വെംബ്ലി: ഡെന്‍മാര്‍ക്കിനെതിരായ യൂറോ കപ്പ് സെമി ഫൈനലിനിടെയുണ്ടായ വിവാദ സംഭവങ്ങളുടെ പേരില്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് 30,000 യൂറോ (ഏകദേശം 26,81,550 രൂപ) പിഴചുമത്തി യുവേഫ.

ഡെന്‍മാര്‍ക്കിനെതിരായ സെമിഫൈനലില്‍ നിര്‍ണായക പെനാല്‍റ്റി കിക്കിന്റെ സമയത്ത് ഡാനിഷ് ഗോള്‍കീപ്പര്‍ കാസ്പര്‍ സ്‌മൈക്കളിന്റെ മുഖത്ത് കാണികളില്‍ നിന്നൊരാള്‍ ലേസര്‍ രശ്മികള്‍ പതിപ്പിച്ചിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി എടുക്കാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. പെനാല്‍റ്റി നേരിടാന്‍ സ്‌മൈക്കള്‍ തയ്യാറെടുക്കുന്നതിനിടെയാണ് താരത്തിന്റെ മുഖത്ത് പച്ച നിറത്തിലുള്ള ലേസര്‍ രശ്മികള്‍ പതിഞ്ഞത്. താരത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഇംഗ്ലിഷ് ആരാധകരിലാരോ ഒപ്പിച്ച പണിയാണിതെന്ന് വ്യക്തം.

മത്സരത്തില്‍ അധിക സമയത്ത് നേടിയ ഗോളില്‍ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫൈനലില്‍ കടന്നിരുന്നു. 

മാത്രമല്ല ഡെന്‍മാര്‍ക്കിന്റെയും ജര്‍മനിയുടെയും ദേശീയ ഗാനത്തിനിടെ വെംബ്ലിയിലെ കാണികള്‍ കൂവി വിളിക്കുകയും ചെയ്തിരുന്നു. സെമി ഫൈനല്‍ മത്സരം തുടങ്ങുന്നതിനു മുന്‍പ് ഡെന്‍മാര്‍ക്കിന്റെ ദേശീയഗാനത്തിനിടെയാണ് ഇംഗ്ലീഷ് കാണികള്‍ കൂവി വിളിച്ചത്. ജര്‍മനിക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു മുമ്പ് അവരുടെ ദേശീയഗാനത്തിനിടെ ഇംഗ്ലീഷ് കാണികള്‍ ആക്രോശിച്ചിരുന്നു. സംഭവങ്ങള്‍ക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരേ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്റ്റേഡിയത്തിനകത്ത് ആരാധകര്‍ കരിമരുന്നു പ്രയോഗം നടത്തിയതിലും യുവേഫ അന്വേഷണം നടത്തിയിരുന്നു.

അന്വേഷണം പൂര്‍ത്തിയായതിനു പിന്നാലെയാണ് ടീമിന് പിഴ ചുമത്തിയത്.

 

Content Highlights: Euro 2020 England fined 30,000 euros for use of laser pointer