കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി ബെല്‍ജിയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബെല്‍ജിയം വിജയം പിടിച്ചത്.ജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ബെല്‍ജിയം അവസാന 16-ല്‍ ഇടംപിടിച്ചു.

ബെല്‍ജിയത്തിനെതിരേ ആദ്യ പകുതിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഡെന്‍മാര്‍ക്ക് പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു അവര്‍.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബെല്‍ജിയം താരം ജേസണ്‍ ഡെനയറിന്റെ പിഴവില്‍ നിന്ന് ഡെന്‍മാര്‍ക്ക് സ്‌കോര്‍ ചെയ്തു. ജേസണ്‍ ഡെനയറിന്റെ ലൂസ് പാസ് തട്ടിയെടുത്ത് എമില്‍ ഹോയ്ബര്‍ഗ് നല്‍കിയ പാസ് യൂസുഫ് പോള്‍സന്‍ വലയിലെത്തിക്കുകയായിരുന്നു. യൂറോ കപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഗോളായിരുന്നു ഇത്. 

ആദ്യ പകുതിയിലുടനീളം ഡെന്‍മാര്‍ക്ക് ബെല്‍ജിയം ഗോള്‍മുഖം ആക്രമിച്ചു. മികച്ച മുന്നേറ്റങ്ങള്‍ പലതും ഏറെ പണിപ്പെട്ടാണ് ബെല്‍ജിയം പ്രതിരോധിച്ചത്. അഞ്ചാം മിനിറ്റില്‍ തന്നെ ജോക്കിം മഹ്ലെയുടെ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കുര്‍ട്ടോ രക്ഷപ്പെടുത്തി.

ബ്രാത്ത്‌വെയ്റ്റും പോള്‍സനും ബെല്‍ജിയം പ്രതിരോധ നിരയ്ക്ക് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 35-ാം മിനിറ്റില്‍ ഡാംസ്ഗാര്‍ഡിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പോസ്റ്റിന് പുറത്തേക്ക് പോയി.

മത്സരത്തിന്റെ 10-ാം മിനിറ്റില്‍ കഴിഞ്ഞ മത്സരത്തില്‍ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണ് ബെല്‍ജിയം ടീമും സ്‌റ്റേഡിയം ഒന്നടങ്കവും ആദരവര്‍പ്പിച്ചു.

രണ്ടാം പകുതിയില്‍ കെവിന്‍ ഡിബ്രുയ്ന്‍ ഇറങ്ങിയതോടെ ബെല്‍ജിയം മത്സരത്തിലേക്ക് തിരികെയെത്തി. 55-ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. ടീം വര്‍ക്കിന്റെ ഫലമായിരുന്നു ഈ ഗോള്‍. ലുക്കാക്കുവിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ലുക്കാക്കുവില്‍ നിന്ന് പന്ത് ഡിബ്രുയ്‌നിലേക്ക്, ഡിഫന്‍ഡേഴ്‌സിനിടയിലൂടെ ഡിബ്രുയ്ന്‍ നല്‍കിയ പന്ത് തോര്‍ഗന്‍ ഹസാര്‍ഡ് വലയിലെത്തിച്ചു. 

പിന്നാലെ 70-ാം മിനിറ്റില്‍ ബെല്‍ജിയം ലീഡെടുത്തു. മികച്ച ടീം വര്‍ക്കിന്റെ ഫലമായിരുന്നു ബെല്‍ജിയത്തിന്റെ രണ്ടാം ഗോളും. തുടക്കം ലുക്കാക്കുവില്‍ നിന്ന്, തുടര്‍ന്ന് പന്ത് ലഭിച്ച ഏദന്‍ ഹസാര്‍ഡ് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ഡിബ്രുയ്‌ന് പന്ത് നീട്ടി. താരത്തിന്റെ ഇടംകാലനടി വലയില്‍. 

സമനില ഗോളിനായി ഡെന്‍മാര്‍ക്ക് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 87-ാം മിനിറ്റില്‍ ബ്രാത്ത്‌വെയ്റ്റിന്റെ ഹെഡര്‍ ബാറിലുരസി പുറത്ത്‌പോയി. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Euro 2020 Denmark vs Belgium UEFA Live Updates