ലണ്ടന്‍: ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡി യില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. സൂപ്പര്‍താരം റഹീം സ്റ്റെര്‍ലിങ്ങാണ് ഇംഗ്ലണ്ടിനായി വിജയഗോള്‍ നേടിയത്.

ഗ്രൂപ്പ് ഡിയില്‍ രണ്ട് വിജയങ്ങളും ഒരു സമനിലയുമടക്കം ഏഴുപോയന്റുകള്‍ നേടിയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായത്. ചെക്ക് റിപ്പബ്ലിക്കിനെതിരേ മികച്ച പ്രകടനമാണ് ഹാരി കെയ്‌നും സംഘവും പുറത്തെടുത്തത്. പ്രീ ക്വാര്‍ട്ടറില്‍ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരെയാണ് ഇംഗ്ലണ്ട് നേരിടുക.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും നാല് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. രണ്ടാം മിനിട്ടില്‍ തന്നെ ഇംഗ്ലണ്ട് മത്സരത്തില്‍ ലീഡെടുത്തെന്ന് തോന്നിച്ചു. ചെക്ക് ഗോള്‍കീപ്പര്‍ വാസ്ലിക്കിന്റെ തലയ്ക്ക് മുകളിലൂടെ ഇംഗ്ലണ്ട് മുന്നേറ്റതാരം റഹീം സ്റ്റെര്‍ലിങ് പന്ത് കോരിയിട്ടു. പക്ഷേ നിര്‍ഭാഗ്യവശാല്‍ പന്ത് ഗോള്‍പോസ്റ്റില്‍ തട്ടിത്തെറിച്ചു.

എന്നാല്‍ അല്‍പസമയത്തിനുശേഷം സ്റ്റെര്‍ലിങ് നഷ്ടപ്പെടുത്തിയ അവസരത്തിന് പകരം വീട്ടി. 12-ാം മിനിട്ടില്‍ മനോഹമായ ഗോള്‍ നേടി മത്സരത്തില്‍ ചെക്കിനെതിരേ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. മികച്ച ഒരു പാസിങ് ഗെയിമിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. സൂപ്പര്‍താരം ജാക്ക് ഗ്രീലിഷിന്റെ അളന്നുമുറിച്ച ക്രോസിന് തലവെച്ച് മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് സ്‌റ്റെര്‍ലിങ് ഇംഗ്ലണ്ടിനായി ലീഡ് സമ്മാനിച്ചത്. താരം ടൂര്‍ണമെന്റില്‍ നേടുന്ന രണ്ടാം ഗോളാണിത്.

ഗോള്‍ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് ഇംഗ്ലീഷ് താരങ്ങള്‍ കളിച്ചത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ ഇംഗ്ലണ്ട് തിളങ്ങിയതോടെ ചെക്ക് താരങ്ങള്‍ വിയര്‍ത്തു. ആദ്യ 25 മിനിട്ടില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ടീമിന് സാധിച്ചില്ല.

25ാം മിനിട്ടില്‍ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോള്‍കീപ്പര്‍ വാസ്ലിക് തട്ടിയകറ്റി. 27-ാം മിനിട്ടില്‍ ചെക്കിന്റെ ഹോള്‍സിന്റെ ലോങ്‌റേഞ്ചര്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്ക്‌ഫോര്‍ഡ് മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. 

34-ാം മിനിട്ടില്‍ ചെക്കിന്റെ സൗസെക്കിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പറന്നു. 36-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ ലൂക്ക് ഷായുടെ കിക്ക് വാസ്ലിക്ക് തട്ടിയകറ്റി. 42-ാം മിനിട്ടില്‍ ഹാരി കെയ്‌നിന്റെ ലോങ്‌റേഞ്ചറും വാസ്ലിക്ക് രക്ഷപ്പെടുത്തി. 

രണ്ടാം പകുതിയില്‍ സമനില ഗോള്‍ കണ്ടെത്തുന്നതിനായി ചെക്ക് റിപ്പബ്ലിക്ക് ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. പക്ഷേ മുന്നേറ്റനിരയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറവായിരുന്നു. ഇംഗ്ലണ്ടാകട്ടെ പ്രതിരോധത്തിനാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്.ഇതോടെ രണ്ടാം പകുതിയില്‍ കളിയുടെ വേഗം കുറഞ്ഞു. 

കാര്യമായ ഗോളവസരങ്ങള്‍ രണ്ടാം പകുതിയില്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. 86-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ ഹെന്‍ഡേഴ്‌സണ്‍ ചെക്ക് വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. വൈകാതെ മത്സരം അവസാനിച്ചു. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: England vs Czech Republic Euro 2020