കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരേ ഫിന്‍ലന്‍ഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫിന്‍ലന്‍ഡ് ഡെന്‍മാര്‍ക്കിനെ മറികടന്നത്. 

മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മത്സരം റദ്ദാക്കിയതായി അറിയിപ്പ് വന്നെങ്കിലും ഇരു ടീമിലെയും താരങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മത്സരം പുനരാരംഭിക്കുകയായിരുന്നു.

60-ാം മിനിറ്റില്‍ ജോയല്‍ പൊയന്‍പാലോയാണ് ഫിന്‍ലന്‍ഡിന്റെ വിജയ ഗോള്‍ നേടിയത്. ജെര്‍ ഉറോനെന്‍ ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് ജോയല്‍ പൊയന്‍പാലോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. 

അതേസമയം മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ക്രിസ്റ്റ്യന്‍ എറിക്സണ്‍ അപകട നില തരണം ചെയ്തു. താരത്തെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറിക്സണ്‍ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു.

മത്സരം 40 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങള്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിലേറെ മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചു. തുടര്‍ന്ന് എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

പക്ഷേ മത്സരത്തില്‍ എറിക്‌സണെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത നല്‍കാന്‍ ഡെന്‍മാര്‍ക്ക് താരങ്ങള്‍ക്ക് സാധിച്ചില്ല. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് അവര്‍ക്ക് തിരിച്ചടിയായത്. 

ഫിന്‍ലന്‍ഡ് ഗോളി ലുക്കാസ് റാഡെസ്‌കിയുടെ മികവ് ഫിന്‍ലന്‍ഡിനെ തുണച്ചു. 73-ാം മിനിറ്റില്‍ പോള്‍സനെ ഫിന്‍ലന്‍ഡ് ഡിഫന്‍ഡര്‍ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി എമില്‍ ഹോജ്ബര്‍ഗ് നഷ്ടപ്പെടുത്തി. താരത്തിന്റെ കിക്ക് റാഡെസ്‌കി കൈപ്പിടിയിലൊതുക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Euro 2020 Denmark vs Finland Live updates