സെവിയ്യ: യൂറോകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഏദന്‍ ഹസാര്‍ഡിന്റെയും സംഘത്തിന്റെയും ജയം. 

42-ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചറിലാണ് ബെല്‍ജിയം വിജയം പിടിച്ചത്. ലുക്കാക്കുവും ഏദന്‍ ഹസാര്‍ഡും ഡിബ്രുയ്‌നും മുനിയറും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിന് പുറത്തു നിന്ന് പന്ത് ലഭിച്ച തോര്‍ഗന്‍ ഹസാര്‍ഡിന്റെ വലംകാലനടി റുയി പട്രീസിയോയെ നിസ്സഹായനാക്കി വലയിലെത്തുകയായിരുന്നു. 

മ്യൂണിക്കില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറ്റലിയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

മത്സരത്തിലുടനീളം 23 ഷോട്ടുകള്‍ ഗോളിലേക്ക് പായിച്ചെങ്കിലും ഒന്നുപോലും വലയിലെത്തിക്കാന്‍ പോർച്ചുഗലിനായില്ല. മത്സരത്തിലുടനീളം നിര്‍ഭാഗ്യവും അവരെ പിന്തുടര്‍ന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചത് പോര്‍ച്ചുഗലിനായിരുന്നു. 

ആറാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഡിയോഗോ ജോട്ട നഷ്ടപ്പെടുത്തിയതില്‍ തുടങ്ങി പോര്‍ച്ചുഗലിന്റെ നിര്‍ഭാഗ്യം. 25-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീ കിക്ക് ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്വായെ പരീക്ഷിച്ചെങ്കിലും റീബൗണ്ടില്‍ നിന്നുള്ള പാലിന്യയുടെ ഗോള്‍ശ്രമവും വിജയിച്ചില്ല. 58-ാം മിനിറ്റിലും ജോട്ടയ്ക്ക് അവസരം മുതലാക്കാനായില്ല. 

82-ാം മിനിറ്റില്‍ പോസ്റ്റിന് മുന്നില്‍ നിന്നുള്ള റൂബന്‍ ഡയസിന്റെ ഹെഡര്‍ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്വാ അവിശ്വസനീയമായി രക്ഷപ്പെടുത്തുകയും ചെയ്തു. 83-ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ ഏറ്റവും ദൗര്‍ഭാഗ്യകരമായ നിമിഷം. ഗുറെയ്‌റോയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.

ഇതിനിടെ 48-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയ്ന്‍ പരിക്കേറ്റ് പിന്മാറിയത് ബെല്‍ജിയത്തിനും തിരിച്ചടിയായി. താരത്തിന്റെ അഭാവം രണ്ടാം പകുതിയിലെ ബെല്‍ജിയത്തിന്റെ കളിയില്‍ പ്രകടമായിരുന്നു. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Euro 2020 Belgium vs Portugal Round of 16 clash Live Updates