യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരം 40 മിനിറ്റ് പിന്നിട്ട സമയം. അത്രയും നേരം ഡെന്‍മാര്‍ക്ക് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു 10-ാം നമ്പറുകാരന്‍ മൈതാനത്തിന്റെ വലത്തേയറ്റത്ത് സൈഡ് ലൈനിനടുത്ത് കുഴഞ്ഞു വീഴുന്നു. ആദ്യം ക്യാമറകള്‍ പോലും അദ്ദേഹത്തെ ഫോക്കസ് ചെയ്തിരുന്നില്ല. എന്നാല്‍ ഓടിയെത്തിയ ഡെന്‍മാര്‍ക്ക് താരങ്ങള്‍ അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ടതോടെയാണ് കാര്യം അത്ര പന്തിയല്ലെന്ന് എല്ലാവര്‍ക്കും മനസിലായത്. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ എന്ന ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡറായിരുന്നു മൈതാനത്ത് കുഴഞ്ഞുവീണത്.

ഡെന്‍മാര്‍ക്കിന്റെ മെഡിക്കല്‍ സംഘം താരത്തിന്റെ അടുത്തേക്ക് ഓടിയെത്തി വൈദ്യസഹായം ലഭ്യമാക്കിത്തുടങ്ങിയിരുന്നു. സഹതാരങ്ങള്‍ അദ്ദേഹത്തിനു ചുറ്റും ഒരു മതിലു പോലെ അണിനിരന്നു. എല്ലാവരും തന്നെ കൂപ്പുകൈകളുമായി എറിക്‌സന്റെ ജീവനു വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു. 

15 മിനിറ്റിനു ശേഷം മെഡിക്കല്‍ സംഘം താരത്തെ ആശുപത്രിയിലേക്ക് മാറ്റി. കായികപ്രേമികള്‍ ഒന്നാകെ പ്രാര്‍ഥനയിലാണ്. നിലവില്‍ അദ്ദേഹം അപകടനില തരണം ചെയ്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന്‍ താരമായ എറിക്‌സണ്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ റോളില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ്. 

അയാക്‌സിന്റെ സീനിയര്‍ ടീമില്‍ കരിയര്‍ ആരംഭിച്ച എറിക്‌സണ്‍ 2010 മുതല്‍ 2013 വരെ ഡച്ച് ക്ലബ്ബിന്റെ ഭാഗമായിരുന്നു. 2013-ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനമിലേക്ക് മാറിയ എറിക്‌സണ്‍ ആ വര്‍ഷം തന്നെ ക്ലബ്ബിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഴു വര്‍ഷം ടോട്ടനം കുപ്പായത്തില്‍ തിളങ്ങിയ എറിക്‌സണ്‍ 2020-ലാണ് ഇന്ററിലേക്ക് മാറുന്നത്. ഇത്തവണ ടീമിനൊപ്പം ഇറ്റാലിയന്‍ കിരീടവുമുയര്‍ത്തി.

2010 ലോകകപ്പില്‍ ഡെന്‍മാര്‍ക്കിനായി അരങ്ങേറിയ താരം ആ ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 

Content Highlights: EURO 2020 Denmark player Christian Eriksen collapses