EURO 2020 die hard italian fan from Malappuramകോഴിക്കോട്: 2006 ലോകകപ്പ് ഫുട്‌ബോളില്‍ ഇറ്റലിക്കായി സ്ട്രൈക്കര്‍ ലൂക്ക ടോണി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം നവാസിനെ ആവേശിച്ചു. ഇഷ്ടടീമായ ഇറ്റലിയെയും ലൂക്ക ടോണിയെയും കുറിച്ച് സൗഹൃദസദസ്സുകളില്‍ വാതോരാതെ സംസാരിച്ചതോടെ നാട്ടുകാര്‍ അയാളുടെ പേരിനൊപ്പം ലൂക്കയെയും ചേര്‍ത്തുവിളിക്കാന്‍ തുടങ്ങി. അങ്ങനെ മലപ്പുറം കൊണ്ടോട്ടിക്കാരന്‍ കെ.വി. നവാസ് ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ നവാസ് ലൂക്കയായി.

കളിയില്‍നിന്ന് വിരമിച്ച് സ്വന്തമായി ഫുട്ബോള്‍ ക്ലബ്ബ് തുടങ്ങിയപ്പോള്‍ നവാസിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഇഷ്ടതാരത്തിന്റെ പേരുതന്നെ ക്ലബ്ബിനുമിട്ടു, ലൂക്ക എഫ്.സി. പിന്നെ മകന്‍ പിറന്നപ്പോളും നവാസ് ലൂക്കയെ വിട്ടില്ല. മകന് പേരിട്ടു, ഇസിന്‍ ലൂക്ക. അങ്ങനെ ഇറ്റലിയോടും ലൂക്കയോടുമുള്ള ഇഷ്ടം തുടരുന്നു.

യൂറോകപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ ഇറ്റലി സ്‌പെയിനിനെ നേരിടാനിറങ്ങുമ്പോള്‍ കൊണ്ടോട്ടിയിലെ കോട്ടവെള്ളാട്ട് വീട്ടില്‍ നെഞ്ചുരുക്കത്തോടെ മാത്രമേ നവാസിന് കളികാണാന്‍ കഴിയൂ. ഒരുപാട് ജയവും തോല്‍വിയും കണ്ടെങ്കിലും ഓരോ മത്സരവും നവാസിന് നെഞ്ചിടിപ്പാണ്. 2002 ലോകകപ്പിലാണ് നവാസ് ഇറ്റലിയുടെ ആരാധകനായത്. 2006 ലോകകപ്പില്‍ ഇറ്റലി ജയിച്ചതോടെ ആരാധന മൂത്തു. അന്ന് മുന്നേറ്റത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ ലൂക്ക ടോണിയോടുള്ള ഇഷ്ടം കൂടിയത്. ഇറ്റലിയും ലൂക്കയും നവാസിന്റെ പ്രിയപ്പെട്ടവരായി.

കളിക്കുന്ന കാലത്ത് പ്രതിരോധനിരക്കാരനായിരുന്നു നവാസ്. കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീമില്‍ കളിച്ചിട്ടുണ്ട്. പിന്നെ സെവന്‍സിലേക്ക് മാറി. കളിനിര്‍ത്തിയപ്പോള്‍ പരിശീലകനായി. 2017-ലാണ് ലൂക്ക അക്കാദമി ആരംഭിക്കുന്നത്. പിന്നീടത് ക്ലബ്ബാക്കിമാറ്റി. മലപ്പുറം ജില്ല ഡിവിഷനിലുള്ള ക്ലബ്ബ് രണ്ട് സീസണുകളിലായി കേരള പ്രീമിയര്‍ ലീഗിലും കളിക്കുന്നുണ്ട്. ചേക്കു-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷബീബ.

Content Highlights: EURO 2020 die hard italian fan from Malappuram