ കഴിയുന്ന ഇവര്‍ ജര്‍മനിയുടെ ആറംഗ സംഘത്തെ കൃത്യമായി തളച്ചിട്ടു. ആഡ്രിയന്‍ റാബിയോട്ടും ഗ്രീസുമാനും ഇവര്‍ക്ക് ശക്തമായ പിന്തുണയും നല്‍കി. കാന്റെ നിശ്ശബ്ദ പോരാളിയായപ്പോള്‍ പോഗ്ബ ശരിക്കും മൈതാനം ഭരിച്ചു. പന്തുള്ളതിനെക്കാള്‍ പന്തില്ലാത്ത ഗെയിംപ്ലാന്‍ ഭംഗിയായി നടപ്പാക്കാമെന്ന് ഫ്രഞ്ചുതാരങ്ങള്‍ ഫുട്ബോള്‍ ലോകത്തിന് കാണിച്ചുകൊടുത്തു. കേവലം 38 ശതമാനമായിരുന്നു ടീമിന്റെ ബോള്‍ പൊസഷന്‍. ഫ്രാന്‍സിന്റെ നാലംഗ പ്രതിരോധനിര പൊസിഷന്‍ കൃത്യമായി കാത്താണ് കളിച്ചത്. പരന്നുകളിച്ച കാന്റെ ജര്‍മന്‍ മുന്നേറ്റത്തിലെ മുള്ളര്‍-നാബ്രി-ഹാവെര്‍ട്സ് ത്രയത്തിന് സ്പേസ് അനുവദിച്ചില്ല. പോഗ്ബയാകട്ടെ ജര്‍മന്‍ മധ്യനിരയ്ക്കു മുന്നില്‍ ലക്ഷ്മണരേഖയുമായി കറങ്ങിക്കൊണ്ടിരുന്നു.

Content Highlights: Euro 2020 France vs Germany and the death group strategy