വെംബ്ലി: യൂറോകപ്പ് ഫുട്ബോള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിന്റെ അവകാശി ആരാകുമെന്ന ചര്‍ച്ച സജീവമായി. അഞ്ചുവീതം ഗോളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കുമാണ് മുന്നിലുള്ളത്. എന്നാല്‍, ഇവരുടെ ടീമുകളായ പോര്‍ച്ചുഗലും ചെക്കും പുറത്തായിക്കഴിഞ്ഞു.

ഗോളില്‍ തുല്യനിലവന്നാല്‍ അസിസ്റ്റാകും പരിഗണിക്കുക. ക്രിസ്റ്റ്യാനോക്ക് ഒരു അസിസ്റ്റുണ്ട്. ഷിക്കിന് അസിസ്റ്റില്ല. ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കു, സ്വീഡന്റെ എമില്‍ ഫോര്‍സ്ബര്‍ഗ്, ഫ്രാന്‍സിന്റെ കരീം ബെന്‍സമ എന്നിവര്‍ നാലു ഗോള്‍ നേടി. എന്നാല്‍, ഇവരുടെ ടീമുകള്‍ പുറത്തായതിനാല്‍ ക്രിസ്റ്റ്യാനോക്ക് ഭീഷണിയില്ല.

മൂന്നു ഗോള്‍ നേടിയ ഇംഗ്ലീഷ് താരങ്ങളായ ഹാരി കെയ്നും റഹീം സ്റ്റെര്‍ലിങ്ങുമാണ് ഗോള്‍ഡന്‍ ബൂട്ടിനായി ശക്തമായി രംഗത്തുള്ളത്. സെമിയില്‍ ഇവര്‍ സ്‌കോര്‍ ചെയ്താല്‍ നിലവിലെ അവസ്ഥ മാറാം. ഡെന്‍മാര്‍ക്ക് താരം കാസ്പര്‍ ഡോള്‍ബര്‍ഗും മൂന്നുഗോളുമായി ഗോള്‍ഡന്‍ബൂട്ടിനുള്ള മത്സരത്തിലുണ്ട്.

Content Highlights: EURO 2020 Cristiano Ronaldo vs Patrik Schick Who will win Golden Boot