വെംബ്ലി: ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിലും അഴിഞ്ഞാടി ഇംഗ്ലണ്ട് ആരാധകര്‍. ഫൈനലിന്റെ തുടക്കത്തില്‍ ഇറ്റലിയുടെ ദേശീയഗാനം ആലപിച്ചപ്പോള്‍ കൂവിയാര്‍ത്ത ഇംഗ്ലീഷ് ആരാധകര്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലെ തോല്‍വിക്ക് ശേഷം ഇറ്റാലിയന്‍ ആരാധകരെ മര്‍ദിക്കുകയും ചെയ്തു. പരാജയം അംഗീകരിക്കാത്ത ആരാധകര്‍ വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് ഇറ്റാലിയന്‍ ആരാധകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.

ഇറ്റലിയുടെ ദേശീയ പതാകയേയും ഇംഗ്ലീഷ് ആരാധകര്‍ അപമാനിച്ചു. പതാക കത്തിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടതോടെ ഒരു ആരാധകന്‍ അതില്‍ തുടര്‍ച്ചയായി തുപ്പി. ചിലര്‍ പതാകയില്‍ ചവിട്ടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് പിന്നാലെ ഇംഗ്ലീഷ് ആരാധകര്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

നേരത്തെ ഡെന്‍മാര്‍ക്കിനെതിരായ സെമി ഫൈനലിലും ഇംഗ്ലീഷ് ആരാധകര്‍ ഗാലറിയില്‍ അഴിഞ്ഞാടിയിരുന്നു. സെമിയില്‍ ഹാരി കെയ്ന്‍ പെനാല്‍റ്റിയെടുക്കുന്നതിന് തൊട്ടുമുമ്പ് ഡാനിഷ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കലിന്റെ മുഖത്ത് ആരാധകര്‍ ലേസര്‍ രശ്മികള്‍ പതിപ്പിച്ചു. ഡെന്‍മാര്‍ക്കിന്റെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ കൂവുകയും ചെയ്തു. തുടര്‍ന്ന് യുവേഫ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. ജര്‍മനിക്കെതിരായ പ്രീ ക്വാര്‍ട്ടറിലും ഇംഗ്ലീഷ് കാണികള്‍ ജര്‍മന്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ കൂവിയാര്‍ത്തിരുന്നു.

Content Highlights: Euro 2020 English fans attack Italians outside Wembley